Sunday, 20 Sep, 6.52 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
എന്‍ഐഎ ഒന്നും അറിയിക്കാത്തതിന് കാരണം പച്ചവെളിച്ചമോ? കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകര സാന്നിധ്യം പൊലീസ് കണ്ടെത്താതിരുന്നത് മനഃപൂര്‍വമോ? 'ഓപ്പറേഷന്‍ പീജിയനി'ന്റെ പ്രവര്‍ത്തനങ്ങളിലൂടെ അഞ്ഞൂറോളം പേരെ രക്ഷിച്ചെടുത്തെന്ന് കേരളാ പൊലീസും; അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ കാരണങ്ങള്‍ എന്‍ഐഎ സൂക്ഷിക്കുന്നത് അതീവ രഹസ്യമായി; ദീപാവലി നാളിലെ സ്‌ഫോടന പരമ്ബര പൊളിയുമ്ബോള്‍

Stories you may Like

കൊച്ചി: അല്‍ ഖായിദ ബന്ധം ആരോപിച്ച്‌ മൂന്നു പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് എന്തു കൊണ്ടെന്നത് ഇനിയും കേരളാ പൊലീസിന് അറിയില്ലെന്ന് സൂചന. അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതിന്റെ വിശദാംശങ്ങളൊന്നും എന്‍ഐഎയെ ആരുമായും പങ്കുവച്ചിട്ടില്ല. ഭീകരവാദ നിലപാടുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ചില ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയിരുന്നെന്നും ആ സംഘത്തില്‍പെട്ടവരാകാം ഇവരെന്നുമാണ് പൊലീസ് വിലയിരുത്തല്‍. ഇവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുകയോ യോഗങ്ങള്‍ ചേരുകയോ ചെയ്തതായി ഒരു സൂചനയും കേരളാ പൊലീസിന് കിട്ടിയിട്ടുമില്ല.

മൂന്നു പേരുടെ അറസ്റ്റ് കേരള പൊലീസ് അറിഞ്ഞത് അറസ്റ്റിന് ശേഷം മാത്രമാണെന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ഉള്‍പ്പെടുന്ന സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. തുടര്‍അന്വേഷണത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കേരളത്തിലടക്കം പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് രാത്രി ഡിജിപിക്ക് ലഭിച്ചിരുന്നു. പ്രാദേശിക സഹായം ആവശ്യപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ബന്ധപ്പെടുകയും ചെയ്തു. ഇതിനപ്പുറം അല്‍ ഖായിദ ബന്ധം ആരോപിച്ചുള്ള അറസ്റ്റാണന്ന വിവരം പൊലീസ് അറിയുന്നത് ശനിയാഴ്ച രാവിലെ എന്‍ഐഎ ഡിജിപിയെ ഔദ്യോഗികമായി അറിയിക്കുമ്ബോഴാണെന്നാണ് റിപ്പോര്‍ട്ട്.

ഇനി എന്‍ഐഎയില്‍ നിന്നും അല്ലാതെയും വിവരം ശേഖരിച്ച്‌ കൂടുതല്‍ സംഘത്തേക്കുറിച്ച്‌ അന്വേഷിക്കാനുമാണ് തീരുമാനം. എന്നാല്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകര സാന്നിധ്യം പൊലീസ് കണ്ടെത്താതിരുന്നത് മനഃപൂര്‍വം എന്ന ആരോപണം രാഷ്ടീയമായി ഉയരുന്നുണ്ട്. ബിജെപിയാണ് ഇതും ചര്‍ച്ചയാക്കുന്നത്. മന്ത്രി കെ.ടി. ജലീലിനെതിരെയാണ് ആക്ഷേപം. പച്ച വെളിച്ചമെന്ന പേരില്‍ പൊലീസില്‍ ഭീകരവാദ അനുകൂല സംഘമെന്നും വിമര്‍ശനമുണ്ട്. അതുകൊണ്ടാണ് എല്ലാം എന്‍ഐഎ രഹസ്യമാക്കി സൂക്ഷിച്ചതെന്ന വിലയിരുത്തലാണ് ചര്‍ച്ചയാകുന്നത്.

