ഡല്‍ഹി: ഇന്ത്യയില്‍ വളർന്ന ഭൂരിഭാഗം മിഡില്‍ ക്ലാസ് കുട്ടികള്‍ക്കും ഒരുകാലത്ത് വലിയ വലിയ ആഡംബരങ്ങളേക്കാള്‍ സന്തോഷം നല്‍കിയിരുന്നത് വളരെ ചെറിയ കാര്യങ്ങളായിരുന്നു.
അത് ഏതെങ്കിലും ഒരു ബന്ധു സമ്മാനിക്കുന്ന മിഠായിയോ, ഓണത്തിനും വിഷുവിനും മാത്രം കിട്ടുന്ന പുതിയ വസ്ത്രങ്ങളോ ചെരിപ്പുകളോ ഒക്കെയാവാം. ഒരു സ്കൂപ്പ് ഐസ്‌ക്രീം പോലും വലിയൊരു ആഡംബരമായി കണ്ടിരുന്ന ഒരു തലമുറ നമുക്കിടയിലുണ്ടായിരുന്നു. അക്കാലത്ത് വീട്ടിലേക്ക് ഒരു ഫാമിലി പാക്ക് ഐസ്‌ക്രീം വാങ്ങിയാല്‍, വീട്ടിലെ എല്ലാവർക്കുമായി വീതിച്ച് അതില്‍ നിന്നും ഒരു ചെറിയ പങ്ക് മാത്രമായിരിക്കും ഓരോ കുട്ടിക്കും കിട്ടുക. അപ്പോഴൊക്കെ, "എന്നെങ്കിലും ഒരു ദിവസം ഈ ഫാമിലി പാക്ക് മുഴുവൻ എനിക്ക് തനിച്ച് കഴിക്കണം" എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും.
അത്തരത്തില്‍ തന്റെ കുട്ടിക്കാലത്തെ ആ കൊച്ചു സ്വപ്നം, മുതിർന്ന ശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിറവേറ്റിയ ഒരു യുവാവിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നെറ്റിസണ്‍സിന്റെ മനം കവരുന്നത്.
@rakeshbucketlistjourney എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍, ഒരു വലിയ ഫാമിലി പാക്ക് ഐസ്‌ക്രീം ടബ്ബ് മുഴുവനായി തനിച്ച് ഇരുന്ന് ആസ്വദിച്ചു കഴിക്കുന്ന യുവാവിനെ കാണാം. എന്നെങ്കിലും ഒരു ദിവസം ഒരു ഫുള്‍ ടബ്ബ് ഐസ്‌ക്രീം ഒറ്റയ്ക്ക് കഴിക്കുക എന്നത് തന്റെ ബാല്യകാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് യുവാവ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
"ഒരു ഫാമിലി പാക്ക് ഐസ്‌ക്രീം ഒറ്റയ്ക്ക് ഇരുന്ന് കഴിക്കണമെന്നത് ചെറുപ്പകാലത്തെ ഒരു വലിയ സ്വപ്നമായിരുന്നു. ഇപ്പോള്‍ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതുകൊണ്ട് എനിക്കതിന് സാധിക്കുന്നുണ്ട് ഗയ്സ്. ഇതാണ് യഥാർത്ഥ ജീവിതം, സ്വന്തം കാശുകൊണ്ട് ഇഷ്ടമുള്ളത് വാങ്ങി കഴിക്കുക! ചെറുപ്പത്തില്‍ നമുക്ക് ഓരോ ചെറിയ പാത്രത്തിലായിരുന്നു ഐസ്‌ക്രീം വീതിച്ച് തന്നിരുന്നത്. അപ്പോഴൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു, ഒരു ഫുള്‍ പാക്ക് ഒറ്റയ്ക്ക് കഴിക്കാൻ പറ്റിയാല്‍ എന്ത് രസമായിരിക്കുമെന്ന്! ഇന്ന് ആ സുഖം ഞാൻ അനുഭവിച്ചറിയുകയാണ്. നിങ്ങളും സ്വന്തമായി സമ്പാദിച്ചു തുടങ്ങൂ ഗയ്സ്," യുവാവ് വീഡിയോയില്‍ വികാരാധീനനായി പറയുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആളുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. "എത്ര ലളിതമായ ആഗ്രഹം, അതില്‍ നിന്നും കിട്ടുന്ന സന്തോഷം എത്ര വലുതാണ്!", "ഓരോ മിഡില്‍ ക്ലാസ് കുട്ടിയുടെയും ഉള്ളിലെ ആഗ്രഹമാണിത്", "സ്വന്തം കാശുണ്ടാക്കി വാങ്ങിക്കഴിക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്" എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന ആളുകളുടെ കമന്റുകള്‍. പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർത്തെടുക്കാനുള്ള ഒരു അവസരം കൂടിയായി മാറിയിരിക്കുകയാണ് ഈ കൊച്ചു വീഡിയോ.

