തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയില്‍, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ സാധ്യത പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറില്‍ ഇടുക്കി ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും (എറണാകുളം, കോട്ടയം അതിര്‍ത്തി പ്രദേശങ്ങള്‍) കാസര്‍ഗോഡ് ജില്ലയുടെ കിഴക്കന്‍ മേഖലയിലുമാണ് മിന്നല്‍ പ്രളയ മുന്നറിയിപ്പുള്ളത്.
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 25 പേര്‍ മരിക്കുകയും 4 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തത്തില്‍ 52 വീടുകള്‍ പൂര്‍ണ്ണമായും 565 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ മരണം (5 പേര്‍) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍:
ഇന്ന് (ഓഗസ്റ്റ് 4) 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
ഓറഞ്ച് അലര്‍ട്ട്: ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം.
മഞ്ഞ അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം.
നാളെ (ഓഗസ്റ്റ് 5) തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും ആയിരിക്കും. ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ 14 ജില്ലകളിലും ഓഗസ്റ്റ് 8-ന് 8 ജില്ലകളിലും മഞ്ഞ അലര്‍ട്ട് തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധിയും പരീക്ഷാ മാറ്റങ്ങളും
അതിശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, കാസര്‍ഗോഡ്, ഇടുക്കി, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സര്‍വകലാശാല നാളെ (ബുധനാഴ്ച) നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍, വൈവവോസി ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
എംജി സര്‍വകലാശാല ാഗസ്റ്റ് 7 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്സി: ഇന്നും നാളെയും മറ്റന്നാളും ഓഗസ്റ്റ് 10-നും നടത്താനിരുന്ന എല്ലാ പരീക്ഷകളും കായിക ക്ഷമതാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മാറ്റിവച്ച ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ 4.15 വരെ നടക്കും.
ജാഗ്രതാ നിര്‍ദേശം
മഴക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളില്‍ അടിയന്തര ആശ്വാസ സഹായങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പത്തനംതിട്ടയിലെ ആറന്മുള, റാന്നി ഉള്‍പ്പെടെയുള്ള ദുരന്തമേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ചു. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കണം. രാത്രികാലങ്ങളില്‍ മലയോര മേഖലകളിലൂടെയുള്ള യാത്രകളും നദികളില്‍ ഇറങ്ങുന്നതും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്

