Thursday, 04 Mar, 9.07 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ബിജെപിയുടെ പഞ്ചായത്തംഗത്തെ സിപിഎമ്മുകാര്‍ മര്‍ദിച്ചു; തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഒഴിപ്പിച്ച്‌ മര്‍ദനമേറ്റയാളുടെ ബന്ധു; ബ്രാഞ്ച് കമ്മറ്റി ഓഫീസ് സഹിതം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം; സംഭവം റാന്നി പെരുനാട്ടില്‍

പത്തനംതിട്ട: ബിജെപിയുടെ പഞ്ചായത്തംഗത്തെ സിപിഎമ്മുകാര്‍ മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് മര്‍ദനമേറ്റയാളുടെ ബന്ധു ഒഴിപ്പിച്ചു. സിപിഎമ്മുകാര്‍ സാധന സാമഗ്രികള്‍ നീക്കുന്നതിന് മുന്‍പ് തന്നെ ബിജെപിക്കാര്‍ എടുത്ത് പുറത്തു കളഞ്ഞ് ബിജെപി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ചു. പിന്നാലെ ബ്രാഞ്ച് കമ്മറ്റി ഓഫീസ് സഹിതം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചാരണവും. ശബരിമല ഉള്‍ക്കൊള്ളുന്ന പഞ്ചായത്തായ പെരുനാട്ടിലാണ് സംഭവം.

സിപിഎമ്മിന്റെ കക്കാട് ബ്രാഞ്ച് കമ്മറ്റി ഓഫീസാണ് ഒഴിഞ്ഞത്.

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത് ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗം അരുണ്‍ അനിരുദ്ധനാണ്. അരുണിന്റെ ബന്ധുവിന്റെ കെട്ടിടത്തിലാണ് സിപിഎം കക്കാട് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അരുണിന്റെ പിതൃസഹോദരന്‍ പരേതനായ പ്രസന്നന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വര്‍ഷങ്ങളായി ഓഫീസ് പ്രവര്‍ത്തിച്ചു വന്നത്. ഇവിടെ നിന്നായിരുന്നു കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിന് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

കഴിഞ്ഞ 28 ന് സിപിഎം നേതൃത്വത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധ യോഗം നടത്തിയതും ഇതേ സ്ഥലത്തു വച്ചായിരുന്നു. യോഗത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അരുണ്‍ അനിരുദ്ധന് മര്‍ദ്ദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനന്‍, മകന്‍ എന്നിവരടക്കം നിരവധി പേരെ പ്രതികളാക്കി പരാതി നല്‍കിയിരുന്നു. അരുണിന് മര്‍ദനമേറ്റതിന് പിന്നാലെയാണ് കെട്ടിട മുറി ഒഴിയണമെന്ന ആവശ്യംഉയര്‍ന്നത്. കെട്ടിടം ഉടമയുടെ ഭാര്യ വിദേശത്തു നിന്നും ബ്രാഞ്ച് സെക്രട്ടറി റെജിയെ ഫോണില്‍ വിളിച്ച്‌ ആവശ്യം അറിയിക്കുകയായിരുന്നു.

പാര്‍ട്ടി ഓഫീസ് തങ്ങളുടെ കെട്ടിടത്തില്‍ തുടര്‍ന്നാല്‍ ബന്ധുക്കള്‍ തമ്മില്‍ പിണങ്ങേണ്ടി വരുമെന്നും കെട്ടിടം ഒഴിയണം എന്നുമായിരുന്നു ഉടമയുടെ ആവശ്യം. സിപിഎമ്മുകാര്‍ പതിവു പോലെ എതിര്‍ക്കാനൊന്നും നിന്നില്ല. ഉടമയുടെ ആവശ്യം അംഗീകരിച്ച്‌ ഉടന്‍ തന്നെ കെട്ടിടത്തിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിച്ചു. അതിലുള്ള കൊടികളും കസേരകളും മറ്റും അടുത്ത ദിവസം മറ്റൊരു മുറി കണ്ടെത്തി മാറ്റിക്കൊള്ളാമെന്ന് പറഞ്ഞാണ് താക്കോല്‍ നേതാക്കള്‍ കൈമാറിയത്.

മുറിയുടെ താക്കോല്‍ നല്‍കിയതിനു പിന്നാലെ ചിലര്‍ അതിലുണ്ടായിരുന്ന സാധനങ്ങള്‍ മുറിക്കു പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനു ശേഷം ബിജെപിക്കാര്‍ മുറിക്കു മുമ്ബില്‍ അവരുടെബോര്‍ഡ് വച്ചു. യോഗം ചേരുകയും ചെയ്തു. തൊട്ടുപിന്നാലെ ഓഫീസ് സഹിതം കക്കാട് വാര്‍ഡില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി. ഇതിന് സമീപത്തായി മറ്റൊരു മുറി സിപിഎം ബ്രാഞ്ച് ഓഫീസിനായി കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top