Tuesday, 22 Jun, 7.52 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ടെലിവിഷന്‍ പരമ്ബര ഇന്‍ഡോര്‍ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്ന് വാക്‌സിന്‍ നല്‍കും; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നിന് ക്ലാസുകള്‍ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകള്‍ക്ക് പ്രവര്‍ത്തന അനുമതി; തമിഴ്‌നാട് അതിര്‍ത്തിയില്‍ മദ്യക്കടകള്‍ അടച്ചിടും; ഡെല്‍റ്റ വൈറസ് മൂന്നാം തരംഗത്തിന് കാരണം ആയേക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സി, ഡി കാറ്റഗറികളില്‍ പെടുന്ന ആരാധനാലയങ്ങള്‍ തുറക്കില്ല. 15 കൂടുതല്‍ പേരെ ആരാധനാലയങ്ങളില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകളെ പരമാവധി കുറച്ച്‌ കര്‍ശന നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്ബര ചിത്രീകരണത്തിനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്‍ഡോര്‍ ചിത്രീകരണത്തിനാണ് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതും ആലോചിക്കും. വാക്സിന്‍ രണ്ട് ഡോസ് എടുത്തവരെയാണ് അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണ്. 18-23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച്‌ വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസ്സ് തുടങ്ങും. അവര്‍ക്കെല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ അദ്ധ്യാപകരുടെ വാക്സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്സിന്‍ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,617 ആണ്. ആകെ 1,17,720 പരിശോധന നടന്നതിലാണ് ഇത്. മരണം 141. ഇപ്പോള്‍ 1,00,437 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. ഏറ്റവും ഉയര്‍ന്ന നിരക്ക് തൃശൂര്‍ ജില്ലയിലാണ്. 12.6 ശതമാനമാണ് അവിടത്തെ ടിപിആര്‍. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരിനു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയാണ്. ബാക്കി 7 ജില്ലകളിലും 10 മുതല്‍ 12.6 ശതമാനം വരെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്നത്. വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആ കുറവിന്റെ വേഗം പ്രതീക്ഷിച്ച നിലയിലല്ല.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നത് 605 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ്. 339 ഇടത്ത് മെച്ചപ്പെടുകയും 91 ഇടത്ത് മോശമാവുകയും ചെയ്തു.

ആശ്വസിക്കാവുന്ന സ്ഥിതിവിശേഷം എത്തണമെങ്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5ന് താഴെ എത്തിക്കാന്‍ സാധിക്കണം. കര്‍ശനമായ ജാഗ്രത തുടര്‍ന്നേ പറ്റൂ. ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അക്കാര്യത്തില്‍ ആവശ്യമാണ്. മാസ്‌കുകള്‍ ധരിക്കുന്നതും ശരീര ദൂരം പാലിക്കുന്നതുമൊക്കെ
ഇനിയും കൃത്യമായി പാലിക്കണം. അത്തരത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ചു മുന്നോട്ടു പോയാല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സാധിക്കും. വീണ്ടും ലോക്ഡൗണ്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും കഴിയും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടു കൂടി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്തു വരുന്നുണ്ട്. രോഗപ്രതിരോധത്തിനാവശ്യമായ ശക്തമായ നടപടികള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ തുടരുന്നുണ്ട്.

വാക്‌സിന്‍ വിതരണത്തിനാവശ്യമായ നടപടികള്‍ കൂടുതല്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോവാക്‌സിന്‍ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവര്‍ക്ക് അതു നല്‍കാന്‍ കഴിയും. കുട്ടികളുടെ വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കകം ലഭ്യമായിത്തുടങ്ങും എന്നാണ് വാര്‍ത്തകള്‍ ഉള്ളത്. ലഭ്യമാകുന്ന മുറക്ക് കാലതാമസമില്ലാതെ നമ്മള്‍ അതും വിതരണം ചെയ്യും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വാക്‌സിനേഷന്‍ ലഭ്യമായതിനാലാണ് അവരുടെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ വാക്‌സിന്‍ നല്‍കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതല്‍ 23 വരെയുള്ള വിഭാഗത്തിന് പ്രത്യേക കാറ്റഗറിയാക്കി വാക്‌സിനേഷന്‍ നല്‍കും. അവര്‍ക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നല്‍കിയാല്‍ നല്ല അന്തരീക്ഷത്തില്‍ കോളേജുകള്‍ തുറക്കാനാവും. സ്‌കൂള്‍ അദ്ധ്യാപകരുടെ വാക്‌സിനേഷനും മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും.

ഇന്നത്തെ സാഹചര്യത്തില്‍ മൂന്നാമത്തെ കോവിഡ് തരംഗത്തിന്റെ രണ്ടു സാധ്യതകളാണുള്ളത്. രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുറയുന്നതിനു മുന്‍പ് തന്നെ അടുത്ത തരംഗമുണ്ടായേക്കാം എന്നതാണ് ആദ്യസാധ്യത. സാമൂഹികമായ ഇടപെടലുകള്‍ കൂടിയാല്‍ വീണ്ടും രോഗവ്യാപനമുയരുകയും അതുവഴി അടുത്ത തരംഗം ഉണ്ടാവുകയും ചെയ്യാം. നിലവിലെ രോഗവ്യാപനം പരമാവധി പിന്‍വാങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ്
രണ്ടാമത്തെ സാധ്യത.

ഇതിലേതെങ്കിലുമൊരു രീതിയില്‍ മൂന്നാമത്തെ തരംഗം സംഭവിക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അതെപ്പോഴാണ് ഉണ്ടാവുക എന്നതിലും എത്ര തിവ്രമായിരിക്കും എന്നതിലുമാണ് വ്യത്യസ്ത നിഗമനങ്ങളുള്ളത്. രണ്ടാം തരംഗത്തോടൊപ്പം മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് കൂടുതല്‍ വിഷമകരമായ സാഹചര്യം സൃഷ്ടിക്കും. ആശുപ്രത്രികളിലും മറ്റു ആരോഗ്യസംവിധാനങ്ങളിലും നിലവില്‍ നിരവധി രോഗികള്‍ ചികിത്സയിലുണ്ട്. പെട്ടെന്നു തന്നെ അടുത്ത തരംഗം ഉണ്ടായാല്‍ ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അത് മറികടന്നേക്കാം.

അതുകൊണ്ട്, ആ സാധ്യതയെ പരിപൂര്‍ണ്ണമായി അടച്ചു കൊണ്ട് മൂന്നാമത്തെ തരംഗം ഉണ്ടാകുന്നത് ദീര്‍ഘിപ്പിക്കുക എന്ന ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുക്കണം. ഉടനടി വീണ്ടുമൊരു ലോക്ക്ഡൗണിലേയ്ക്ക് പോവുക എന്നതും ഏവര്‍ക്കും ദുഷ്‌കരവുമായിരിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ടും രോഗം പകരാതിരിക്കാനുള്ള ശ്രദ്ധ എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി എല്ലാവരും പാലിക്കണം.

കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതോ, രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയുന്നതോ, അല്ലെങ്കില്‍ ഈ രണ്ടുമുള്ളതോ ആയ വിധത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസുകള്‍ ഉണ്ടാകുമ്ബോളാണ് പുതിയൊരു തരംഗം ഉണ്ടാകുന്നത്. ഇതുപോലുള്ള വൈറസുകള്‍ ഉണ്ടാകുമ്ബോള്‍ ജാഗ്രത കൈമോശം വരിക കൂടി ചെയ്താല്‍ തരംഗത്തിന്റെതീവ്രത അതിശക്തമാകും.

ഓഗസ്റ്റ് മാസത്തില്‍ഓണം വരികയാണ്. കഴിഞ്ഞ വര്‍ഷവും ഓണത്തിനു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യമുണ്ടായി. ഇത്തരം ഘട്ടങ്ങള്‍ രോഗവ്യാപനം വര്‍ദ്ധിക്കാനുള്ള അവസരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് വൈറസിലുണ്ടായ ഒരു പുതിയ ആല്‍ഫാ വകഭേദം പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോവിഡിനു കാരണമായ വൈറസ് നിരന്തരമായ ജനിതകവ്യതിയാനങ്ങള്‍ക്ക് വിധേയമാവുകയാണ്. ഇതിനകം 40,000 ത്തിനു അടുത്ത് വകഭേദങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. അതില്‍ പ്രസക്തമായ വകഭേദങ്ങള്‍ ഏതാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യാപന നിരക്ക്, തീവ്രത, രോഗപ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകള്‍ക്ക് വിധേയമാക്കും.

ഇപ്പോള്‍ ഉണ്ടായത് ഡെല്‍റ്റാ വൈറസില്‍ സംഭവിച്ച നേരിയ മാറ്റത്തിന്റെ ഭാഗമായ വകഭേദമാണ്. അതു വൈറസുണ്ടാക്കുന്ന രോഗബാധയുടെതീവ്രതയെ വര്‍ദ്ധിപ്പിക്കും എന്ന് ഭയപ്പെടേണ്ടതില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് നിലവില്‍ മൂന്നു രോഗികളില്‍
മാത്രമാണിത് കണ്ടിട്ടുള്ളത്. അവരില്‍ ഉണ്ടായ രോഗബാധ പഠന വിധേയമാക്കിയപ്പോള്‍ മൂന്നാമത്തെ തരംഗത്തിനുള്ള കാരണമായി ഈ ആല്‍ഫാ വകഭേദം മാറില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നിരന്തരമായ ജനിതക സീക്വന്‍സിങ് നടത്തി ജനിതകവ്യതിയാനങ്ങളെ കണ്ടെത്താനും പഠിക്കാനും ഉള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയും കോഴിക്കോട് മെഡിക്കല്‍ കോളേജും ആ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അതിനു പുറമേ, രാജ്യത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനം ഈ പഠനങ്ങള്‍ നടത്തുന്നുണ്ട്.

തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 277 പ്രദേശങ്ങളുണ്ട്. ടിപിആര്‍ എട്ടിനും പതിനാറിനുമിടയിലുള്ള ബി വിഭാഗത്തില്‍ 575 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ ടിപിആര്‍ ഉള്ള 171 പ്രദേശങ്ങള്‍. അവ സി വിഭാഗത്തിലാണ്. പതിനൊന്നിടത്ത് ടിപിആര്‍ ഇരുപത്തിനാലു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം)ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും ജൂണ്‍ ഇരുപത്തിനാല് വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.

ഇപ്പോള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.

കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യില്‍ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നത് പരമപ്രധാനമാണ്. മീറ്റിങ്ങുകള്‍ പരമാവധി ഓണ്‍ലൈനാക്കുകതന്നെ വേണം.

തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുള്‍കള്‍ അടച്ചിടും. അവിടെ ലോക്ക് ഡൗണായതിനാലാണിത്. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് വേണ്ടിവരും. എന്നാല്‍ അവിടെ ലോക്ക് ഡൗണുള്ളതിനാല്‍ എല്ലാദിവസവും പോയിവരാന്‍ അനുവദിക്കില്ല.

ഇന്ത്യയില്‍ നിന്നും യു.എ.ഇ-യിലേക്ക് പോകുന്ന യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്ബെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അഥോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്‌.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് 19 മോളിക്യുലര്‍ ടെസ്റ്റിങ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതില്‍ സത്വര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചില്‍ അധികാരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്.കോവിഡ് രോഗികള്‍ക്ക് മാനസിക പിന്‍തുണ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.പൊതുജനങ്ങളുമായുള്ള സമ്ബര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച്‌ കര്‍ശന നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്ബര ചിത്രീകരണത്തിന് അനുമതി നല്‍കുന്നതും ആലോചിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ചിത്രീകരണമാണനുവദിക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിനല്‍കുന്ന കാര്യം ആലോചിക്കും. വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

പുതുതായി 3 ബ്‌ളാക് ഫംഗസ് അഥവാ മ്യൂകര്‍ മൈകോസിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 79 കേസുകളാണ്. അതില്‍ 55 പേര്‍ ഇപ്പോളും ചികിത്സയിലാണ്. 9 പേര്‍ രോഗവിമുക്തരാവുകയും 15 പേര്‍ മരണപ്പെടുകയും ചെയ്തു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top