ന്യൂഡല്‍ഹി: ഇന്ത്യയില്‍ സൗഹൃദമത്സരത്തിനായി പ്രമുഖ ഫുട്‌ബോള്‍ ശക്തികളായ ബ്രസീല്‍ എത്തുന്നതിനെതിരെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) നിലപാടുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ.
'പട്ടിണിക്കാരന്റെ വീട്ടിലെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യാന്‍ വിളിക്കുന്നത്' പോലെയാണ് ബ്രസീലിനെ എത്തിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതരുടെ നടപടിയെന്ന് ബൂട്ടിയ പരിഹസിച്ചു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രദര്‍ശന മത്സരം ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ വര്‍ഷങ്ങളായി നേരിടുന്ന അടിസ്ഥാനപരമായ ഘടനാപ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വലിയൊരു ടീമിനെ എത്തിച്ച് മത്സരം സംഘടിപ്പിക്കുന്നത് ഫെഡറേഷന്റെ വീഴ്ചകള്‍ മറച്ചുവെക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ മത്സരത്തിന്റെ സമയക്രമം ആശങ്കയുണ്ടാക്കുന്നതാണെന്നും, ആസിയാന്‍ കപ്പ് ടൂര്‍ണമെന്റ് നടക്കുന്ന അതേസമയത്ത് ബ്രസീലിനെതിരായ പ്രദര്‍ശന മത്സരത്തിന് പ്രാധാന്യം നല്‍കുന്നത് ദേശീയ ടീമിന്റെ യഥാര്‍ത്ഥ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-ഭരണ പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐ.എസ്.എല്ലില്‍ ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ജംഷഡ്പൂര്‍ എഫ്.സി. അടച്ചുപൂട്ടുകയാണെന്ന പ്രഖ്യാപനം രാജ്യത്തെ ഫുട്‌ബോള്‍ മേഖലയുടെ തകര്‍ച്ചയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
സീനിയര്‍ ടീം മാത്രമല്ല, അണ്ടര്‍-17 വിഭാഗം പോലും ഏഷ്യന്‍ ടൂര്‍ണമെന്റുകളില്‍ യോഗ്യത നേടാനാകാതെ പ്രയാസപ്പെടുകയാണ്. ദേശീയ ലീഗ് അനിശ്ചിതത്വത്തിലാവുകയും ജൂനിയര്‍ തലത്തിലെ പദ്ധതികള്‍ അവതാളത്തിലാവുകയും ചെയ്തിട്ടും ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ വികസനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ലെന്ന് ബൂട്ടിയ കൂട്ടിച്ചേര്‍ത്തു.

