ഇടുക്കി: തൊടുപുഴയെ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ജോസഫ്).
തൊടുപുഴയെ ഇടുക്കിയില്‍ നിന്ന് അടര്‍ത്തിമാറ്റി പുതിയ ജില്ലയുണ്ടാക്കാനുള്ള നീക്കം ഇടുക്കി ജില്ലയുടെ ജീവനും ആത്മാവിനും നേര്‍ക്കുള്ള കടന്നുകയറ്റമാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് വ്യക്തമാക്കി.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു ആവശ്യത്തിന് യാതൊരുവിധ പ്രസക്തിയുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂവാറ്റുപുഴയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് പുതിയ ജില്ല എന്ന വിഷയം വീണ്ടും ചര്‍ച്ചയായത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങള്‍ സംയോജിപ്പിച്ച് പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ വി.ഡി. സതീശനോട് പരസ്യമായി ആവശ്യപ്പെടുകയായിരുന്നു.
മാത്യു കുഴല്‍നാടന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച വി.ഡി. സതീശന്‍, വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ആവശ്യമായ പഠനങ്ങള്‍ക്കായി ഒരു ഡീലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുമെന്നും മറുപടി നല്‍കി. എറണാകുളം ജില്ലയിലേക്ക് അനുവദിക്കുന്ന വികസന ഫണ്ടുകള്‍ ഭൂരിഭാഗവും കൊച്ചി നഗരവികസനത്തിന് മാത്രമായി കേന്ദ്രീകരിക്കപ്പെടുകയാണെന്നാണ് മാത്യു കുഴല്‍നാടന്‍ വാദിച്ചത്. അതിനാല്‍ എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് പുതിയ ജില്ല അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, തൊടുപുഴയില്‍ ശക്തമായ രാഷ്ട്രീയ അടിത്തറയും സ്വാധീനവുമുള്ള കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ഈ നീക്കത്തിനെതിരെ ഉടനടി രംഗത്തെത്തുകയായിരുന്നു. ഇടുക്കിയില്‍ നിന്ന് തൊടുപുഴയെ അടര്‍ത്തിമാറ്റുന്നത് ജില്ലയുടെ ഹൃദയവും ആത്മാവും കീറിമുറിക്കുന്നതിന് തുല്യമാണെന്ന് മോന്‍സ് ജോസഫ് ആരോപിച്ചു. മുന്‍പും സമാനമായ നിര്‍ദ്ദേശം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് അതിനെ ശക്തമായി എതിര്‍ത്ത കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നേരത്തെ മുന്‍ മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നതാണ്. അന്ന് തന്നെ ഇത് വിശദമായി ചര്‍ച്ച ചെയ്യുകയും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തി ഉപേക്ഷിക്കുകയും ചെയ്ത കേവലമൊരു പഴയ വിഷയമാണിതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
മുന്നണിയിലെ ഒരു നേതാവിനോട് നിര്‍ദ്ദേശം മുന്നോട്ടുവെക്കാന്‍ എംഎല്‍എക്കും, അതിന് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിനോ വരാനിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ അവകാശമുണ്ട്. എന്നാല്‍ ഇത്തരം ഗൗരവമുള്ള ഭരണപരമായ കാര്യങ്ങള്‍ ഘടകകക്ഷികളോട് ചര്‍ച്ച ചെയ്യാതെ പൊതുവേദികളില്‍ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരമൊരു നിര്‍ദ്ദേശം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്നതില്‍ വിരോധമില്ലെന്ന് പറഞ്ഞ മോന്‍സ് ജോസഫ്, പക്ഷേ അത്തരം ചര്‍ച്ചകള്‍ നടക്കേണ്ടത് മുന്നണിക്ക് അകത്താണെന്ന് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വവും സംസ്ഥാന തല യുഡിഎഫ് സമിതിയും വിഷയം വിശദമായി പരിശോധിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ ശക്തമായ നിലപാട് അവിടെ വ്യക്തമാക്കും. നിലവിലെ സാഹചര്യത്തില്‍ ഇടുക്കിയെ വിഭജിക്കുന്നതിനോ തൊടുപുഴയെ മാറ്റുന്നതിനോ പാര്‍ട്ടി പൂര്‍ണ്ണമായും എതിരാണ്.
ഇടുക്കി ജില്ലയുടെ സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്രപരമായ വളര്‍ച്ചയില്‍ തൊടുപുഴയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇടുക്കിയുടെ അവിഭാജ്യ ഘടകമായ തൊടുപുഴയെ ഒഴിവാക്കിയുള്ള ഒരു പുനഃസംഘടനയും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം.