തീവ്രവാദ കേസുകളില്‍ കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ആധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനം തടയാനുള്ള ഒരു സംവിധാനവുമില്ല. കേരളത്തിലെ തീവ്രവാദ വിരുദ്ധ സേന ചത്തുകിടക്കുകയാണെന്നും ഒരു അനക്കവുമില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്തെ തീവ്രവാദ സാന്നിദ്ധ്യം സംബന്ധിച്ച്‌ ഏതാനും ദിവസം മുമ്ബാണ് പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി വ്യക്തമായ റിപ്പോര്‍ട്ട് വെച്ചത്. കേരളത്തിലെ ഐഎസ് സാന്നിദ്ധ്യത്തെക്കുറിച്ച്‌ വിശദമായ വിവരങ്ങളുണ്ടായിരുന്നു അതില്‍. പ്രതിരോധ വകുപ്പും ആഭ്യന്തര വകുപ്പും വിവിധ ഏജന്‍സികളും ഇന്റലിജന്‍സ് ഏജന്‍സികളും കേരളത്തിന് കാലാകലങ്ങളായി നല്‍കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായും അവഗണിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാനായിക്കുളം ഭീകരവാദ കേസ്, വാഗമണ്‍ സിമി ക്യാമ്ബ്, നാറാത്ത് ഭീകരവാദ കേസ്, കനകമല ഐസ് ഭീകരവാദ പരിശീലന കേസ് തുടങ്ങി നിരവധി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അത്തരം സ്ഥലങ്ങളില്‍ യാതൊരു നിരീക്ഷണവും നടത്തിയില്ല. ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ച്‌ ലഭിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാതെ ഈ കേസുകളിലെല്ലാം സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒളിച്ചുകളിക്കുകയായിരുന്നു. കേരള പൊലീസിനകത്ത് പച്ചവെളിച്ചം എന്ന വാട്സ്‌അപ്പ് കൂട്ടായ്മ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഭീകര സംഘടനകള്‍ക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്ന് ഈമെയില്‍ ചോര്‍ത്തിയ ഷാജഹാനെ ഈ സര്‍ക്കാര്‍ തിരിച്ചെടുത്ത് വലിയ പദവികള്‍ നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതിനിടെ തീവ്രവാദസംഘങ്ങളില്‍ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാന്‍ സംസ്ഥാന പൊലീസ് ആരംഭിച്ച 'ഓപ്പറേഷന്‍ പീജിയനി'ന്റെ പ്രവര്‍ത്തനങ്ങളിലൂടെ അഞ്ഞൂറോളംപേരെ രക്ഷിച്ചെടുക്കാനായെന്ന് പൊലീസ് പറയുന്നു. 2016-ല്‍ ആരംഭിച്ച പദ്ധതി രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഇത്തരം ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നവരെ കൗണ്‍സലിങ്ങിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും പിന്തിരിപ്പിക്കുകയും ഒപ്പം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണം നടത്തിയുമാണ് തടയുന്നത്. ഇത് ഇനിയും തുടരും. ഇത്തരം പ്രവര്‍ത്തനം ഇതരസംസ്ഥാന തൊഴിലാളികളിലേക്കും വ്യാപിപ്പിക്കും,

തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റുന്നവരെ സൈബര്‍ഡോമിന്റെയും മറ്റും സഹായത്തോടെ കണ്ടെത്തുകയും അവര്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കുന്നുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇത്തരത്തില്‍ വഴുതിപ്പോകുമായിരുന്ന അഞ്ഞൂറോളംപേരെ പിന്തിരിപ്പിക്കാനായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രവാദ ആശയങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കണ്ടപ്പോഴായിരുന്നു പദ്ധതിയുമായി രംഗത്തെത്തിയത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്നാണ് കൂടുതല്‍ പേരെ പിന്തിരിപ്പിക്കാനായത്. പത്തനംതിട്ട ഒഴികെയുള്ള സ്ഥലങ്ങളില്‍നിന്ന് ഇത്തരക്കാരെ കണ്ടെത്താനായെന്നും പൊലീസ് പറയുന്നു.

