Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജപ്പാനില്‍ തൊഴിലാളി ക്ഷാമം രൂക്ഷം; പ്രധാനമന്ത്രിയുടെ പൂട്ടുവീണിട്ടും വിദേശികള്‍ക്കായി വലവിശി വന്‍കിട കമ്പനികള്‍; ഏഷ്യയില്‍ വന്‍ പ്രതിസന്ധി

ജപ്പാനില്‍ തൊഴിലാളി ക്ഷാമം രൂക്ഷം; പ്രധാനമന്ത്രിയുടെ പൂട്ടുവീണിട്ടും വിദേശികള്‍ക്കായി വലവിശി വന്‍കിട കമ്പനികള്‍; ഏഷ്യയില്‍ വന്‍ പ്രതിസന്ധി

പ്പാനില്‍ തൊഴിലാളിക്ഷാമം രൂക്ഷമായതോടെ, വിദേശ തൊഴിലാളികളെ കൂട്ടത്തോടെ നിയമിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നു.

ജനസംഖ്യാ നിരക്കിലെ വന്‍ ഇടിവും പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതും രാജ്യത്തെ വ്യാവസായിക രംഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.തൊഴില്‍ മന്ത്രാലയം നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സ്ഥാപനങ്ങളില്‍ നേരിടുന്ന കടുത്ത ആളില്ലായ്മ പരിഹരിക്കാനാണ് 68.2 ശതമാനം കമ്പനികളും വിദേശികളെ ജോലിക്ക് വയ്ക്കുന്നത്. 2023-ല്‍ സര്‍വേ ആരംഭിച്ചത് മുതല്‍ ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, രാജ്യത്ത് യോഗ്യതയും കഴിവുമുള്ള തൊഴിലാളികളെ ആവശ്യമായതിനാലാണ് വിദേശികളെ എടുത്തതെന്ന് 56 ശതമാനം കമ്പനികള്‍ വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ ആഗോളസ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ് 18 ശതമാനം സ്ഥാപനങ്ങളുടെ നിലപാട്.അടുത്തിടെ പുറത്തുവന്ന തെയ്‌കോകു ഡാറ്റാബാങ്ക് റിപ്പോര്‍ട്ട് പ്രകാരം പകുതിയിലധികം ജാപ്പനീസ് കമ്പനികളിലും ആവശ്യത്തിന് ഫുള്‍ടൈം ജീവനക്കാരില്ല. നോണ്‍-റെഗുലര്‍ സ്റ്റാഫുകളുടെ കാര്യത്തിലും 30 ശതമാനത്തോളം കുറവുണ്ട്. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ജൂലൈ മാസത്തില്‍ 2.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രി സനേ തകൈച്ചി വിദേശ തൊഴിലാളികള്‍ക്കെതിരെ നയം കടുപ്പിക്കുന്നത് കമ്പനികള്‍ക്ക് തലവേദനയാകുന്നു. വിദേശത്ത് നിന്നുള്ള കടന്നുവരവിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം ഇമിഗ്രേഷന്‍ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ പ്രത്യേക മന്ത്രിയെയും തകൈച്ചി ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിദേശികളുടെ എണ്ണം കൂടുന്നത് പ്രാദേശികമായി വലിയ ആശങ്കയ്ക്കും അനീതിക്കും ഇടയാക്കുന്നുണ്ടെന്നും അത് തടയാനാണ് തന്റെ ശ്രമമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കണക്കുകള്‍ പ്രകാരം 2025 അവസാനത്തോടെ ജപ്പാനിലെ വിദേശ നിവാസികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 40 ലക്ഷം കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 9.5 ശതമാനത്തിന്റെ വര്‍ധനയാണിത്. സ്ഥിരതാമസക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുറഞ്ഞ കാലയളവിലേക്ക് ബ്ലൂ കോളര്‍ ജോലിക്കെത്തുന്നവര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.കുറഞ്ഞത് അഞ്ച് ജീവനക്കാരെങ്കിലും ഉള്ള കമ്പനികളിലാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം കമ്പനികളും വിദേശ ജീവനക്കാരുമായുള്ള ആശയവിനിമയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് സമ്മതിച്ചു. കാല്‍ഭാഗം കമ്പനികള്‍ വിസ നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതയും ഭാരമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തൊഴിലെടുക്കുന്ന 90 ശതമാനം വിദേശികളും സ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പ്രതികരിച്ചത്. പ്രശ്നങ്ങള്‍ നേരിട്ട ചിലരാകട്ടെ, ഏജന്‍സി ചെലവുകള്‍ വളരെ കൂടുതലാണെന്നും പരാതിപ്പെടാന്‍ എവിടെ സമീപിക്കണമെന്ന് അറിയില്ലെന്നും വ്യക്തമാക്കി.2070 ആകുമ്പോഴേക്കും ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ 10.8 ശതമാനവും വിദേശികളായിരിക്കുമെന്നാണ് പോപ്പുലേഷന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവചനം.

വരും വര്‍ഷങ്ങളില്‍ വിദേശ തൊഴിലാളികളെ തടയാന്‍ സര്‍ക്കാരിന് കഴിയുമോ അതോ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali