ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപകമായി ആളിക്കത്തിയ പ്രതിഷേധങ്ങള്‍ക്ക് തൊട്ടുപിന്നാലെ ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി.
മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന പോരാട്ടത്തില്‍ ബിഹാറിലെ ബി.ജെ.പിയുടെ അടിയുറച്ച കോട്ടയില്‍ വന്‍ അട്ടിമറി വിജയം നേടി പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക് അരങ്ങേറ്റം കുറിച്ചതാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം. മധ്യപ്രദേശില്‍ കോണ്‍ഗ്രസും ഗുജറാത്തില്‍ ബി.ജെ.പിയും തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തി.
ബിഹാറില്‍ അട്ടിമറി വിജയം നേടി പ്രശാന്ത് കിഷോര്‍
ബിഹാറിലെ ബങ്കിപ്പുര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നീരജ് കുമാര്‍ സിന്‍ഹയെ 19,000-ല്‍ പരം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് അട്ടിമറിച്ചാണ് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. ആര്‍.ജെ.ഡിയുടെ രേഖാ കുമാരിയാണ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 1995 മുതല്‍ ബി.ജെ.പി മാത്രം ജയിച്ചുവരുന്ന, പാര്‍ട്ടിയുടെ ഏറ്റവും ഉറച്ച കോട്ടകളിലൊന്നായിരുന്നു ബങ്കിപ്പുര്‍. സിറ്റിങ് എം.എല്‍.എയായിരുന്ന നിതിന്‍ നബീന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തില്‍ ബി.ജെ.പി. ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ഥി അഭിഷേക് കുമാര്‍ സിന്‍ഹ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം അപ്രതീക്ഷിതമായി പിന്മാറിയത് ബി.ജെ.പി. ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് യുവജന വിഭാഗം നേതാവായ നീരജ് സിന്‍ഹയെ ബി.ജെ.പി. മത്സരിപ്പിച്ചു.
2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 238 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ജാതി-മത രാഷ്ട്രീയത്തിനപ്പുറം പുതിയൊരു രാഷ്ട്രീയ ബദല്‍ ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പിയുടെ ഈ സുരക്ഷിത കോട്ട തന്നെ തെരഞ്ഞെടുത്ത് പ്രശാന്ത് കിഷോര്‍ നേരിട്ട് മത്സരരംഗത്തിറങ്ങുകയായിരുന്നു. മുന്‍നിര തന്ത്രജ്ഞനില്‍ നിന്ന് ജനകീയ നേതാവിലേക്കുള്ള കിഷോറിന്റെ ഈ വിജയം ബിഹാറിലെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിയുടെ നീരജ് കുമാര്‍ സിന്‍ഹക്കു പുറമെ, ആര്‍ജെഡിയുടെ രേഖാ കുമാരിയായിരുന്നു പ്രശാന്ത് കിഷോറിന്ര്‍റെ പ്രധാന എതിരാളി. തുടക്കം മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയ കിഷോര്‍, വോട്ടെണ്ണല്‍ പുരോഗമിക്കവേ എതിര്‍ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി വിജയം ഉറപ്പിക്കുകയായിരുന്നു. സുരക്ഷിത മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കാതെ, ജാതി-മത രാഷ്ട്രീയത്തിനപ്പുറം ജനം ചിന്തിക്കണമെന്ന സന്ദേശം നല്‍കാനാണ് ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപ്പുരില്‍ മത്സരിച്ചതെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. മുന്‍നിര രാഷ്ട്രീയ തന്ത്രജ്ഞനില്‍ നിന്ന് ജനകീയ നേതാവിലേക്കുള്ള പ്രശാന്ത് കിഷോറിന്റെ മാറ്റമായാവും കന്നിയങ്കത്തിലെ ജയം വിലയിരുത്തപ്പെടുക. ജന്‍സുരാജ് എന്ന പുതിയ രാഷ്ട്രീയ ബദല്‍ ബിഹാര്‍ ജനത സ്വീകരിച്ചു എന്നതിന്റെ തെളിവും കൂടിയാകുമിത്. ആര്‍ജെഡിയുടെയും ബിജെപിയുടെയും പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ ജന്‍സുരാജിന് സാധിച്ചുവെന്നും ഈ മുന്നേറ്റം വ്യക്തമാക്കുന്നു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി
മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഘനശ്യാം സിങ്ങിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. മുന്‍ എം.എല്‍.എ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പിയുടെ അശുതോഷ് തിവാരിക്കെതിരെ മികച്ച ഭൂരിപക്ഷം നേടിയാണ് ഘനശ്യാം സിങ് വിജയിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി ബി.ജെ.പിയില്‍ വലിയ ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഗുജറാത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി
അതേസമയം ഗുജറാത്തിലെ വഡോദരയിലുള്ള മഞ്ജല്‍പുര്‍ മണ്ഡലത്തില്‍ ബി.ജെ.പി തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തി. മുന്‍ മന്ത്രിയും എട്ടുതവണ എം.എല്‍.എയുമായിരുന്ന യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി സതീഷ് ഗോവിന്ദ്ഭായ് പട്ടേല്‍ 30,630 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിക്കാഭായ് റാബറിക്കെതിരെ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സതീഷ് പട്ടേലിന്റെ വിജയം. 55,481 വോട്ടുകള്‍ സതീഷ് പട്ടേല്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 24,851 വോട്ടുകളാണ് ലഭിച്ചത്.

