ഗുവാഹത്തി: കനത്ത മഴ വെല്ലുവിളി ഉയർത്തിയ ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയല്‍സിന് വെടിക്കെട്ട് തുടക്കം.
മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പവർപ്ലേ ഓവറുകള്‍ 3.2 ആയി നിശ്ചയിച്ച മത്സരത്തില്‍ രാജസ്ഥാൻ ഓപ്പണർമാർ ആഞ്ഞടിച്ചതോടെ സ്കോർ അതിവേഗം കുതിച്ചു.
മത്സരത്തിലെ പ്രധാന ആകർഷണമായിരുന്ന 15-കാരൻ വൈഭവ് സൂര്യവൻഷിയും പേസ് കരുത്ത് ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടത്തില്‍ കൗമാരതാരം മേധാവിത്വം നേടി. ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സർ പറത്തിയ വൈഭവ്, ആ ഓവറില്‍ മറ്റൊന്നു കൂടി നേടി ആരാധകരെ ആവേശത്തിലാക്കി. 14 പന്തില്‍ അഞ്ച് സിക്സും ഒരു ഫോറും സഹിതം 39 റണ്‍സെടുത്ത ശേഷമാണ് വൈഭവ് മടങ്ങിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാൻ 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്തിട്ടുണ്ട്. യശസ്വി ജയ്‌സ്വാളും (45), ക്യാപ്റ്റൻ റിയാൻ പരാഗും (1) ആണ് ക്രീസില്‍. 2 റണ്‍സെടുത്ത ധ്രുവ് ജുറെലാണ് പുറത്തായ മറ്റൊരു താരം.
പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഹാർദിക് പാണ്ഡ്യ മുംബൈ നിരയിലേക്ക് തിരിച്ചെത്തി. ഹാർദിക്കിനൊപ്പം ട്രെന്റ് ബോള്‍ട്ടും ടീമിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാനാണ് മുംബൈ ശ്രമിക്കുന്നത്. മറുവശത്ത്, മാറ്റങ്ങളില്ലാതെയാണ് രാജസ്ഥാൻ കളത്തിലിറങ്ങിയത്. ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങളും ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് പറഞ്ഞു.
ടീം അംഗങ്ങള്‍:
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, റയാൻ റിക്കല്‍ടണ്‍, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധിർ, ഷാർദുല്‍ താക്കൂർ, ദീപക് ചാഹർ, ഗസൻഫർ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാൻ റോയല്‍സ്: വൈഭവ് സൂര്യവൻഷി, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിംറോണ്‍ ഹെറ്റ്മെയർ, ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.

