Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡാമില്‍ വെള്ളമുണ്ടെങ്കിലും ഒരുതുള്ളി പോലും തരുന്നില്ല! കാവേരി അതോറിറ്റിയുടെ ഉത്തരവ് തള്ളി; ബിലിഗുണ്ട്ലുവിലേക്ക് വെള്ളം തുറന്നുവിട്ടില്ല; കണക്കുകള്‍ നിരത്തി കര്‍ണാടക സര്‍ക്കാരിന് എതിരെ സുപ്രീംകോടതിയില്‍ തമിഴ്‌നാട്; വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ഡാമില്‍ വെള്ളമുണ്ടെങ്കിലും ഒരുതുള്ളി പോലും തരുന്നില്ല! കാവേരി അതോറിറ്റിയുടെ ഉത്തരവ് തള്ളി; ബിലിഗുണ്ട്ലുവിലേക്ക് വെള്ളം തുറന്നുവിട്ടില്ല; കണക്കുകള്‍ നിരത്തി കര്‍ണാടക സര്‍ക്കാരിന് എതിരെ സുപ്രീംകോടതിയില്‍ തമിഴ്‌നാട്; വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ന്യൂഡല്‍ഹി: കാവേരി നദീജലം വിട്ടുനല്‍കാത്തതുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും (CWMA), കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയുടെയും (CWRC) നിര്‍ദ്ദേശങ്ങള്‍ അയല്‍സംസ്ഥാനമായ കര്‍ണാടക ലംഘിച്ചുവെന്ന് ആരോപിച്ചാണ് നിയമപോരാട്ടം.

കാവേരി അതോറിറ്റികളുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും കര്‍ണാടക അര്‍ഹമായ അളവില്‍ വെള്ളം തുറന്നുവിട്ടില്ല. തുടര്‍ന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അതോറിറ്റിയുടെ ഉത്തരവ് അവഗണിച്ച്‌ കര്‍ണാടക

കഴിഞ്ഞ ജൂലൈ 28-ന് ചേര്‍ന്ന 139-ാമത് യോഗത്തിലാണ് കാവേരി തടത്തിലെ ജലലഭ്യതയും കാലാവസ്ഥയും വിലയിരുത്തി സി.ഡബ്ല്യു.ആര്‍.സി നിര്‍ണായക ഉത്തരവിറക്കിയത്. കൃഷ്ണരാജ സാഗര്‍ (KRS), കബിനി റിസര്‍വോയറുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ട് ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 12 വരെയുള്ള 15 ദിവസത്തേക്ക് ബിലിഗുണ്ട്‌ലുവില്‍ പ്രതിസെക്കന്‍ഡില്‍ 3,500 ക്യൂസെക്‌സ് വീതം വെള്ളം ഉറപ്പാക്കാനായിരുന്നു നിര്‍ദ്ദേശം.

തുടര്‍ന്ന് ജൂലൈ 30-ന് ചേര്‍ന്ന സി.ഡബ്ല്യു.എം.എയുടെ 54-ാമത് അടിയന്തര യോഗവും ഈ ഉത്തരവ് ശരിവെച്ചു. എന്നാല്‍, ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളില്‍ ബിലിഗുണ്ട്‌ലുവില്‍ എത്തിയത് വെറും 158 മുതല്‍ 550 ക്യൂസെക്‌സ് വരെ വെള്ളം മാത്രമാണ്. നിര്‍ദ്ദേശിച്ച 3,500 ക്യൂസെക്‌സിന്റെ ചെറിയൊരംശം മാത്രമാണിത്.

'കര്‍ണാടകയില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്ന് തമിഴ്‌നാട്

ആവശ്യത്തിന് വെള്ളമില്ലാത്തതുകൊണ്ടാണ് വിട്ടുനല്‍കാത്തതെന്ന വാദം തമിഴ്നാട് തള്ളി. കര്‍ണാടകയിലെ ഡാമുകളില്‍ തമിഴ്നാടിന് നല്‍കാന്‍ ആവശ്യത്തിന് വെള്ളമുണ്ടെന്ന് കണക്കുകള്‍ നിരത്തി തമിഴ്നാട് വ്യക്തമാക്കുന്നു.

കൃഷ്ണരാജ സാഗര്‍: 23.078 ടി.എം.സി (TMC)

കബിനി: 18.610 ടി.എം.സി

ഹരംഗി: 7.827 ടി.എം.സി

ഹേമാവതി: 28.022 ടി.എം.സി

നാല് റിസര്‍വോയറുകളിലുമായി ആകെ 77.537 ടി.എം.സി വെള്ളമുണ്ട്. ഇതില്‍ 67.517 ടി.എം.സി വെള്ളവും ഉപയോഗയോഗ്യമാണ്. കൂടാതെ, കെ.ആര്‍.എസ്, കബിനി ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത കനത്ത മഴ കാരണം ഡാമുകളിലേക്കുള്ള ഒഴുക്ക് ഗണ്യമായി വര്‍ദ്ധിച്ചിട്ടുമുണ്ട്. അതിനാല്‍ തമിഴ്നാടിന് അര്‍ഹമായ വിഹിതം തരാന്‍ കര്‍ണാടകയ്ക്ക് യാതൊരു പ്രായോഗിക തടസ്സവുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

അര്‍ഹമായത് 26 ടി.എം.സി; നല്‍കിയത് ചെറിയൊരംശം മാത്രം

ആനുപാതിക പങ്കുവെക്കല്‍ സൂത്രവാക്യം പ്രകാരം നിലവിലെ സാഹചര്യത്തില്‍ തമിഴ്നാടിന് ബിലിഗുണ്ട്‌ലുവില്‍ 26.954 ടി.എം.സി വെള്ളത്തിന് അവകാശമുണ്ട്. എന്നാല്‍ സി.ഡബ്ല്യു.എം.എ താത്കാലികമായി നിര്‍ദ്ദേശിച്ച 4.536 ടി.എം.സി വെള്ളം പോലും തരാന്‍ കര്‍ണാടക തയ്യാറായില്ല. ഇതോടെയാണ് മുതിര്‍ന്ന നിയമോപദേശകരുമായി ചര്‍ച്ച നടത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടത്.

അതോറിറ്റികളുടെ ഉത്തരവുകള്‍ കര്‍ണാടക പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, നിശ്ചിത സമയപരിധിക്കുള്ളില്‍ തമിഴ്നാടിന് അര്‍ഹമായ കാവേരി ജലവിഹിതം ലഭ്യമാക്കാന്‍ ഇടപെടണമെന്നുമാണ് തമിഴ്നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali