'കഴിഞ്ഞ തവണ ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് 1,956 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇത്തവണ പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാന്‍ ജയിച്ചത്.
നന്ദിഗ്രാമിലെ ഹിന്ദു ജനത എന്നെ വീണ്ടും വിജയിപ്പിച്ചു. അവിടെ മുസ്ലിം വോട്ടുകള്‍ പൂര്‍ണ്ണമായും ടിഎംസിക്കാണ് ലഭിച്ചത്. ഇവര്‍ തീവ്രവാദ നിലപാടുള്ളവരാണ്. അതുകൊണ്ട് തന്നെ എന്റെ പാത ശരിയാണ്. ഇനി നന്ദിഗ്രാമിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമായിരിക്കും ഞാന്‍ പ്രവര്‍ത്തിക്കുക.''- ഒരു തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറിയതിനുശേഷം ഒരു എംഎല്‍എ ഇങ്ങനെ പറയുക എന്നുപറഞ്ഞാല്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. പക്ഷേ ബംഗാളില്‍ അത്തരം പ്രചാരണങ്ങള്‍ സ്വാഭാവികം മാത്രം. പറയുന്നത് വെറുമൊരു എംഎല്‍എയല്ല, പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയാവുമെന്ന് കരുതപ്പെടുന്ന സുവേന്ദു അധികാരിയാണ്്! നന്ദിഗ്രാമിന് പുറമേ ഭവാനിപൂരിലും അദ്ദേഹം ജയിച്ചുകയറി. അവിടെ സുവേന്ദു തോല്‍പ്പിച്ചത് സാക്ഷാല്‍ മമതാ ബാനര്‍ജിയെയാണ്. ഒന്നും രണ്ടുമല്ല, പതിനഞ്ചായിരം വോട്ടിന്റെ ഭൂരിപക്ഷം. ശരിക്കും പുലിമടയില്‍ കയറി പുലിയെ പിടിച്ച ഗില്ലാഡിയാണ് സുവേന്ദു. ബംഗാള്‍ കടുവ എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
മമതക്ക് ഒത്ത എതിരാളിയാണ് സുവേന്ദു. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നാണ് ശൈലി. താന്‍ എല്ലാവുടെയും നേതാവാണ് എന്ന വിശാല മന:സ്ഥിതിയൊന്നും അദ്ദേഹത്തിനില്ല. താന്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക എന്ന് പച്ചക്ക് പറയും! ഇത് സുവേന്ദുവിന് പെട്ടെന്ന് ഉണ്ടായ ഒരു നിലപാട് മാറ്റമല്ല 2024ല്‍ ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ വെച്ച് 'സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം) നിര്‍ത്തലാക്കണമെന്നും, തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം മാത്രം നിന്നാല്‍ മതിയെന്നും' അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ ആവശ്യം പാര്‍ട്ടിയിലില്ലെന്നും സുവേന്ദു അന്ന് പറഞ്ഞിരുന്നു.
ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടായിരുന്നിട്ടും, ബംഗാളില്‍ ബിജെപി വളരാത്തതിന് പ്രധാനകാരണമായി വിലയിരുത്തപ്പെട്ടത് ബംഗാളി പൈതൃകമുള്ള നേതാക്കള്‍ ഇല്ലാത്തതാണ്. ബിജെപി ഒരു ഹിന്ദി ഗോസായി പാര്‍ട്ടിയാണെന്നും, അവര്‍ ബംഗ്ലാ ദേശീയതക്ക് എതിരാണെന്നും പ്രചരിപ്പിക്കാന്‍ തൃണമൂലിന് ഇതുമൂലം എളുപ്പം കഴിഞ്ഞു. പക്ഷേ ആ നേതൃത്വ വിടവ് പരിഹരിക്കപ്പെടുന്നത് സുവേന്ദു വന്നതിനുശേഷമാണ്.
ഒരു ക്രൗഡ്പുള്ളറെ തേടി ബിജെപി
ബിജെപിയെ സംബന്ധിച്ച് അവുടെ ആദര്‍ശ പിതാവായി അറിയപ്പെടുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടാണ് ബംഗാള്‍. കൊല്‍ക്കത്തയിലാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചത്. 1951-ല്‍ ഭാരതീയ ജനസംഘം സ്ഥാപിച്ചു. 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ സൗത്ത് കൊല്‍ക്കത്തയില്‍ നിന്ന് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് തൊട്ട് സംഘപരിവാര്‍ ബംഗാളിലുണ്ട്.
1980-ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ആദ്യ സംസ്ഥാന അധ്യക്ഷനായത് മാസ്റ്റര്‍ മോശായ് ഹരിപദ ഭാരതിയാണ്. ഹൗറയിലെ നരസിംഹ ദത്ത് കോളേജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം മികച്ച വാഗ്മിയുമായിരുന്നു. 1977-ല്‍ അദ്ദേഹം എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1990-കളില്‍ ബംഗാളില്‍ ബിജെപിയെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് തപന്‍ സിക്തര്‍. രണ്ട് തവണ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം ദംദം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എംപിയാകുകയും വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുകയും ചെയ്തു.
അപ്പോഴും ഒരു ക്രൗഡ് പുള്ളറുടെ അഭാവം ബിജെപിയില്‍ ഉണ്ടായിരുന്നു. ബംഗാളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ജനപ്രിയരായ വ്യക്തിത്വങ്ങളെ ബിജെപി പലപ്പോഴായി പരിഗണിച്ചിരുന്നു. സിനിമാനടന്‍ മിഥുന്‍ ചക്രവര്‍ത്തി, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരെയൊക്കെ മുന്നില്‍ നിര്‍ത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിരുന്നു. ബംഗാളിലെ ബിജെപിയുടെ മുഖ്യമന്ത്രി മുഖമായി ഗാംഗുലി എത്തുമെന്ന് പലപ്പോഴും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ രാജ്യസഭയിലേക്കും പരിഗണിച്ചിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്ന് ഗാംഗുലി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. 2026-ലെ തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ തള്ളിക്കളയുകയും ഒരു സാധാരണ പൗരനായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ മിഥുന്‍ ചക്രവര്‍ത്തി ഇന്നും ബിജെപിക്ക് ഒപ്പമുണ്ട്. 2021-ല്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വെച്ചാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിയെ വിജയിപ്പിക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി 2014 മുതല്‍ 2016 വരെ മിഥുന്‍ ചക്രവര്‍ത്തി രാജ്യസഭാ എംപിയായിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം ബിജെപിക്ക് വേണ്ടി ശക്തമായ പ്രചാരണം നടത്തി. ബംഗാളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ താരപരിവേഷം പാര്‍ട്ടി ഉപയോഗപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മിഥുന്‍ ചക്രവര്‍ത്തി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ പലതരത്തിലുള്ള സാധ്യതകള്‍ പരിഗണിച്ചശേഷമാണ് ബിജെപി, തൃണമുല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍ എന്ന് അറിയപ്പെട്ടിരുന്ന സുവേന്ദു അധികാരയെ റാഞ്ചിയെടുത്തത്. ഇപ്പോള്‍ അയാള്‍ മമതയെവരെ തറപറ്റിച്ചുകൊണ്ട്, ഇരുനൂറ് സീറ്റിലേറെ നേടിയ മഹാവിജയവുമായി ബംഗാള്‍ ബിജെപിക്ക് സമ്മാനിക്കയാണ്.
കോണ്‍ഗ്രസുകാരനായി തുടക്കം
1970 ഡിസംബര്‍ 15-ന് പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലുള്ള കര്‍ക്കുലിയിയിലാണ് സുവേന്ദു അധികാരി ജനിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ സിസിര്‍ കുമാര്‍ അധികാരിയുടെ മകനാണ്. ചെറുപ്പം മുതല്‍ക്കേ പൊളിറ്റിക്സ് ഭക്ഷിച്ചാണ് താന്‍ വളര്‍ന്നത് എന്നാണ് അദ്ദേഹ പറയാറുള്ളത്. പിതാവ് സിസിര്‍ അധികാരിയുടെ കഥ പറയാതെ സുവേന്ദുവിന്റെ ജീവിതം പൂര്‍ണ്ണമാവില്ല.
തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സിസിര്‍ കുമാര്‍ അധികാരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. 1982-ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി അദ്ദേഹം നിയമസഭയിലെത്തി. മമത തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയതോടെ, പാര്‍ട്ടി മാറിയ അദ്ദേഹം പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായും മിഡ്നാപ്പൂര്‍ മേഖലയിലെ പാര്‍ട്ടിയുടെ മുഖമായും വളര്‍ന്നു. 2001-ല്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. സിസിര്‍ കുമാര്‍ അധികാരി ദീര്‍ഘകാലം ബംഗാളിലെ കാന്തി ലോക്‌സഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 2009 മുതല്‍ 2024 വരെ തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. മന്‍മോഹന്‍ സിംഗ് നയിച്ച രണ്ടാം യുപിഎ സര്‍ക്കാരില്‍, 2009 മെയ് മുതല്‍ 2012 സെപ്റ്റംബര്‍ വരെ അദ്ദേഹം ഗ്രാമവികസന വകുപ്പ് സഹമന്ത്രിയായിരുന്നു. ഈ സമയത്ത് മകന്‍ സുവേന്ദവും ത്രിണമൂലില്‍ എത്തിയിരുന്നു. പക്ഷേ പിതാവിനേക്കാള്‍ വേഗത്തില്‍ മകന്‍ വളര്‍ന്നു. പിന്നീട് സുവേന്ദു ബിജെപിയിലെത്തിയപ്പോള്‍ പിതാവും മകനൊപ്പം ബിജെപിയിലെത്തി. പ്രായക്കൂടുതല്‍ കാരണമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിസര്‍ അധികാരി മത്സരിച്ചിരുന്നില്ല.
രാഷ്ട്രീയത്തില്‍ തന്റെ റോള്‍ മോഡല്‍ പിതാവാണെന്നാണ് സുവേന്ദു അധികാരി ഇപ്പോഴും പറയുന്നത്. കാന്തൈ ഹൈസ്‌കൂളില്‍ നിന്നാണ് സുവേന്ദു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് രവീന്ദ്രഭാരതി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. ആ സമയത്തുതന്നെ പിതാവിന്റെ തണലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. സുവേന്ദുവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 1995-ല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായാണ്. 1998-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പിതാവിനൊപ്പം അദ്ദേഹം അതില്‍ ചേര്‍ന്നു. പിന്നെ ശരവേഗത്തിലായിരുന്നു സുവേന്ദുവിന്റെ വളര്‍ച്ച.
നന്ദിഗ്രാം സമരത്തിലെ തീപ്പൊരി
സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു, 2007-ലെ നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ സമരം. 33 വര്‍ഷത്തെ ഇടതുഭരണത്തെ താഴെയിറക്കി മമത ബാനര്‍ജിയെ അധികാരത്തിലേറ്റുന്നതില്‍ സുവേന്ദു നയിച്ച ഭുമി ഉച്ഛേദ് പ്രതിരോധ സമിതി വഹിച്ച പങ്ക് വളരെ വലുതാണ്. ഈ സമരം അധികാരിയെ ഒരു പ്രാദേശിക നേതാവില്‍ നിന്ന് സംസ്ഥാനതലത്തിലുള്ള 'ജനനായകനായി' ഉയര്‍ത്തി. നന്ദിഗ്രാമിലെ കൃഷിഭൂമി പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഏറ്റെടുക്കാനുള്ള ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂപീകരിച്ച ഭൂമി ഉച്ഛേദ് പ്രതിരോധ സമിതിയുടെ മുഖ്യ സംഘാടകനായിരുന്നു സുവേന്ദു. രാഷ്ട്രീയ വ്യത്യാസമില്ലാതെ കര്‍ഷകരെ ഒരുമിച്ച് അണിനിരത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അക്കാലത്ത് സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടയായിരുന്നു കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ല. സായുധരായ സി.പി.എം കേഡര്‍മാരെയും പോലീസിനെയും നേരിട്ട് പ്രതിരോധിക്കാന്‍ സുവേന്ദുവിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പോലീസിന് ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം റോഡുകള്‍ വെട്ടിപ്പൊളിച്ചും പാലങ്ങള്‍ തകര്‍ത്തും നന്ദിഗ്രാമിനെ ഒരു 'സ്വതന്ത്ര മേഖല'യായി നിലനിര്‍ത്താന്‍ സുവേന്ദു നേതൃത്വം നല്‍കി. ഗ്രാമങ്ങളിലെ സാധാരണക്കാരെയും സ്ത്രീകളെയും സമരത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍, നന്ദിഗ്രാമിലെ മണ്ണില്‍ നേരിട്ട് നിന്ന് സമരം നയിച്ചത് സുവേന്ദുവായിരുന്നു. മമതയുടെ 'മാ മാതി മാനുഷ്' (അമ്മ, മണ്ണ്, മനുഷ്യന്‍) എന്ന മുദ്രാവാക്യത്തിന് താഴെത്തട്ടില്‍ കരുത്തുപകര്‍ന്നത് സുവേന്ദുവിന്റെ സംഘാടന മികവാണ്. 'കര്‍ഷകരുടെ പാര്‍ട്ടി' എന്ന സിപിഎമ്മിന്റെ അവകാശവാദത്തെ നന്ദിഗ്രാമിലൂടെ സുവേന്ദു തകര്‍ത്തു. കര്‍ഷകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് (2007 മാര്‍ച്ച് 14) നടന്നതോടെ ഇടതുപക്ഷം ഒറ്റപ്പെട്ടു.
നന്ദിഗ്രാം സമരത്തിന് പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലും 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ മിഡ്‌നാപ്പൂര്‍ മേഖലയില്‍ നിന്ന് തുടച്ചുനീക്കാന്‍ സുവേന്ദുവിന് കഴിഞ്ഞു. ഇത് 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുഭരണം അവസാനിക്കുന്നതിലേക്ക് നയിച്ചു. മമത ബാനര്‍ജി സമരത്തിന്റെ മുഖമായിരുന്നെങ്കില്‍ സുവേന്ദു അധികാരി ആ സമരത്തിന്റെ നട്ടെല്ലായിരുന്നു. ഇന്നും നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കിടയില്‍ സുവേന്ദുവിനുള്ള സ്വാധീനത്തിന് കാരണം 2007-ലെ ഈ പോരാട്ടമാണ്.
മമതയുമായി തെറ്റിപ്പിരിയുന്നു
2011-ല്‍ മമത ബാനര്‍ജി ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ സുവേന്ദു അധികാരി തംലുക്ക് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2014-ലും അദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ നന്ദിഗ്രാം ഹീറോയെ വെറുമൊരും എം പിയാക്കി ചുരുക്കാന്‍ മമത തയ്യാറായില്ല. ഡല്‍ഹിയിലെ രാഷ്ട്രീയത്തേക്കാള്‍ ബംഗാളിലെ ഗ്രാമീണ തലത്തില്‍ സുവേന്ദുവിനുള്ള സ്വാധീനം ഭരണത്തിന് കരുത്തുപകരുമെന്ന് ടിഎംസി കണക്കുകൂട്ടി. 2011-ല്‍ ഇടതുപക്ഷത്തെ താഴെയിറക്കിയതില്‍ മുഖ്യപങ്കുവഹിച്ച സുവേന്ദുവിനെ 2016-ലെ രണ്ടാം മമത സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2016 മെയ് മാസത്തില്‍ അദ്ദേഹം ലോക്സഭാ അംഗത്വം രാജിവെക്കുകയും നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച് ജയിച്ച് ഗതാഗത വകുപ്പ് മന്ത്രിയാകുകയും ചെയ്തു.സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമായ നന്ദിഗ്രാമില്‍ നിന്ന് തന്നെ അദ്ദേഹം മത്സരിക്കണമെന്ന് മമതയാണ് തീരുമാനിച്ചത് ( പിന്നീട് അത് മമതക്കുതന്നെ വിനയായി. നന്ദിഗ്രാമില്‍ മമതയെ സുവേന്ദു മുട്ടുകുത്തിച്ചത് പില്‍ക്കാല ചരിത്രം) ഗതാഗതത്തിന് പുറമെ ജലസേചനം, ജലവിഭവ വികസനം തുടങ്ങിയ പ്രധാന വകുപ്പുകളും സുവേന്ദു കൈകാര്യം ചെയ്തു. കൂടാതെ ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാനായും സുവേന്ദു സേവനമനുഷ്ഠിച്ചു.
ദീര്‍ഘകാലം മമത ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയും സംഘാടകനുമായിരുന്നു. തീപ്പൊരി പ്രാസംഗികന്‍ കൂടിയായ സുവേന്ദു പാര്‍ട്ടിയിലെ രണ്ടാമന്‍ എന്നാണ് അറിയപ്പെട്ടത്. എന്നാല്‍ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പാര്‍ട്ടിയിലെ വളര്‍ച്ചയും പ്രാധാന്യവും സുവേന്ദുവിനെ അതൃപ്തനാക്കി. പാര്‍ട്ടിക്ക് വേണ്ടി താഴെത്തട്ടില്‍ കഷ്ടപ്പെട്ട തന്നെ അവഗണിച്ച് മമത കുടുംബത്തിന് മുന്‍ഗണന നല്‍കുന്നു എന്നതായിരുന്നു സുവേന്ദുവിന്റെ പ്രധാന പരാതി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ ഉപദേശകനായി എത്തിയ പ്രശാന്ത് കിഷോര്‍ പാര്‍ട്ടി സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സുവേന്ദുവിനെപ്പോലുള്ള പഴയകാല നേതാക്കളുടെ അധികാരം കുറച്ചു.
പാര്‍ട്ടിക്കുള്ളിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതായും തന്റെ അനുയായികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം വിശ്വസിച്ചു. കിഴക്കന്‍ മിഡ്‌നാപ്പൂര്‍ മേഖലയിലെ തന്റെ ആധിപത്യം തകര്‍ക്കാന്‍ അഭിഷേക് ബാനര്‍ജി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഈ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 2020 നവംബറില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്നും ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെച്ചു. ഒരു പറ്റിയ ബംഗാളി നേതാവിനെ കിട്ടാന്‍ തക്കം പാര്‍ത്തിരുന്ന അമിത്ഷായും കൂട്ടുരും ഈ അവസരം നന്നായി മുതലെടുത്തു. അവര്‍ സുവേന്ദുവിനെ ഒപ്പം കുട്ടി.
മമതയെ തോല്‍പ്പിച്ച് പ്രതികാരം
2020 ഡിസംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ ഒരു കാലുമാറി പോയാലൊന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നായിരുന്നു മമതയുടെ ധിക്കാരത്തോടെയുള്ള പ്രതികരണം. പക്ഷേ സുവേന്ദു അന്നുതന്നെ പറഞ്ഞു. ഇതാ മമതയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു! 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് തൃണമൂല്‍ നേരിട്ടത്. പല സര്‍വേകളും എക്്സിറ്റ്പോളുകളും ബിജെപിയുടെ ജയമാണ് പ്രവചിച്ചത്.
അന്ന്, സുവേന്ദുവിന്റെ വെല്ലുവിളിയാണ് മമതയെ നന്ദിഗ്രാമില്‍ എത്തിച്ചത്. നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നും, മത്സരിച്ചാല്‍ 50,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും സുവേന്ദു പരസ്യമായി വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്താണ് മമത തന്റെ സുരക്ഷിത മണ്ഡലമായ ഭബാനിപൂര്‍ ഉപേക്ഷിച്ച് സുവേന്ദുവിന്റെ തട്ടകമായ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. മമതയെ അധികാരത്തിലേറ്റിയ 2007-ലെ ചരിത്രപ്രധാനമായ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ജനവികാരം അനുകൂലമാക്കാനും സുവേന്ദുവിന്റെ വഞ്ചനയ്ക്ക് മറുപടി നല്‍കാനും ഈ തീരുമാനം സഹായിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ ഫലം വന്നപ്പോള്‍, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ മമത ബാനര്‍ജി പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സുവേന്ദു അധികാരി മമത ബാനര്‍ജിയെ 1,956 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
294 അംഗ നിയമസഭയില്‍ 213 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ച തൃണമുല്‍ ഉറപ്പാക്കിയപ്പോള്‍, ബിജെപി 77 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നു. 2016-ല്‍ വെറും 3 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ബംഗാള്‍ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ഒരു സീറ്റ് പോലും നേടാനായില്ല. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടി വിജയിച്ചതിനാല്‍ മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് ഭബാനിപൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ജയിക്കുകയും ചെയ്തു. ഇതിനുള്ള പ്രതികാരം ഈ തിരഞ്ഞെടുപ്പിലാണ് സുവേന്ദുവീട്ടിയത്.
നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ചതോടെ ജയന്റ് കില്ലര്‍ എന്ന പേരാണ് സുവേന്ദുവിന് കിട്ടിയത്. അദ്ദേഹം പ്രതിപക്ഷ നേതാവായി സഭക്ക് അകത്തും പുറത്തും നിറഞ്ഞുനിന്ന 5 വര്‍ഷമാണ് കടുന്നുപോയത്. ഒടുവില്‍ കഴിഞ്ഞ തവണത്തെ തന്ത്രം സുവേന്ദു തിരിച്ചിട്ടു. ഇത്തവണ നന്ദിഗ്രാമിനൊപ്പം, മമതയുടെ തട്ടകമായ ഭബാനിപൂരിലും മത്സരിച്ചു. മടയില്‍പോയി പുലിയെ ആക്രമിക്കുക എന്നതായിരുന്നു ആ തന്ത്രം. വല്ലാത്ത ഒരു സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു അത്. (വി ഡി സതീശന്‍ പറവൂരിനൊപ്പം, ധര്‍മ്മടത്തു മത്സരിച്ചാലുള്ള അവസ്ഥ എന്താവും) അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് അങ്ങനെ ചെയ്തത് എന്ന് സുവേന്ദുതന്നെ പറഞ്ഞിരുന്നു. ഭബാനിപൂരില്‍ സുവേന്ദു അധികാരി പത്രിക നല്‍കാന്‍പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നതും, കേന്ദ്ര ആഭ്യന്തര അമിത്ഷായാണ്! ഈ പ്രചാരണ കോലാഹലങ്ങളില്‍ വിരണ്ടുപോയ മമതയെ ഇത്തവണ കൂടുതല്‍ സമയം മണ്ഡലത്തിനുള്ളില്‍ ചിലവഴിക്കേണ്ടിവന്നു. എന്നിട്ടും ഫലം വന്നപ്പോള്‍ ബംഗാള്‍ മാത്രമല്ല ഇന്ത്യയും ഞെട്ടി. മുഖ്യമന്ത്രി മമതാബാനര്‍ജി 15,000 വോട്ടുകള്‍ക്ക് തോറ്റു! ഇരുനൂറിലേറെ സീറ്റ് നേടി ബിജെപി ബംഗാള്‍ പിടിച്ചു.
എന്നും വിവാദനായകന്‍
ഇപ്പോള്‍ ബംഗാളിന്റെ നിയുക്ത മുഖ്യമന്ത്രിയായി പരിഗണിക്കുന്ന പേരും സുവേന്ദു അധികാരിയുടേതാണ്. ബംഗാളില്‍ അങ്ങോളമിങ്ങോളം പ്രചാരണം നടത്തിയ അമിത്ഷായുമായുള്ള അടുത്ത ബന്ധമാണ് സുവേന്ദുവിന്റെ ബലം. തൃണമൂലില്‍നിന്ന് അടവുകള്‍ പഠിച്ച സുവേന്ദു, അവരുടെ തന്ത്രങ്ങളെല്ലാം പൊളിച്ചുകളഞ്ഞു. തങ്ങളുടെ വോട്ട് ആദ്യം പോള്‍ ചെയ്തതിനുശേഷം, അക്രമം അഴിച്ചുവിട്ട്, വോട്ടര്‍മാരെ പോളിങ്ങ് ബൂത്തില്‍ എത്തിക്കാതിരിക്കയായിരുന്നു തൃണമൂലിന്റെ ഒരു രീതി. ഇത് പൊളിച്ചത് അമിത്ഷാ നിയോഗിച്ച രണ്ടരലക്ഷം വരുന്ന കേന്ദ്ര സേനയാണ്.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ ടിഎംസിയുടേത് അല്ലാത്ത മറ്റ് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നത്തിന് നേരെ ചുവന്ന ടേപ്പ് ഒട്ടിക്കുകയോ മഷി പുരട്ടുകയോ ചെയ്ത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു രീതി തൃണമൂലിന് ഉണ്ടായിരുന്നു. ഇവിഎമ്മിന്റെ എതിരാളികളുടെ ചിഹ്നത്തില്‍ അത്തര്‍ പുരട്ടുകയും, പിന്നീട് വോട്ട് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ ആ കൈ മണത്തു നോക്കി അവര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്യുന്നു എന്ന വിചിത്രമായ ആരോപണവും ബംഗാളില്‍ കേള്‍ക്കാറുണ്ട്. ഇതെല്ലാം സുവേന്ദുവിന് കൃത്യമായി അറിയാം. ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആറായിരത്തോളം തൃണമൂല്‍ ഗുണ്ടകളെയാണ് കേന്ദ്രസേന കരുതല്‍ തടങ്കലിലാക്കിയത്. പോളിങ്ങ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയില്‍ സംസ്ഥാന പൊലീസിനെ പ്രവേശിപ്പിച്ചില്ല. മൊത്തം കേന്ദ്ര സേന നിയന്ത്രിച്ചു.
യോഗി ആദിത്യനാഥിന്റെ പ്രിയപ്പെട്ട എന്‍കൗണ്ടര്‍ വിദഗ്ധനായ ഐപിഎസ് ഓഫീസര്‍ അജയ് പാല്‍ ശര്‍മ്മയെയാണ് പശ്ചിമ ബംഗാളില്‍ പോലീസ് ഒബ്സര്‍വറായി നിയമിച്ചത്. നൂറിലധികം എന്‍കൗണ്ടറുകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തെ 'യുപിയിലെ സിംഹം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇലക്ഷന്‍ കമ്മീഷനാണ് അദ്ദേഹത്തെ ബംഗാളിലേക്ക് നിയോഗിച്ചത്. പ്രത്യേകിച്ച് സൗത്ത് 24 പര്‍ഗാനാസ് പോലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടകളില്‍ അദ്ദേഹം നിരീക്ഷകനായി സേവനമനുഷ്ഠിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്റെ കുടുംബത്തോട്, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അജയ് പാല്‍ ശര്‍മ്മ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ വലിയ വാര്‍ത്തയായിരുന്നു. ഇതോടെ വിരണ്ടുപോയ പല തൃണമൂല്‍ ഗുണ്ടകളും നാടുതന്നെ വിട്ടു.
ഇങ്ങനെയൊക്കൊണ് ബംഗാളില്‍ സമാധാനപൂര്‍വമായ ഇലക്ഷന്‍ സാധിച്ചത്. എക്‌സിറ്റ്‌പോളിനോടുപോലും പ്രതികരിക്കാന്‍ ജനത്തിന് പേടിയായിരുന്നു. ആക്‌സിസ് മൈ ഇന്ത്യ അവരുടെ ബംഗാള്‍ എക്‌സിറ്റ്‌പോള്‍ ഒഴിവാക്കിയത് 80 ശതമാനം വോട്ടര്‍മാരും പ്രതികരിക്കാത്തതുകൊണ്ടാണ്! ഇപ്പോള്‍ സുവേന്ദു അധികാരത്തിലേക്ക് വന്നാലുള്ള പേടി, നേരത്തെ ബിജെപി പ്രവര്‍ത്തകരെ കൊന്നതിനും ആക്രമിച്ചതിനും വലിയ രീതിയിലുള്ള തിരിച്ചടി ഉണ്ടാവുമോ എന്നാണ്. തൃണമൂലിനെപ്പോലെ അടിക്ക് അടി, വെട്ടിന് വെട്ട്, കണ്ണിന് കണ്ണ് എന്നതായിരുന്നു സുവേന്ദുവിന്റെയും ശൈലി. നാക്കിന് എല്ലില്ല, വാക്കിന് മയവുമില്ല. ബിജെപിക്ക് അധികാരം കിട്ടിയ ഉടനെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, ഇത് പ്രതികാരത്തിനുള്ള സമയമല്ല എന്നാണ്. അത് സുവേന്ദുവിനുകൂടിയുള്ള ഒരു താക്കീതയാണ് വിലയിരുത്തപ്പെടുന്നത്.
വാല്‍ക്കഷ്ണം: രാജ്യസുരക്ഷക്ക് കൂടി ഭീഷണി ഉയര്‍ത്തി മമതയുടെ നിലപാടുകള്‍. ബംഗ്ലാദേശില്‍നിന്ന് വന്ന കുടിയേറ്റക്കാരെ വോട്ടുബാങ്കാക്കി. എന്തിന്, ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലമെടുപ്പിനോട് പോലും നിസ്സഹകരിച്ച് രാജ്യ സുരക്ഷ അപകടത്തിലാക്കി. അതെല്ലാം ഉയര്‍ത്തിക്കാട്ടിയായിരുന്നു സുവേന്ദുവിന്റെ കാമ്പയിന്‍.

