Thursday, 29 Jul, 11.12 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഇലക്ഷന് റിട്ടേണിങ് ഓഫീസറെ നിയമിച്ചില്ല; ഭരണസമിതിയുടെ കാലം തീര്‍ന്നപ്പോള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം; തെരഞ്ഞെടുപ്പക്കപ്പെടാത്തവര്‍ക്ക് വോട്ടില്ലെന്ന വിധി കാറ്റില്‍ പറത്തി; മലബാറിന് ശേഷം അട്ടിമറി തിരുവനന്തപുരത്ത്; മൂന്ന് സര്‍ക്കാര്‍ വോട്ടില്‍ മില്‍മയും സ്വന്തമാക്കി പിണറായി

തിരുവനന്തപുരം: മൂന്ന് മേഖലാ യൂണിയനുകളാണ് മില്‍മയ്ക്കുള്ളത്. തിരുവനന്തപുരവും എറണാകുളവും മലബാറും. ഈ മൂന്ന് യൂണിയനിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ നടക്കുന്ന സ്ഥാപനമാണ് മില്‍മ്മ. വൈവിധ്യവല്‍ക്കരണത്തിലൂടെ വിജയപാതയിലെത്തിയ കേരളത്തിന്റെ സ്ഥാപനം. ഇവിടെയാണ് സിപിഎം ഇടപെടല്‍. എങ്ങനേയും മില്‍മ പിടിച്ചേ പറ്റൂവെന്ന തീരുമാനത്തില്‍ നടത്തിയ നീക്കം.

മലബാറില്‍ ആയിരുന്നു ആദ്യ ഇടപെടല്‍. അധികാരത്തിന്റെ കരുത്തിലായിരുന്നു ഈ പിടിച്ചെടുക്കല്‍. അപ്പോഴും തിരുവനന്തപുരവും എറണാകുളവും ഉറച്ച കോട്ടയായി കോണ്‍ഗ്രസിനൊപ്പം നിന്നു. തിരുവനന്തപുരത്തെ അഡ്‌മിസിട്രേറ്റര്‍ ഭരണത്തിലാക്കിയാണ് സിപിഎം മില്‍മയെ സ്വന്തമാക്കുന്നത്. തിരുവനന്തുപരം യൂണിയനില്‍ ഭരണസമിതിയുടെ കാലാവധി തീരും മുമ്ബ് ഇലക്ഷന്‍ നടത്തിയില്ല. റിട്ടേണംഗ് ഓഫീസറെ നിയമിക്കാതെയാണ് ഈ നടപടിക്രമം നീട്ടിക്കൊണ്ടു പോയത്. അതിന് ശേഷം ഭരണസമിതിയുടെ കാലാവധി തീര്‍ന്നപ്പോള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണമെത്തി.

എങ്ങനേയും ഭൂരിപക്ഷം ഉണ്ടാക്കുകയായിരുന്നു ഈ തന്ത്രത്തിന് പിന്നില്‍. മലബാറിലെ പോലെ തിരുവനന്തപുരത്തും പിടിച്ചെടുക്കല്‍ സാധ്യത തേടി. ഇതിനിടെയാണ് മില്‍മാ ചെയര്‍മാന്റെ അപ്രതീക്ഷിത വിയോഗം. ബാലന്‍ മാസ്റ്ററുടെ മരണത്തോടെ തെരഞ്ഞെടുപ്പ് അനിവാര്യതയായി. ഇവിടെ തിരുവനന്തപുരത്തെ അഡ്‌മിസിട്രേറ്റര്‍ ഭരണം സിപിഎമ്മിനെ തുണച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയവര്‍ക്ക് വോട്ടിങ് അവകാശം നല്‍കരുതെന്നാണ് കോടതി ഉത്തരവ്. ഇത് പോലും അംഗീകരിക്കാതെ അഡ്‌മിനിസ്‌ട്രേറ്റര്‍മാരായി തിരുവനന്തപുരത്ത് നിയമിച്ച മൂന്ന് പേര്‍ക്കും വോട്ട് അവകാശം നല്‍കി. ഇതോടെ അഞ്ചിനെതിരെ ഏഴ് വോട്ടിന് സിപിഎം നേതാവ് ജയിച്ചു.

തിരുവനന്തപുരത്തെ അഡ്‌മിസിട്രേറ്റര്‍മാര്‍ക്ക് വോട്ടില്ലായിരുന്നുവെങ്കില്‍ അഞ്ച്-നാലിന് മറുപക്ഷം ജയിക്കുമായിരുന്നു. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം അനുവദിച്ചത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ മില്‍മാ ചെയര്‍മാന്റെ തെരഞ്ഞെടുക്കല്‍ കോടതിയില്‍ എത്തുമെന്ന് വ്യക്തമാണ്. സഹകരണ മേഖലയെ പിടിച്ചെടുത്ത് നശിപ്പിച്ച സിപിഎം മില്‍മയേയും തകര്‍ക്കുമെന്നാണ് പ്രമുഖ കോണ്‍ഗ്രസ് സഹകാരി മറുനാടനോട് പ്രതികരിച്ചത്.

കോണ്‍ഗ്രസിലെ പി.എ. ബാലന്മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഫെഡറേഷന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധി കെ.എസ്. മണിയാണ് വിജയിച്ചത്. ആകെയുള്ള 12 വോട്ടുകളില്‍ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്ത മൂന്നുപേരുടേതുള്‍പ്പെടെ ഏഴു വോട്ടുകള്‍ നേടിയാണ് ഇടതുപ്രതിനിധി വിജയിച്ചത്. കോണ്‍ഗ്രസിലെ ജോണ്‍ തെരുവത്തിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. മില്‍മ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം.

കഴിഞ്ഞ മില്‍മ മേഖല തെരഞ്ഞെടുപ്പില്‍ മലബാര്‍ യൂനിയന്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. ഇവിടെയുള്ള നാലുപ്രതിനിധികളും ഇടതുമുന്നണിക്ക് ലഭിച്ചു. തിരുവനന്തപുരം മേഖല പിരിച്ചുവിടുകയും അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇവിടെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത മൂന്നുപേര്‍ക്ക് വോട്ടവകാശം ലഭിച്ചതോടെയാണ് കോണ്‍ഗ്രസിെന്റ പതിറ്റാണ്ടുകളായുള്ള മില്‍മയിലെ ആധിപത്യം നഷ്?ടമായത്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത മൂന്നുപേരുടെ വോട്ട് അംഗീകരിച്ചതിനെതിരെ ഹൈക്കോടതിയില്‍ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണനക്ക് വരുന്നുണ്ട്.

മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയിലെ തെരഞ്ഞെടുപ്പിലും അട്ടിമറി നടന്നിരുന്നു. സാധാരണ മേഖലാ യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക. ഭരണസമിതി തിരഞ്ഞെടുപ്പിന്റെ നിയമാവലി മാറ്റിയതിലൂടെയാണ് മേഖലാ യൂണിയന്റെ ഭരണം സിപിഎം. പിടിച്ചെടുത്തത്. നിയമം മാറ്റി അതത് ജില്ലകളിലെ ഭരണസമിതി ഭാരവാഹികളെ, അതത് ജില്ലയിലെ പ്രാഥമിക സഹകരണ സംഘം പ്രസിഡന്റുമാര്‍ തിരഞ്ഞെടുക്കണമെന്ന രീതിയില്‍ മില്‍മയുടെ ബൈലോയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൂടാതെ മില്‍മ മേഖലാ യൂണിയന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിത അളവ് പാല്‍ മില്‍മയ്ക്ക് നല്‍കിയിരിക്കണമെന്ന ചട്ടവും സര്‍ക്കാര്‍ മാറ്റി. ഇതോടെ മേഖലാ യൂണിയന് കീഴിലുള്ള എല്ലാ സംഘം പ്രസിഡന്റുമാര്‍ക്കും വോട്ടവകാശം ലഭിച്ചു. മേഖലാ യൂണിയന്‍ ചെയര്‍മാനായിരുന്ന കെ.എന്‍.സുരേന്ദ്രന്‍ നായര്‍ കാസര്‍കോഡ് ജില്ലയില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മില്‍മ ചെയര്‍മാനായിരുന്ന പി.ടി.ഗോപാലകുറുപ്പ് പ്രതിനിധാനം ചെയ്യുന്ന വയനാട് ജില്ലയില്‍ പട്ടികജാതി സംവരണമായതോടെ അദ്ദേഹത്തിന് മത്സരിക്കാനുമായില്ല.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top