വ്യക്തിപരമായി തീവ്ര ആശയക്കാരെ പിന്തിരിപ്പിക്കുന്നതിനൊപ്പം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളികളും മറ്റു മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. ജമാഅത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഇമാമുമാരുടെയും മറ്റും സഹായമുണ്ടായിരുന്നു. ആദ്യം കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും പിന്നീടത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.

എറണാകുളം ജില്ലയില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്ന വ്യാജേന താമസിച്ചിരുന്ന മൂന്ന് ഭീകരരാണ് അറസ്റ്റിലായത്. കേരളത്തില്‍ ആദ്യമായാണ് അല്‍ക്വയ്ദ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കളമശേരി, പാതാളത്തുനിന്ന് മുര്‍ഷിദ് ഹസന്‍, പെരുമ്ബാവൂര്‍, മുടിക്കലില്‍നിന്നു യാക്കൂബ് ബിശ്വാസ്, അലപ്രയില്‍നിന്നു മൊസാറഫ് ഹോസന്‍ എന്നിവരാണു പിടിയിലായത്. നജ്മുസ് സാക്കിബ്, അബു സുഫിയാന്‍, മൈനുള്‍ മൊണ്ടാല്‍, ലീ യീന്‍ അഹ്മദ്, അല്‍ മാമുന്‍ കമാല്‍, അതിതുര്‍ റഹ്മാന്‍ എന്നിവരാണു ബംഗാളിലെ മുര്‍ഷിദാബാദില്‍ അറസ്റ്റിലായത്. പ്രതികളെല്ലാം മുര്‍ഷിദാബാദ് സ്വദേശികളാണ്.

പാക്കിസ്ഥാന്റെ പിന്തുണയോടെ ഇവര്‍ ഡല്‍ഹി, മുംബൈ, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്ഫോടനത്തിനു പദ്ധതിയിട്ടിരുന്നെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. കൊച്ചി കപ്പല്‍നിര്‍മ്മാണശാല, ദക്ഷിണമേഖലാ നാവികതാവളം, കര്‍ണാടകയിലെ പ്രതിരോധമേഖലകള്‍ എന്നിവിടങ്ങളും ഹിറ്റ്ലിസ്റ്റില്‍ ഉണ്ടായിരുന്നു. ദീപാവലി നാളില്‍ ഒരേസമയം സ്ഫോടനപരമ്ബര നടത്തുകയായിരുന്നു ലക്ഷ്യം. പ്രതികള്‍ ഡല്‍ഹിയില്‍ സന്ധിച്ച്‌ ആക്രമണപദ്ധതിക്ക് അന്തിമരൂപം നല്‍കാനിരിക്കേയാണ് എന്‍.ഐ.എ. പിടികൂടിയത്. പാക്കിസ്ഥാനില്‍നിന്നു നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഡല്‍ഹിയില്‍ എത്തിയശേഷം ഒരുസംഘം കശ്മീരിലേക്കു പോയി ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കാനുദ്ദേശിച്ചിരുന്നു.

കേരളത്തിലും ബംഗാളിലും 12 ഇടങ്ങളിലായി ഇന്നലെ പുലര്‍ച്ചെ ഒരേസമയത്തായിരുന്നു റെയ്ഡ്. രണ്ടാഴ്ചയായി പ്രതികളുടെ ഫോണ്‍-ഇന്റര്‍നെറ്റ് വിനിമയങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം ഒടുവില്‍ കശ്മീരിലെ കുപ്വാര ജില്ലയിലെ രഹസ്യകേന്ദ്രത്തിലാണ് ഇവര്‍ക്കു പരിശീലനം ലഭിച്ചത്. ബോംബ് നിര്‍മ്മിക്കാനായി ബാറ്ററികള്‍, സ്വിച്ചുകള്‍, വയറുകള്‍, സ്ഫോടകസാമഗ്രികള്‍ എന്നിവ ശേഖരിച്ചിരുന്നു. എറണാകുളത്തു പിടിയിലായ ഭീകരരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ ഇന്നു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. ഡല്‍ഹി കോടതിയില്‍ ഹാജരാക്കാനുള്ള ട്രാന്‍സിറ്റ് വാറന്റും എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്. ഷംനാദ് പുറപ്പെടുവിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top