ഇസ്ലാമാബാദ്: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം സജീവ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ.
ഭീകരസംഘടനയുടെ പ്രമുഖ നേതാവും കൂട്ടാളിയുമായ റിസ്വാന്‍ ഹനീഫിന്റെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അടുത്ത കാലത്തായി പാകിസ്താന്റെ മണ്ണില്‍ ലഷ്‌കറെ തൊയ്ബ നേരിട്ട കനത്ത നാശനഷ്ടങ്ങളുടെയും തിരിച്ചടികളുടെയും വ്യക്തമായ സ്ഥിരീകരണമാണ് ഈ പരസ്യമായ കുറ്റസമ്മതം. തങ്ങളുടെ ആളുകളെ ഓരോരുത്തരെയായി വേട്ടയാടിപ്പിടിക്കുന്ന സംഘത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ഭീകരനേതാവിന്റെ പ്രധാന ആരോപണം.
'അജ്ഞാത തോക്കുധാരി'കളെ ഉപയോഗിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹനീഫ് തന്റെ പ്രസംഗത്തില്‍ ആരോപിക്കുന്നു. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവല്‍ക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്‌കര്‍ ഭീകരര്‍ കൃത്യമായ ആസൂത്രണത്തോടെ വധിക്കപ്പെട്ടത്.
ഇന്ത്യയിലെ സുരക്ഷാ സേനകളെയും നിരപരാധികളായ പൗരന്മാരെയും ലക്ഷ്യമിട്ട് പതിറ്റാണ്ടുകളായി ഭീകരാക്രമണം നടത്തുന്നവര്‍ സ്വന്തം താവളങ്ങളില്‍ പോകും സുരക്ഷിതരല്ലെന്ന ഭയം ഇപ്പോള്‍ പാക് മണ്ണില്‍ പടര്‍ന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ തന്ത്രപരമായ നീക്കങ്ങളെയും 'ദുരന്തര്‍' മോഡല്‍ രഹസ്യ ഓപ്പറേഷനുകളെയും ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഈ അജ്ഞാത ആക്രമണങ്ങള്‍ നടക്കുന്നത്.
പാക് അധിനിവേശ കശ്മീരില്‍ പോലും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സമാധാനത്തോടെയും ശാന്തതയോടെയും ജീവിക്കാന്‍ സാധിക്കുന്നില്ല എന്നും ഇന്ത്യന്‍ ഏജന്റുകള്‍ തങ്ങളുടെ ആളുകളെ വധിക്കുകയാണെന്നും ഹനീഫ് അവകാശപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ പാഞ്ഞെത്താം എന്ന ഭീതിയിലാണ് ഭീകരനേതാക്കള്‍ കഴിച്ചുകൂട്ടുന്നത്. ഭീകരര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മറ്റ് മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് അങ്ങേയറ്റം വിദ്വേഷകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളും ഇയാള്‍ പ്രസംഗത്തില്‍ നടത്തിയിട്ടുണ്ട്. കേവലം മതവിശ്വാസത്തിന്റെ പേരിലാണ് തങ്ങള്‍ ലക്ഷ്യമിടപ്പെടുന്നതെന്ന് വരുത്തിതീര്‍ക്കാനും അന്താരാഷ്ട്ര തലത്തില്‍ അനുകമ്പ പിടിച്ചെടുക്കാനുമാണ് ഭീകരസംഘടന ഇതിലൂടെ ശ്രമിക്കുന്നത്.
അടുത്തിടെ പാകിസ്താനിലെ വിവിധ കോണുകളില്‍ വെടിയേറ്റു മരിച്ച പ്രമുഖ ഭീകരരുടെ പട്ടിക പരിശോധിച്ചാല്‍ ലഷ്‌കറെ തൊയ്ബയ്ക്ക് സംഭവിച്ച നാശത്തിന്റെ ആഴം വ്യക്തമാകും. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളും ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമായിരുന്ന സാജിദ് മിര്‍, കറാച്ചിയില്‍ വെച്ച് വെടിയേറ്റു മരിച്ച ഷാഹിദ് ലത്തീഫ് തുടങ്ങിയ പ്രമുഖര്‍ ഈ പട്ടികയിലുണ്ട്.
ഇതിനുപുറമേ, കശ്മീരില്‍ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന റിയാസ് അഹമ്മദ് എന്ന അബു ഖാസിം റാവല്‍ക്കോട്ടിലെ പള്ളിയില്‍ വെച്ചാണ് വെടിയേറ്റു മരിച്ചത്. ലഷ്‌കറെ തൊയ്ബയുടെ പ്രമുഖ റിക്രൂട്ടറും കമാന്‍ഡറുമായിരുന്ന അക്രം ഖാന്‍ അഥവാ അക്രം ഗാസി പാകിസ്താനിലെ ബജൗറില്‍ വെച്ച് അജ്ഞാതരുടെ തോക്കിനിരയായി.
മറ്റൊരു പ്രമുഖ ലഷ്‌കര്‍ കമാന്‍ഡറായ മൗലാന സിയാഉര്‍ റഹ്‌മാന്‍ കറാച്ചിയിലെ ജൗഹര്‍ പ്രദേശത്ത് വെച്ച് പ്രാദേശിക പാര്‍ക്കിലൂടെ നടക്കുമ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റു വീണത്. പഠാന്‍കോട്ട് വ്യോമസേനാ താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ പ്രമുഖനായിരുന്ന ഷാഹിദ് ലത്തീഫും സിയാല്‍കോട്ടിലെ പള്ളിയില്‍ വെച്ച് സമാനമായ രീതിയില്‍ വധിക്കപ്പെടുകയായിരുന്നു.
പാകിസ്താന്‍ പലപ്പോഴായി ഇന്ത്യക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ ഈ ആരോപണങ്ങളെല്ലാം മുന്‍പേ തന്നെ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മണ്ണില്‍ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താന്റെ ആഭ്യന്തര പരാജയമാണ് ഇതെന്നാണ് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.
എണ്‍പതുകളുടെ അവസാനത്തില്‍ ഹാഫിസ് മുഹമ്മദ് സയീദ്, സഫര്‍ ഇക്ബാല്‍, അബ്ദുള്ള അസം എന്നിവര്‍ ചേര്‍ന്നാണ് ലഷ്‌കറെ തൊയ്ബ എന്ന ഭീകര പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധകാലത്ത് രൂപംകൊണ്ട ഈ സംഘടന പിന്നീട് ജമ്മു കശ്മീരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയില്‍ നിരവധി ചോരക്കളി നടത്തുകയും ചെയ്തു. നിലവില്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ലഷ്‌കറെ തൊയ്ബയെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സംഘടനയുടെ തലവന്‍ ഹാഫിസ് സയീദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
പാകിസ്താന്റെ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യും എത്രയൊക്കെ സുരക്ഷയൊരുക്കിയാലും 'അജ്ഞാത തോക്കുധാരികളുടെ' കയ്യില്‍ നിന്ന് രക്ഷയില്ലെന്ന തിരിച്ചറിവിലാണ് ഭീകരനേതാക്കള്‍. വന്‍ സുരക്ഷാ സന്നാഹങ്ങളോടെ മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന പ്രമുഖ കമാന്‍ഡര്‍മാര്‍ പോലും ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ചുരുക്കത്തില്‍, ഇന്ത്യക്കെതിരെ വര്‍ഷങ്ങളോളം ഭീകരത വളര്‍ത്തിയ പാകിസ്താന്‍ മണ്ണില്‍ ഇപ്പോള്‍ ഭീതിയുടെ വിത്തുപാകിയിരിക്കുന്നത് ഈ അജ്ഞാത ആക്രമണങ്ങളാണ്. ലഷ്‌കറെ തൊയ്ബ നേതാവിന്റെ ഈ പരസ്യ വെളിപ്പെടുത്തല്‍ പാക് സര്‍ക്കാരിനും ഐ.എസ്.ഐ.ക്കും വലിയ രീതിയിലുള്ള അന്താരാഷ്ട്ര നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

