കൊച്ചി: തിരുവനന്തപുരത്ത് നടന്ന ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. തിങ്കളാഴ്ച ഒന്‍പതുപേര്‍ക്കും ചൊവ്വാഴ്ച നാലുപേര്‍ക്കും കോടതി ജാമ്യം നല്‍കിയിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാരും ഇ.ഡിയും ശക്തമായി എതിര്‍ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും തെളിവുകള്‍ പൂര്‍ണ്ണമായി കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഉദ്യോഗസ്ഥരെ വധിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആസൂത്രിത ആക്രമണമാണിതെന്നും ജാമ്യം നല്‍കരുതെന്നും ഇ.ഡി വാദിച്ചെങ്കിലും കോടതി ഈ എതിര്‍പ്പുകള്‍ തള്ളുകയായിരുന്നു.
മേയ് 27-ന് നടന്ന ഇ.ഡി പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ആകെ 25 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

