Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ്‌കോര്‍ട്ട് പരോളിനായുള്ള അപേക്ഷ നിര്‍ണ്ണായകമായി; ആ അപേക്ഷില്‍ തദ്ദേശ വകുപ്പിന്റെ അഭിപ്രായം ചോദിച്ച ആഭ്യന്തര ഉദ്യോഗസ്ഥന്‍; അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് ഉപദേശിച്ചത് തദ്ദേശം; തദ്ദേശ-ആഭ്യന്തര വകുപ്പുകളുടെ റിപ്പോര്‍ട്ട് പിടിവള്ളിയായി; കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്‍ സുരക്ഷിതനുമായി; ബിജെപിയെ രക്ഷിച്ചത് തദ്ദേശ ഇടപെടല്‍

എസ്‌കോര്‍ട്ട് പരോളിനായുള്ള അപേക്ഷ നിര്‍ണ്ണായകമായി; ആ അപേക്ഷില്‍ തദ്ദേശ വകുപ്പിന്റെ അഭിപ്രായം ചോദിച്ച ആഭ്യന്തര ഉദ്യോഗസ്ഥന്‍; അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് ഉപദേശിച്ചത് തദ്ദേശം; തദ്ദേശ-ആഭ്യന്തര വകുപ്പുകളുടെ റിപ്പോര്‍ട്ട് പിടിവള്ളിയായി; കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്‍ സുരക്ഷിതനുമായി; ബിജെപിയെ രക്ഷിച്ചത് തദ്ദേശ ഇടപെടല്‍

തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.

സുഗതന് ആശ്വാസമായത് തദ്ദേശ സ്വയംഭരണ-ആഭ്യന്തര വകുപ്പുകളുടെ അനുകൂല റിപ്പോര്‍ട്ട്. ജയിലില്‍ കഴിയുന്നതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാന്‍ സാധിക്കാത്ത സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പും, കൗണ്‍സില്‍ അപേക്ഷ പാസാക്കിയാല്‍ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് ആഭ്യന്തര വകുപ്പും വ്യക്തമാക്കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് മേയര്‍ നിര്‍ണ്ണായക നീക്കം നടത്തിയത്. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതന് അംഗത്വത്തില്‍ അയോഗ്യത വരുമായിരുന്നു. ഇത് മറികടക്കാനാണ് ബി.ജെ.പി ഭരണപക്ഷം തദ്ദേശ അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കൗണ്‍സില്‍ യോഗത്തില്‍ അവധി അപേക്ഷ വോട്ടെടുപ്പിനിട്ടത്.

മേയര്‍ വി.വി. രാജേഷിന്റെ കാസ്റ്റിംഗ് വോട്ടോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ സുഗതന്റെ അവധി അപേക്ഷ പാസാക്കിയത്. യു.ഡി.എഫ് വിമത കൗണ്‍സിലറുടെ പിന്തുണ കൂടി ലഭിച്ചതോടെ അപേക്ഷയ്ക്ക് അനുകൂലമായി 51 വോട്ടുകള്‍ ലഭിച്ചു. നേരത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് സംരക്ഷണത്തോടെയുള്ള എസ്‌കോര്‍ട്ട് പരോള്‍ വേണമെന്ന സുഗതന്റെ ആവശ്യം ആഭ്യന്തര വകുപ്പ് നിരസിച്ചിരുന്നെങ്കിലും, അവധി അനുവദിച്ചതോടെ സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നിലവില്‍ ഭീഷണിയിലല്ലാതെ തുടരും. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കാന്‍ തന്ത്രപരമായ കരുനീക്കങ്ങള്‍ നടത്തിയ കോണ്‍ഗ്രസിന്, സ്വന്തം സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പില്‍ നിന്ന് തന്നെ കനത്ത തിരിച്ചടിയേറ്റ സംഭവം തലസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റഴിച്ചുവിടുന്നു. കാപ്പാ കേസില്‍ പ്രതിയായി തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന് ആറുമാസത്തെ അവധി അനുവദിച്ച നടപടിയിലൂടെ നഗരസഭയില്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണം കൂടുതല്‍ സുരക്ഷിതമായപ്പോള്‍, അതിന് വഴിയൊരുക്കിയത് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല ഭരിച്ചിരുന്ന ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലറാണെന്ന യാഥാര്‍ത്ഥ്യം യു.ഡി.എഫ് ക്യാമ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്.

തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ആര്‍. സുഗതന്റെ അംഗത്വത്തിന് അയോഗ്യത വരുമായിരുന്നു. ഈ നിയമപരമായ സാധ്യത മുന്നില്‍ കണ്ട് സുഗതനെ അയോഗ്യനാക്കി നഗരസഭയില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം തകര്‍ക്കാമെന്നായിരുന്നു യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, ജയിലില്‍ കഴിയുന്നതിനാലാണ് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും അതിനാല്‍ പോലീസ് സംരക്ഷണത്തോടെ (എസ്‌കോര്‍ട്ട് പരോളില്‍) യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സുഗതന്‍ നേരത്തെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

സുഗതന്റെ ഈ അപേക്ഷ പരിശോധിച്ച അന്നത്തെ ആഭ്യന്തര വകുപ്പ്, നേരിട്ട് പങ്കെടുക്കാനുള്ള അനുമതി നിരസിക്കുകയാണുണ്ടായത്. എന്നാല്‍ പകരം, നഗരസഭാ കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്ത് ഭൂരിപക്ഷം ലഭിച്ചാല്‍ തടസ്സമില്ലാതെ ലീവ് അനുവദിക്കാമെന്നും, അങ്ങനെ വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നും വ്യക്തമാക്കുന്ന ഒരു കത്ത് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു. ജയില്‍ സൂപ്രണ്ട് മുഖേന സുഗതന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് നിയമപരമായ സാധുത നല്‍കുകയും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത വഴിയൊരുക്കുകയും ചെയ്തത് ആഭ്യന്തര വകുപ്പിന്റെ ഈ നിലപാടായിരുന്നു.

തുടര്‍ന്ന്, തിരുവനന്തപുരം നഗരസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി, സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് വീണ്ടും റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പും കത്തുനല്‍കി. മുന്‍സിപ്പല്‍ നിയമപ്രകാരം ജയിലില്‍ കഴിയുന്നൊരാള്‍ക്ക് അവധി അനുവദിക്കാന്‍ കഴിയില്ലെന്ന ശക്തമായ വാദം ഉയര്‍ത്തി കൗണ്‍സിലില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് കക്ഷി നേതാവ് കെ.എസ്. ശബരീനാഥന്റെ സര്‍വ്വ തന്ത്രങ്ങളെയും നിഷ്പ്രഭമാക്കാന്‍ ഭരണപക്ഷത്തിന് കരുത്തായത് ഈ ഔദ്യോഗിക കത്തുകളാണ്.

വെള്ളിയാഴ്ച ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി.വി. രാജേഷ് ഈ കത്തുകള്‍ ചൂണ്ടിക്കാട്ടുകയും, സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ മേയര്‍ക്ക് അധികാരമുണ്ടെന്നും പ്രഖ്യാപിക്കുകയുമായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി.വി. രാജേഷ് ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു കേള്‍പ്പിച്ചതോടെ, നിയമപോരാട്ടത്തിന് തയ്യാറെടുത്തെത്തിയ ശബരീനാഥനും പ്രതിപക്ഷ അംഗങ്ങളും പൂര്‍ണ്ണമായും സ്തബ്ധരായിപ്പോകുന്ന കാഴ്ചയ്ക്കാണ് നഗരസഭ സാക്ഷ്യം വഹിച്ചത്.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ മേയര്‍ ഭരണപക്ഷത്തിന് അനുകൂലമായി വിജയം ഉറപ്പിച്ചു. യു.ഡി.എഫ് വിമതനായി വിജയിച്ച പൗണ്ട്കടവ് വാര്‍ഡ് കൗണ്‍സിലര്‍ സുധീഷ് കുമാറും വോട്ടെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച്‌ ഭരണപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. ഒടുവില്‍ മേയര്‍ വി.വി. രാജേഷിന്റെ നിര്‍ണ്ണായകമായ കാസ്റ്റിംഗ് വോട്ടുകൂടി കൂടിയായതോടെ 51 വോട്ടുകള്‍ നേടി സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയെടുത്തു. വിമതന്റെ പിന്തുണയും സര്‍ക്കാരിന്റെ കത്തും തുണച്ചതോടെ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതന്റെ അംഗത്വം ഭദ്രമായി.

സ്വന്തം വകുപ്പിന്റെ കത്തിലൂടെ ബി.ജെ.പിക്ക് ഭരണപരമായ എളുപ്പവഴി തുറന്നുനല്‍കിയ സംഭവം കോണ്‍ഗ്രസിനുള്ളില്‍ വലിയ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. മുന്‍സിപ്പല്‍ ചട്ടങ്ങള്‍ ഉദ്ധരിച്ച്‌ കൗണ്‍സിലില്‍ പോരാടിയ കെ.എസ്. ശബരീനാഥനെ രാഷ്ട്രീയമായി പൂട്ടി കെട്ടാന്‍ ചെന്നിത്തല ഭരിച്ചിരുന്ന വകുപ്പ് മനപ്പൂര്‍വ്വം ചെയ്ത ചതിയാണോ ഇതെന്ന് കോണ്‍ഗ്രസിനുള്ളിലെ ചില കോണുകളില്‍ നിന്ന് രഹസ്യമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വന്തം പാര്‍ട്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പ് തന്നെ കൗണ്‍സിലിലെ വാദങ്ങളെ തകര്‍ത്തെറിഞ്ഞത് യു.ഡി.എഫിനെ കടുത്ത ആത്മപരിശോധനയിലേക്ക് തള്ളിവിട്ടു.

ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിച്ചാണ് ബി.ജെ.പി കൗണ്‍സിലറായ സുഗതനെ രക്ഷപ്പെടുത്തിയതെന്ന ആരോപണവുമായി എല്‍.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വഴിവിട്ട സഹായം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായതിലാണ് ഇടതുപക്ഷം സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശവും നിയമപരമായ സര്‍ക്കുലറും പൂര്‍ണ്ണമായും തങ്ങള്‍ക്ക് അനുകൂലമായി മാറ്റിമറിക്കാന്‍ സാധിച്ചത് ബി.ജെ.പിക്ക് വന്‍ രാഷ്ട്രീയ ജയവും എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേപോലെ കനത്ത പ്രഹരവുമായി മാറി.

വിയ്യൂര്‍ ജയിലിലെത്തി സത്യപ്രതിജ്ഞ ചെയ്യിച്ചതു മുതല്‍ സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്തുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും ബി.ജെ.പി കാണിച്ച രാഷ്ട്രീയ ജാഗ്രതയ്ക്കാണ് നഗരസഭ സാക്ഷ്യം വഹിച്ചത്. ഈ അപ്രതീക്ഷിത തിരിച്ചടിയോടെ തിരുവനന്തപുരം നഗരസഭയില്‍ ഉടനടി അട്ടിമറി നടത്താമെന്ന പ്രതിപക്ഷ മോഹങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഭാവിയില്‍ പ്രതിപക്ഷം ഈ വിഷയം കോടതിയിലേക്ക് കൊണ്ടുപോയാലും, ആഭ്യന്തര വകുപ്പ് നല്‍കിയ സര്‍ക്കുലറും കൗണ്‍സിലിലെ ഭൂരിപക്ഷ തീരുമാനവും ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ഇനി ബി.ജെ.പിക്ക് വളരെ എളുപ്പത്തില്‍ സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali