ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് - മുംബൈ ഇന്ത്യൻസ് പോരാട്ടത്തിന് മഴയ്ക്കൊടുവില്‍ തുടക്കമാകുന്നു. മൂന്ന് മണിക്കൂറോളം നീണ്ട കനത്ത മഴയെത്തുടർന്ന് മത്സരം വൈകിയതോടെ ഇരു ടീമുകളും 11 ഓവർ വീതമാകും ബാറ്റ് ചെയ്യുക.
ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
മഴ പെയ്ത സാഹചര്യത്തില്‍ പിച്ചിലെ ഈർപ്പം മുതലെടുക്കാനാണ് മുംബൈയുടെ തീരുമാനം. "ആദ്യം ബൗള്‍ ചെയ്യാനാണ് താല്‍പ്പര്യം. പിച്ച് കൂടുതല്‍ സമയവും കവറുകള്‍ക്ക് താഴെയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും," ടോസിന് ശേഷം ഹാർദിക് പറഞ്ഞു. പരിക്കില്‍ നിന്ന് മുക്തനായ ഹാർദിക്കും പേസർ ട്രെന്റ് ബോള്‍ട്ടും മുംബൈ നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
മറുഭാഗത്ത് ടോസ് നഷ്ടപ്പെട്ടതില്‍ നിരാശയില്ലെന്ന് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് വ്യക്തമാക്കി. "ടോസ് ലഭിച്ചിരുന്നെങ്കില്‍ ഞങ്ങളും ബൗളിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു. എങ്കിലും 11 ഓവർ മാത്രമുള്ള മത്സരമായതിനാല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്," പരാഗ് പറഞ്ഞു.
മത്സരം വൈകിയെങ്കിലും ആരാധകർ വലിയ ആവേശത്തിലാണ്. രാജസ്ഥാന്റെ 15 വയസുകാരൻ വിസ്മയ താരം വൈഭവ് സൂര്യവംശിയും മുംബൈയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇന്നത്തെ പ്രധാന ആകർഷണം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച രാജസ്ഥാന് ഇന്ന് കൂടി വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്താനാണ് മുംബൈ ശ്രമിക്കുന്നത്.
ടീം വിവരങ്ങള്‍:
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, റയാൻ റിക്കിള്‍ട്ടണ്‍, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (C), നമൻ ധീർ, ഷാർദുല്‍ താക്കൂർ, ദീപക് ചാഹർ, അല്ലാഹ് ഗസൻഫർ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
ഇംപാക്‌ട് പ്ലെയർ പകരക്കാർ:
ഷെർഫെയ്ൻ റുഥർഫോർഡ്, കോർബിൻ ബോഷ്, റോബിൻ മിൻസ്, രാജ് ബാവ, അശ്വനി കുമാർ
രാജസ്ഥാൻ റോയല്‍സ്: വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, റിയാൻ പരാഗ് (C), ഷിമ്രോണ്‍ ഹെറ്റ്‌മെയർ, ഡൊണാവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.
ഇംപാക്‌ട് പ്ലെയർ പകരക്കാർ:
രവി സിങ്, ലുവാൻ-ഡ്രെ പ്രിട്ടോറിയസ്, ശുഭം ദുബെ, ബ്രിജേഷ് ശർമ, രവി ബിഷ്ണോയ്

