Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എക്സൈസ് കമ്മീഷണറുടെ മിന്നല്‍ റെയ്ഡില്‍ കണ്ടെത്തിയത് 'വേലി തന്നെ വിളവ് തിന്നുന്ന' കാഴ്ച്ച; ഡെപ്യൂട്ടി കമ്മീഷണര്‍ ബാറുകളില്‍ നിന്ന് വ്യാപകമായി പടി പറ്റി; ഇടനിലക്കാരനായത് ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ; സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറി പിടിച്ചെടുത്തു; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു

എക്സൈസ് കമ്മീഷണറുടെ മിന്നല്‍ റെയ്ഡില്‍ കണ്ടെത്തിയത് 'വേലി തന്നെ വിളവ് തിന്നുന്ന' കാഴ്ച്ച; ഡെപ്യൂട്ടി കമ്മീഷണര്‍ ബാറുകളില്‍ നിന്ന് വ്യാപകമായി പടി പറ്റി; ഇടനിലക്കാരനായത് ചങ്ങനാശ്ശേരിയിലെ ഒരു ബാറുടമ; സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും മാസപ്പടി വിവരങ്ങളടങ്ങിയ ഡയറി പിടിച്ചെടുത്തു; എത്ര ഉന്നതനായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം ലിജു

കോട്ടയം: എക്സൈസ് വകുപ്പിനെത്തന്നെ നാണംകെടുത്തുന്ന തരത്തില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ബാറുകളില്‍ നിന്ന് വ്യാപകമായി മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലോടെ എക്സൈസ് വകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു.

എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ മിന്നല്‍ റെയ്ഡിലാണ് 'വേലി തന്നെ വിളവ് തിന്നുന്ന' ഗുരുതരമായ ക്രമക്കേടുകളും അഴിമതി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും കൈയോടെ പിടികൂടിയത്.

കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അശോക് കുമാര്‍ ബാര്‍ ഉടമകളില്‍ നിന്ന് ഏജന്റുമാര്‍ മുഖേനയും നേരിട്ടും കോടികളുടെ കൈക്കൂലി കൈപ്പറ്റുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു കമ്മീഷണറുടെ അപ്രതീക്ഷിത റെയ്ഡ്. മാസപ്പടി പിരിവുമായി ബന്ധപ്പെട്ട് കൃത്യമായ ഡിജിറ്റല്‍ തെളിവുകളും പണമിടപാടുകളുടെ വിശദാംശങ്ങളടങ്ങിയ ഡയറിയും പിടിച്ചെടുത്തതോടെ ഉദ്യോഗസ്ഥനെതിരെ ഉടനടി സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ പൂര്‍ത്തിയാകും.

സംഭവത്തില്‍ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജുവും രംഗത്തെത്തി. അഴിമതിക്കാരരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ഉദ്യോഗസ്ഥന്‍ എത്ര ഉയര്‍ന്ന തസ്തികയില്‍ ഉള്ള ആളായാലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അഴിമതിയോട് പൂജ്യ സഹിഷ്ണുത പുലര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നയം. തെറ്റ് ചെയ്യുന്നവര്‍ ആരായാലും കടുത്ത നടപടി നേരിടേണ്ടി വരും; എന്നാല്‍ സര്‍വീസിലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു എക്സൈസ് വിജിലന്‍സ് എസ്.പി കൃഷ്ണകുമാര്‍ ഐ.പി.എസിനൊപ്പം വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി അപ്രതീക്ഷിതമായി കോട്ടയം ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അശോക് കുമാറിന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസം തികച്ചും രഹസ്യമായി നടത്തിയ അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമായിരുന്നു എക്സൈസ് കമ്മീഷണറുടെയും വിജിലന്‍സ് സംഘത്തിന്റെയും ഈ നിര്‍ണായകമായ നീക്കം.

റെയ്ഡില്‍ ഡെപ്യൂട്ടി കമ്മീഷണറുടെയും, സംഭവത്തില്‍ പങ്കുള്ള കോട്ടയം ജില്ലയിലെ ഒരു റേഞ്ച് ഇന്‍സ്പെക്ടറുടെയും മൊബൈല്‍ ഫോണുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് തന്നെ ബാര്‍ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിവരങ്ങളും തെളിവുകളും ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. ചങ്ങനാശ്ശേരിയിലെ ഒരു പ്രമുഖ ബാറുടമയെ ഇടനിലക്കാരനാക്കിയാണ് മറ്റു ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പതിവായി പണം ശേഖരിച്ചിരുന്നതെന്ന് എക്സൈസ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബാറുടമ മറ്റ് ബാറുകളില്‍ നിന്ന് മാസപ്പടി പിരിച്ചെടുത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നേരിട്ടും ഏജന്റുമാര്‍ വഴിയും കൈമാറുകയായിരുന്നു പതിവ്.

വിവിധ ബാറുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരും ഇടനിലക്കാരായ ഏജന്റുമാരും പണപ്പിരിവിനായി പതിവായി സന്ദര്‍ശനം നടത്തുന്നതിന്റെ കൃത്യമായ സി.സി.ടി.വി ദൃശ്യങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമെ പണം നല്‍കിയതിന്റെ തീയതികളും തുകയും രേഖപ്പെടുത്തിയ പ്രധാനപ്പെട്ട ഡയറിയും മറ്റ് ഡിജിറ്റല്‍ രേഖകളും മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

പണപ്പിരിവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ നിരവധി ബാറുടമകള്‍ എക്സൈസ് കമ്മീഷണര്‍ക്ക് നേരിട്ട് നിര്‍ണ്ണായക മൊഴികള്‍ നല്‍കിയിട്ടുണ്ട്. കോട്ടയത്തെ ബാറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാലങ്ങളായി വലിയ പരാതികളും ക്രമക്കേടുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും, ഇവയ്ക്കെല്ലാം ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഒത്താശ ചെയ്യുകയായിരുന്നുവെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശരിവെയ്ക്കപ്പെട്ടിരിക്കുന്നത്.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെയും റേഞ്ച് ഇന്‍സ്പെക്ടറെയും അടിയന്തരമായി തിരുവനന്തപുരത്തെ എക്സൈസ് കമ്മീഷണറേറ്റിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് തിരുവനന്തപുരത്ത് ഹാജരായ ഇരുവരെയും കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും പ്രാഥമികമായി മൊഴിയെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ നിന്ന് ഇരുവരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഔദ്യോഗിക ദുരുപയോഗവും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

അഴിമതി വ്യക്തമായ സാഹചര്യത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അശോക് കുമാറിനെതിരെയും റേഞ്ച് ഇന്‍സ്പെക്ടര്‍ക്കെതിരെയും അടിയന്തര സസ്പെന്‍ഷന്‍ നടപടികള്‍ കൈക്കൊള്ളും. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ കടുത്ത വകുപ്പുതല അന്വേഷണത്തിനും വിജിലന്‍സ് കേസിലേക്കും നടപടികള്‍ നീളും. ഇവരുടെ പൂര്‍വ്വകാല സര്‍വീസ് ഹിസ്റ്ററിയും മുന്‍പ് ജോലി ചെയ്ത സ്ഥലങ്ങളിലെ സാമ്പത്തിക ഇടപാടുകളും സമഗ്രമായി പരിശോധിക്കാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali