തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം സംസ്ഥാന പോലീസിന് വലിയ നാണക്കേടാകുന്നു.
ക്രമസമാധാനപാലനത്തില്‍ കേരള പോലീസ് പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന വിലയിരുത്തലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തെക്കുറിച്ച് നേരിട്ട് റിപ്പോര്‍ട്ട് തേടി. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ക്കും നേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിട്ടും പോലീസ് നോക്കുകുത്തിയായി നിന്നത് അതിഗുരുതരമായ വീഴ്ചയായാണ് കേന്ദ്രം കാണുന്നത്. ഇതോടെ, ഇനി കേരളത്തില്‍ ഇ.ഡി നടത്തുന്ന എല്ലാ റെയ്ഡുകള്‍ക്കും മതിയായ കേന്ദ്ര സുരക്ഷാസേനയെ (സി.ആര്‍.പി.എഫ്) ഒപ്പം കൂട്ടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം.
രാവിലെ പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ തന്നെ തിരുവനന്തപുരത്തും വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിച്ച പോലീസ്, വെറും അമ്പതോളം ഉദ്യോഗസ്ഥരെ മാത്രമാണ് തിരുവനന്തപുരത്തെ വീടിന് സമീപം വിന്യസിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആദ്യ സംഘര്‍ഷമുണ്ടായപ്പോള്‍ തന്നെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സുരക്ഷ ആവശ്യപ്പെട്ടിട്ടും പോലീസ് അത് ഗൗനിച്ചില്ല. സി.പി.എം പ്രവര്‍ത്തകര്‍ ഇ.ഡിയുടെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ലാത്തിവീശാന്‍ പോലും മടിച്ച പോലീസ്, അക്രമികളെ പിടിച്ചുമാറ്റുന്നതിനിടയില്‍ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിട്ടും നിസ്സംഗത തുടര്‍ന്നു.
സംഭവം വന്‍ നയതന്ത്ര-നിയമ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കേന്ദ്രത്തിന് മറുപടി പറയേണ്ടി വരുമെന്നും ബോധ്യപ്പെട്ടതോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പ് നാടകവുമായി രംഗത്തിറങ്ങിയത്. അപ്പോഴേക്കും അക്രമം നടത്തിയ പ്രതികള്‍ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസില്‍ അഭയം തേടിയിരുന്നു. പ്രതികളെ പിടികൂടാന്‍ എത്തിയ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും റേഞ്ച് ഡി.ഐ.ജിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ സി.പി.എം നേതാക്കള്‍ തടഞ്ഞുവെച്ചു.
ഒടുവില്‍ പോലീസ് മേധാവി നേരിട്ട് ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍, ഏതാനും പ്രതികളെ പാര്‍ട്ടി ഓഫീസിന്റെ പിന്‍വാതിലിലൂടെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തി പോലീസും സി.പി.എമ്മും മുഖം രക്ഷിക്കുകയായിരുന്നു. സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതമായ ഈ ഒളിച്ചുകളി പുതിയ സര്‍ക്കാരിനും വലിയ തലവേദനയായി മാറിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക പോലീസ് സംരക്ഷണം നല്‍കുന്നില്ല എന്ന ആക്ഷേപം ശക്തമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളെ ഇനി വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിലപാടിലാണ് ഇ.ഡി.
ഈ സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള റെയ്ഡുകളിലെല്ലാം ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കാവലൊരുക്കാന്‍ കൂടുതല്‍ കേന്ദ്രസേന നേരിട്ടെത്തും. ഇത് സംസ്ഥാന പോലീസിന്റെ അധികാരത്തിന്മേലുള്ള ശക്തമായ പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്.

