Friday, 24 Sep, 11.32 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
എല്ലാവരും തത്സമയം കണ്ട ഗുണ്ടായിസം വ്യാജമാണെന്ന് അവകാശപ്പെടണമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാത്ത തൊലിക്കട്ടി ഉണ്ടായിരിക്കണം; നിയമസഭാ അക്രമ ദൃശ്യങ്ങള്‍ വ്യാജമെന്ന വാദത്തിനെതിരെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; വിനു വി ജോണിന്റെ നെഗളിപ്പ് ചര്‍ച്ചയാക്കുന്നവര്‍ വ്യവസായ പ്രമുഖനെ നാട് കടത്തുമോ?

തിരുവനന്തപുരം: 2015ലെ ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ സ്പീക്കറുടെ കസേര മറിച്ചിടുന്നതും കമ്ബ്യൂട്ടര്‍ തകര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വ്യാജമാണെന്ന പ്രതികളായ ഇടത് നേതാക്കളുടെ വാദത്തെ പരിഹസിച്ച്‌ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. എല്ലാവരും തത്സമയം കണ്ട ഗുണ്ടായിസം വ്യാജമാണെന്ന് അവകാശപ്പെടണമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാത്ത കട്ടിയുള്ള ചര്‍മ്മമുണ്ടായിരിക്കണം എന്നാണ് ഇന്നത്തെ മനോരമ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ചിറ്റിലപ്പിള്ളി ഫേസ്‌ബുക്കില്‍ കുറിച്ചത്.

വാച്ച്‌ ആന്‍ഡ് വാര്‍ഡായെത്തിയ പൊലീസുകാരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ളവര്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ വാദിച്ചത്. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഈ വാദം. എന്നാല്‍, പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും വിടുതല്‍ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. നിയമസഭയിലെ ഹാര്‍ഡ് ഡിസ്‌ക്കില്‍ ടൈമര്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും തിരിമറി നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെളിവായി ഹാജരാക്കിയ ഡിവിഡികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമസഭാ സെക്രട്ടറിയില്‍നിന്നു സാക്ഷ്യപ്പെടുത്തി വാങ്ങിയില്ലെന്ന പേരിലാണ് ദൃശ്യങ്ങള്‍ വ്യാജമെന്ന വാദം പ്രതികള്‍ ഉന്നയിച്ചത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സ്പീക്കറുടെ കസേരയും കംപ്യൂട്ടറും നശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

നിയമസഭയില്‍ ശിവന്‍കുട്ടിയും സംഘവും കമ്ബ്യൂട്ടറുകള്‍ നശിപ്പിക്കുന്ന ചിത്രം അടക്കം നല്‍കികൊണ്ടാണ്, പ്രചരിച്ചത് വ്യാജ ദൃശ്യങ്ങളാണെന്ന വാദത്തിന്റെ വാര്‍ത്ത മനോരമ ദിനപത്രം ഇന്ന് മുന്‍പേജില്‍ നല്‍കിയത്. അതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് 'You need real thick skin to claim that the hooliganism everyone saw live was fake' എന്ന് ചിറ്റിലപ്പിള്ളി പ്രതികരിച്ചത്. മുമ്ബും രാഷ്ട്രീയപാര്‍ട്ടികളുടെ പല നിലപാടുകള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി.

ബാര്‍കോഴ കേസിനെ തുടര്‍ന്ന് 2015 മാര്‍ച്ച്‌ 13ന് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ അക്രമം നടത്തിയത്. ഉപകരണങ്ങളടക്കം നശിപ്പിച്ച്‌ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. കെടി ജലീല്‍ എംഎല്‍എ, മുന്‍ മന്ത്രി ഇപി ജയരാജന്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, കെ കുഞ്ഞമ്മദ്, സികെ സദാശിവന്‍ എന്നിവരാണ് മന്ത്രി ശിവന്‍കുട്ടിക്ക് പുറമേയുള്ള പ്രതികള്‍. അവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ വാദത്തിലാണ്, പ്രചരിച്ചത് വ്യാജദൃശ്യങ്ങളാണെന്ന വിചിത്രവാദം ഉന്നയിക്കപ്പെട്ടത്. ഇത് പരക്കെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വക നല്‍കിയിരുന്നു. അതിനിടെയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഈ വിഷയത്തില്‍ ഇന്നലെ ചാനല്‍ചര്‍ച്ച നയിച്ച വിനു വി ജോണിനെതിരെ ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകന്‍ തല്‍സമയം തന്നെ ഭീഷണിസന്ദേശം അയച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ചര്‍ച്ചയില്‍ ശ്രീജിത്ത് പണിക്കര്‍ സംസാരിക്കുമ്ബോഴായിരുന്നു വിനുവിന് സന്ദേശം ലഭിക്കുന്നത്. ഉടന്‍ ശ്രീജിത് പണിക്കരുടെ സംസാരത്തിനിടയില്‍ ഇടപെട്ട വിനു അവിടെ വച്ചുതന്നെ പ്രേക്ഷകരെ സന്ദേശം വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാത്രിമുതല്‍ വിനുവിനെതിരെ സൈബര്‍ ആക്രമണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബര്‍ സഖാക്കള്‍. സൈബര്‍ രംഗത്തും പുറത്തും വിനുവിന്റെ നെഗളിപ്പ് ചര്‍ച്ചയാക്കുന്നവര്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top