Friday, 24 Sep, 2.07 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക! ശ്രീകണ്ഠന് കൊണ്ടത് ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്; ഇത് ഇഡിയുടെ 'ഡു നോട്ട് ടു ബി ടൂ സ്മാര്‍ട്ട്' എന്നതിന് സമാന ഭീഷണി; ശ്രീകണ്ഠനെതിരെ പാര്‍ട്ടി പത്രം നടപടി എടുക്കില്ല; കേസ് കൊടുത്ത് വിനു വി ജോണും

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചര്‍ച്ചാവിഷയം. ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്‍ ഭീഷണി മുഴക്കിയ സംഭവമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠന്‍ ആണ് വിനു വി.ജോണിന് ഫോണില്‍ ഭീഷണി സന്ദേശം അയച്ചത്. ഇതിനെതിരെ വിനു വി ജോണ്‍ പൊലീസിന് പരാതി നല്‍കും. ഇമെയില്‍ വഴി പരാതി അയയ്ക്കാനാണ് തീരുമാനം. പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. നിയമസഭയിലെ തെമ്മാടികള്‍' എന്നപേരില്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭയില്‍ എല്‍ഡിഎഫ് നടത്തിയ സമരമായിരുന്നു ചര്‍ച്ച. അഭിഭാഷകനായ എം ആര്‍ അഭിലാഷ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച കൊഴുക്കുന്നതിനിടെയാണ് ദേശാഭിമാനിയില്‍ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ എത്തിയത്. 'ഇയാള്‍ക്ക് ലജ്ജയില്ലേ എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാന്‍ താങ്കള്‍ക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്' ഇതായിരുന്നു ഭീഷണി സന്ദേശം. ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്-എന്നതായിരുന്നു ശ്രീകണ്ഠന്റെ ഭീഷണി. എന്നാല്‍, താന്‍ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു.വി.ജോണ്‍ പറഞ്ഞു.

'താന്‍ വേണു ബാലകൃഷ്ണനെപ്പോലെ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പൊലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം'- വിനു ജോണ്‍ പറഞ്ഞു. 'താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം'- വിനു വി ജോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീകണ്ഠനെതിരെ നടപടിയുടെ ആവശ്യമില്ലെന്നതാണ് ദേശാഭിമാനിയുടെ നിലപാട് എന്നാണ് സൂചന.

മന്ത്രിയെ കടന്നാക്രമിച്ചാല്‍ അത് തെറ്റെന്ന് ചൂണ്ടിക്കാണിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അതാണ് ശ്രീകണ്ഠനും ചെയ്തതെന്നാണ് ദേശാഭിമാനിയുടെ നിലപാട്. അതുകൊണ്ട് തന്നെ എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മും ദേശാഭിമാനിയും ശ്രീകണ്ഠനെ പിന്തുണയ്ക്കും. നേരത്തെ വിനു വി ജോണിനെ ഇഡി ഭീഷണിപ്പെടുത്തിയത് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്നു വന്നിരുന്നു. അന്ന് വിനുവിന് പിന്നില്‍ അണിനിരന്നത് സിപിഎമ്മുകാാരയിരുന്നു. എന്നാല്‍ അതേ സ്വഭാവത്തില്‍ ശ്രീകണ്ഠ ഭീഷണി വരുമ്ബോള്‍ അത് ശരിയെന്ന് പറയുകയാണ് അവര്‍.

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു ഇഡിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം അവതാരകനായ വിനു വി ജോണിന് എത്തിയത്. ബിജെപിക്കെതിരെയുള്ള കുഴല്‍പണ ഇടപാട് സംബന്ധിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ അന്ന് ചര്‍ച്ച ചെയ്തിരുന്നത്. 'ദേശസ്‌നേഹികളുടെ ഹവാലയോ' എന്ന തലക്കെട്ടില്‍ ആയിരുന്നു ചര്‍ച്ച. ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സലീം മടവൂര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു, രാഹുല്‍ ഈശ്വര്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളം കേസുകള്‍ ഏറ്റെടുത്ത് അന്വേഷിച്ച്‌ നടന്നിരുന്ന ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിനു വി ജോണിന്റെ പരാമര്‍ശങ്ങള്‍. ഇഡി സിംഹങ്ങള്‍ ഏത് മാളത്തില്‍ പോയൊളിച്ചു എന്നൊക്കെ അദ്ദേഹം ചോദിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളും ജനങ്ങളും ഏറെ വിശ്വസിച്ചിരുന്ന ഇഡിയുടെ ശക്തരായ ഉദ്യോഗസ്ഥര്‍ എവിടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ആയിരുന്നു ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശം വിനു വി ജോണിന്റെ ഫോണില്‍ എത്തിയത്.

ഇഡിക്ക് കേസ് അന്വേഷിക്കാന്‍ കഴിയില്ല, കള്ളപ്പണ കേസ് അന്വേഷിക്കുന്നത് ഇഡി അല്ല. അതുകൊണ്ട് എത്ര പരാതി കൊടുത്താലും ഈ കേസ് അന്വേഷിക്കാന്‍ ഇഡി വരില്ല എന്നായിരുന്നു ആദ്യം വന്ന സന്ദേശത്തിന്റെ സാരാംശമെന്ന് വിനു വി ജോണ്‍ വ്യക്തമാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ആയിരുന്നു ഈ സന്ദേശം അയച്ചത്. തുടര്‍ന്നും വിനു വി ജോണ്‍ ഇഡി വിമര്‍ശനം തുടര്‍ന്നു. കള്ളപ്പളം പിടിച്ചിരുന്നത് വേറെ ഏതെങ്കിലും പാര്‍ട്ടിയുടേതായിരുന്നെങ്കില്‍ ഇഡി മാത്രമല്ല, വേറേയും കേന്ദ്ര ഏജന്‍സികള്‍ ഇവിടെ എത്തുമായിരുന്നു എന്നും അത് ഉറപ്പാണെന്നും വിനു വി ജോണ്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് ഭീഷണിയുടെ സ്വരത്തിലുള്ള ഇഡി ഉദ്യോഗസ്ഥന്റെ സന്ദേശം വരുന്നത്. നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ ആളുകളോട് എത്രത്തോളം പ്രതികാര ബുദ്ധിയോടെ ഇടപെടും എന്ന് വ്യക്തമായി എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശത്തിന്റെ കാര്യം വിനു വി ജോണ്‍ സൂചിപ്പിച്ചത്. ആ സന്ദേശം തത്കാലം വായിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും വിനു വി ജോണ്‍ അത് വായിക്കുക തന്നെ തന്നെ ചെയ്തു. 'ഡു നോട്ട് ടു ബി ടൂ സ്മാര്‍ട്ട്' എന്നതായിരുന്നു ആ സന്ദേശം. അധികം സ്മാര്‍ട്ട് ആകേണ്ട എന്ന മുന്നറിയിപ്പ് തന്നെ ആയിരുന്നു അത്. എന്തായാലും സന്ദേശം അയച്ച ഉദ്യോഗസ്ഥന്റെ പേരോ പദവിയോ വിനു വി ജോണ്‍ വെളിപ്പെടുത്തിയില്ല. പറയേണ്ട സമയത്ത് അത് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിയെ കുറിച്ച്‌ വിനു വി ജോണിന്റെ പ്രതികണം ഇങ്ങനെ ആയിരുന്നു. ' അന്വേഷിച്ചോളോ, ഇനി എന്നെ അന്വേഷിച്ച്‌ കുടുക്കും എന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം. അത് വെറുതേ പറയുന്നതല്ല. ഇത് കേള്‍ക്കുമ്ബോള്‍ പൊള്ളുന്ന ഉദ്യോഗസ്ഥര്‍, കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട് മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. വരൂ, അന്വേഷിക്കൂ, കള്ളത്തെളിവുകള്‍ ഉണ്ടാക്കൂ... അത്രയും പറഞ്ഞുകൊണ്ട് നിര്‍ത്തിയില്ല വിനു വി ജോണ്‍. ' അതുകൊണ്ട് ഇഡി ഏമാന്മാരുടെ ഭീഷണിയൊക്കെ കൈയില്‍ വച്ചാല്‍ മതി എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയു. അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍, കൂടുതല്‍ സ്മാര്‍ട്ടാവേണ്ട എന്ന് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതി എന്ന് മാത്രമേ എനിക്ക് ആ ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളു.'- ഇത്ര കൂടി പറഞ്ഞാണ് അവസാനിപ്പിച്ചത്.

ഈ ചര്‍ച്ചയില്‍ വിനുവിന് ഒപ്പമായിരുന്നു ദേശാഭിമാനിയും സിപിഎമ്മും. എന്നാല്‍ ശ്രീകണ്ഠന്‍ ഭീഷണിയുമായി വരുമ്ബോള്‍ അവര്‍ നിലപാട് മാറ്റുകയും ചെയ്യുന്നു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top