Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡിക്ക് നേരെ ആക്രമണം: പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ 'ഡബിള്‍ ഗെയിം'; ഇരട്ട ഫോര്‍മാറ്റുകള്‍ക്ക് പിന്നെല ബുദ്ധി ആരുടേത്? കോടതി തിരുത്തിച്ചിട്ടും മൂന്ന് മണിക്കൂറിനുള്ളില്‍ പുതിയ നോട്ടീസ്; രണ്ട് ഫോര്‍മാറ്റുകളും മുന്‍കൂട്ടി തയ്യാറാക്കിയെന്ന് ആക്ഷേപം; ആസൂത്രിത നീക്കം പാളി; തുണച്ചത് കോടതിയുടെ ഇടപെടല്‍; ഇഡിയെ തല്ലിചതയ്ക്കാന്‍ ഇട്ടു കൊടുത്തത് ആര്?

ഇഡിക്ക് നേരെ ആക്രമണം: പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ 'ഡബിള്‍ ഗെയിം'; ഇരട്ട ഫോര്‍മാറ്റുകള്‍ക്ക് പിന്നെല ബുദ്ധി ആരുടേത്? കോടതി തിരുത്തിച്ചിട്ടും മൂന്ന് മണിക്കൂറിനുള്ളില്‍ പുതിയ നോട്ടീസ്; രണ്ട് ഫോര്‍മാറ്റുകളും മുന്‍കൂട്ടി തയ്യാറാക്കിയെന്ന് ആക്ഷേപം; ആസൂത്രിത നീക്കം പാളി; തുണച്ചത് കോടതിയുടെ ഇടപെടല്‍; ഇഡിയെ തല്ലിചതയ്ക്കാന്‍ ഇട്ടു കൊടുത്തത് ആര്?

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ നിന്ന് എളുപ്പത്തില്‍ ജാമ്യം ഉറപ്പാക്കാന്‍ പോലീസ് ബോധപൂര്‍വ്വം ഇരട്ട ഫോര്‍മാറ്റുകള്‍ തയ്യാറാക്കി കള്ളക്കളി നടത്തിയതായി ഗുരുതരമായ ആരോപണം.

സാങ്കേതിക പിഴവുകള്‍ കാണിച്ച്‌ കേസ് തുടക്കത്തിലേ പൊളിക്കാന്‍ പോലീസ് കാട്ടിയ അതിബുദ്ധിയാണ് ഇപ്പോള്‍ അട്ടിമറി നീക്കമായി പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷമായിരുന്നു ഇഡിക്ക് നേരെ ആക്രമണം.

കേസില്‍ അറസ്റ്റിലായ ആദ്യ അഞ്ച് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം പഴയ ഫോര്‍മാറ്റിലുള്ള നോട്ടീസ് സമര്‍പ്പിച്ച പോലീസ്, കോടതി പിഴവ് ചൂണ്ടിക്കാട്ടി ഉത്തരവിട്ടതിന് പിന്നാലെ വെറും മൂന്ന് മണിക്കൂറിനുള്ളില്‍ പുതിയ ഫോര്‍മാറ്റിലുള്ള കൃത്യമായ നോട്ടീസ് ഹാജരാക്കിയതാണ് ഉന്നതതല ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പ്രതികളെ രക്ഷിക്കാനായി പഴയതും പുതിയതുമായ രണ്ട് തരത്തിലുള്ള ഫോര്‍മാറ്റുകളും പോലീസ് നേരത്തെ തന്നെ സ്റ്റേഷനില്‍ ഒരേസമയം തയ്യാറാക്കി വെച്ചിരുന്നു എന്ന തരത്തിലുള്ള ആക്ഷേപമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.) 48ാം വകുപ്പ് പ്രകാരം പ്രതികളുടെ അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള നോട്ടീസ് കൃത്യമായ ഫോര്‍മാറ്റില്‍ ആയിരിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് പോലീസ് മനഃപൂര്‍വ്വം പഴയ ഫോര്‍മാറ്റിലുള്ള നോട്ടീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നിയമപരമായ ഈ വീഴ്ചയുടെ പഴുതുപയോഗിച്ച്‌ പ്രതികള്‍ക്ക് തൊട്ടടുത്ത നിമിഷം ജാമ്യം എടുപ്പിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഈ പിഴവ് കൃത്യമായി കണ്ടെത്തിയ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, 24 മണിക്കൂറിനുള്ളില്‍ ശരിയായ നോട്ടീസ് ഹാജരാക്കാന്‍ പോലീസിന് കര്‍ശന ഉത്തരവ് നല്‍കി. ഇതോടെയാണ് അണിയറയില്‍ തയ്യാറാക്കി വെച്ചിരുന്ന പുതിയ ഫോര്‍മാറ്റിലുള്ള നോട്ടീസ് വെറും മൂന്ന് മണിക്കൂറിനുള്ളില്‍ പോലീസ് കോടതിയില്‍ എത്തിച്ചത്.

അറസ്റ്റ് നടപടികളിലെ ഈ കൃത്രിമം മുന്‍നിര്‍ത്തി തന്നെയാണ് പ്രതിഭാഗം കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തിയത്. അറസ്റ്റ് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും, മജിസ്ട്രേറ്റിന് ഇത്തരം പിഴവുകള്‍ തിരുത്താന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ച്‌ പ്രതിഭാഗം ശക്തമായി വാദിച്ചെങ്കിലും മജിസ്ട്രേറ്റ് ഇത് തള്ളുകയും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയുമായിരുന്നു.

കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വരുത്തിത്തീര്‍ക്കാനും, പ്രതികളായ രാഷ്ട്രീയ അണികളെ ബോധ്യപ്പെടുത്താനും പോലീസ് നടത്തിയ ആസൂത്രിത നീക്കമാണോ ഇതിന് പിന്നിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ശക്തമായി സംശയിക്കുന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്ത് പരസ്യമായി ഇഡി വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ട ഭരണകക്ഷി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് നേരിട്ട് ഇടപെടുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നിലവില്‍ രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലപ്പത്ത് മ്യൂസിയം എസ്.എച്ച്‌.ഓ. തുടരുന്നതില്‍ ഇഡിക്ക് കടുത്ത വിയോജിപ്പുണ്ട്. ലോക്കല്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡിവൈ.എസ്.പി. തലത്തിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം.

ലോക്കല്‍ പോലീസിന്റെ കള്ളക്കളി പുറത്തായതോടെ കേന്ദ്ര ഏജന്‍സി നേരിട്ട് നിയമനടപടികള്‍ ശക്തമാക്കുകയാണ്. പ്രതികള്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയാണെങ്കില്‍ കേസില്‍ നേരിട്ട് കക്ഷി ചേരാനും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥര്‍ വഞ്ചിയൂര്‍ കോടതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതിനിടെ, വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കേസില്‍ നേരിട്ട് പങ്കാളികളായ പത്ത് സി.പി.എം. പ്രതികളെക്കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിലും പോലീസ് ഒത്തുകളി തുടരുമോ എന്നാണ് ഇനി കാണേണ്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali