Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രൊമോട്ട് ചെയ്തത് സ്വകാര്യ സ്‌കൂളിനെയെന്ന് ആക്ഷേപം; ഡിഇഒ ഓഫീസില്‍ അപമാനവും മാനസിക പീഡനവും! സസ്‌പെന്‍ഷന് പിന്നാലെ അധ്യാപിക രാജി വെച്ചു!

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രൊമോട്ട് ചെയ്തത് സ്വകാര്യ സ്‌കൂളിനെയെന്ന് ആക്ഷേപം; ഡിഇഒ ഓഫീസില്‍ അപമാനവും മാനസിക പീഡനവും! സസ്‌പെന്‍ഷന് പിന്നാലെ അധ്യാപിക രാജി വെച്ചു!

മ്മം: ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സ്വകാര്യ സ്‌കൂളിനെ പ്രൊമോട്ട് ചെയ്‌തെന്ന ആരോപണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക 12 വര്‍ഷത്തെ സേവനത്തിന് ശേഷം ജോലിയില്‍ നിന്ന് രാജിവെച്ചു.

ഖമ്മം ജില്ലയിലെ മാമില്ലഗുഡെം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഭുക്യ ഗൗതമിയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താന്‍ സര്‍വീസില്‍ നിന്ന് രാജിവെക്കുന്ന കാര്യം ഇവര്‍ പരസ്യമാക്കിയത്.

കഴിഞ്ഞ ജനുവരിയിലാണ് വിവാദ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. സോഷ്യല്‍ മീഡിയ വഴി ഒരു സ്വകാര്യ സ്‌കൂളിലെ പ്രവേശനം പ്രോത്സാഹിപ്പിക്കുകയും, താന്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ ജോലിയില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തു എന്നാരോപിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും, വിവാദമായ റീലുകള്‍ സ്‌കൂള്‍ സമയത്തല്ല ചിത്രീകരിച്ചതെന്നും സ്വന്തം വീട്ടില്‍ വെച്ചാണ് ഇവ നിര്‍മ്മിച്ചതെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു.

സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ (DEO) നിന്ന് കടുത്ത അപമാനവും മാനസിക പീഡനവുമാണ് നേരിടേണ്ടി വന്നതെന്ന് ഗൗതമി പങ്കുവെച്ച വീഡിയോയില്‍ ആരോപിക്കുന്നു. നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥരെ കാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുകയും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയും ചെയ്തതായി ഇവര്‍ പറയുന്നു. തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങളും ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മര്‍ദ്ദവുമാണ് ഒടുവില്‍ രാജിവെക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ട കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും, കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി പ്രത്യേക ഇംഗ്ലീഷ് ക്ലാസുകള്‍ ഉള്‍പ്പെടെ തന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നതായും വികാരാധീനയായി അവര്‍ ഓര്‍ത്തെടുത്തു. അധ്യാപികയുടെ രാജി വാര്‍ത്തയും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വിദ്യാഭ്യാസ മേഖലയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali