Tuesday, 27 Jul, 7.27 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ജലസമ്മര്‍ദംമൂലം ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് കല്ല് അടര്‍ന്നുവീഴാം; എന്നാല്‍ ഇത്രയധികം ഉയരത്തില്‍ തെറിച്ച്‌ വീടിനുമുകളില്‍ വീഴാനുള്ള സാധ്യത ഇല്ല; ഉപ്പുതറയിലേത് അത്ഭൂത പ്രതിഭാസം തന്നെ; ശാസ്ത്ര ലോകവും ആശ്ചര്യത്തില്‍; പുളിങ്കട്ടയിലേത് 'ചാത്തനേറ്' അല്ല

ഇടുക്കി: വീടുകള്‍ക്ക് മുകളില്‍ കല്ലുവീഴുന്നതിന് കാരണം തേടി ജിയോളജി വകുപ്പ് പരിശോധന. ജൂലായ് രണ്ടുമുതലാണ് സെല്‍വരാജിന്റെയും സുരേഷിന്റെയും വീടുകള്‍ക്ക് മുകളിലേക്ക് കല്ലുകള്‍ വീണുതുടങ്ങിയത്. എറിയുന്നതാണെന്നുകരുതി വീട്ടുകാര്‍ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് പരിശോധിക്കുന്നതിനിടയിലും വീടിന് മുകളില്‍ കല്ല് പതിച്ചു. തുടര്‍ന്ന് ഭൗമശാസ്ത്ര വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.

ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് വി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഒന്നരയോടെ ഉപ്പുതറ, പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും മരുമകന്‍ സുരേഷിന്റെയും വീടുകളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായുള്ള ഭൗമപ്രതിഭാസം ഇപ്പോഴും തുടരുകയാണ്. അതിനിടെ വീടിന്റെ ഭാഗത്തെ ഭൂമി ചെറിയതോതില്‍ ഇടിഞ്ഞുതാഴുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജിയോളജി വകുപ്പിന്റെ പരിശോധന.

വീടുകള്‍ക്ക് മുകളില്‍ വീണ കല്ലുകള്‍ സംഘം ശേഖരിച്ചു. ജലസമ്മര്‍ദംമൂലം ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് കല്ല് അടര്‍ന്നുവീഴാം. എന്നാല്‍, ഇത്രയധികം ഉയരത്തില്‍ തെറിച്ച്‌ വീടിനുമുകളില്‍ വീഴാനുള്ള സാധ്യത ഇല്ല. വീടിന്റെ മേല്‍ക്കൂരയിലേക്ക് ചറപറ കല്ലുകള്‍ വന്നുവീഴുകയാണ്. ആരെങ്കിലും മനഃപൂര്‍വം എറിയുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീട് മനസ്സിലായി, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു കല്ലുകള്‍ തെറിച്ച്‌ വീടുകള്‍ക്കു മുകളില്‍ വീഴുകയാണ്.

ഇതുസംബന്ധിച്ച്‌ കൂടുതല്‍ പരിശോധനയും പഠനവും ആവശ്യമാണ്. മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും ഭൗമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. സെല്‍വരാജിന്റെ വീടിന്റെ കല്‍ക്കെട്ട് മണ്ണിലേക്ക് ഇരിന്നിട്ടുണ്ട്. ഇതുകൊണ്ടാണ് വീട് വിണ്ടത്. പരിശോധന സംബന്ധിച്ച്‌ രണ്ടുദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. അസി. ജിയോളജിസ്റ്റുമാരായ പി.എ.അജീബ്, ശബരിലാല്‍ എന്നിവരും ഉണ്ടായിരുന്നു.

ജൂലൈ രണ്ടാംതീയതി രാത്രിയിലാണ് ആദ്യം വീടിനുമുകളില്‍ രണ്ടുതവണ കല്ലുവീണത്. കുറേദിവസം രാത്രിയില്‍ ഇത് തുടര്‍ന്നു. പിന്നീട് പകല്‍ സമയവും കല്ലുകള്‍ വീഴാന്‍ തുടങ്ങി. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടുകയും ചെയ്തു. മനഃപൂര്‍വം ആരോ എറിയുന്നതാണെന്നു കരുതിയാണ് വീട്ടുകാര്‍ വാഗമണ്‍ പൊലീസില്‍ പരാതി നല്‍കി. സിഐ.യുടെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധിക്കുന്നതിന് ഇടയിലും വീടിനുമുകളിലും, മുറ്റത്തും കല്ലുകള്‍ വന്നുവീണു.

വീണകല്ലുകള്‍ ശേഖരിച്ച്‌ പൊലീസ് മടങ്ങി. വിവരമറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.െജയിംസും പഞ്ചായത്തംഗങ്ങളും എത്തിയപ്പോഴും കല്ലുകള്‍ വീടിനു മുകളിലും മുറ്റത്തുംവന്നു പതിച്ചു. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയാകുന്നവിധം രാപകലില്ലാതെ കല്ലുകള്‍ തെറിച്ചുവീഴുന്നത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന ഭൗമശാസ്ത്രവിഭാഗവുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടു.

ഇതിനിടെ വീടിനുള്ളിലെ സിമിന്റുതറ വീണ്ടുകീറി ഇതിനുള്ളില്‍ നിന്നു കല്ല് മുകളിലേക്ക് തെറിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അദ്ഭുത പ്രതിഭാസം നേരില്‍ കാണാന്‍ ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തുന്നത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top