Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൈ കൊണ്ട് നൂല്‍ക്കുന്ന നൂലും നെയ്യുന്ന തുണിയും മാത്രം യഥാര്‍ഥ ഖാദി: അല്ലാത്തതൊക്കെ വ്യാജന്‍: ഖാദിയുടെ പേരില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റാല്‍ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസെടുക്കാം: ഖാദി ഉല്‍പന്നങ്ങളുടെ നിയന്ത്രണം കേന്ദ്രഖാദി വ്യവസായ കമ്മിഷന്: നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കേരള ഖാദി ബോര്‍ഡ് കള്ളഖാദി വിറ്റോ? രതീഷിന്റെ സെക്രട്ടറി സ്ഥാനം തുലാസിലായിരിക്കേ 'കള്ളഖാദി' ആരോപണവും കത്തുന്നു

കൈ കൊണ്ട് നൂല്‍ക്കുന്ന നൂലും നെയ്യുന്ന തുണിയും മാത്രം യഥാര്‍ഥ ഖാദി: അല്ലാത്തതൊക്കെ വ്യാജന്‍: ഖാദിയുടെ പേരില്‍ വ്യാജ ഉല്‍പന്നങ്ങള്‍ വിറ്റാല്‍ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസെടുക്കാം: ഖാദി ഉല്‍പന്നങ്ങളുടെ നിയന്ത്രണം കേന്ദ്രഖാദി വ്യവസായ കമ്മിഷന്: നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കേരള ഖാദി ബോര്‍ഡ് കള്ളഖാദി വിറ്റോ? രതീഷിന്റെ സെക്രട്ടറി സ്ഥാനം തുലാസിലായിരിക്കേ 'കള്ളഖാദി' ആരോപണവും കത്തുന്നു

തിരുവനന്തപുരം: കേരള ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്ത് തോട്ടണ്ടി ഇറക്കുമതി അഴിമതി കേസിലെ പ്രതി കെ.എ. രതീഷ് തുടരുന്നതിനെതിരേ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ 'കള്ളഖാദി' വിപണനം സംബന്ധിച്ച്‌ ആക്ഷേപവും ഉയരുന്നു.

കേന്ദ്രഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ നിര്‍ദേശം മറി കടന്ന് ഖാദി ബോര്‍ഡ് ഷോറൂമുകളില്‍ വഴി കള്ളഖാദി വിറ്റുവെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരം തുണിത്തരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന തീര്‍ത്തും ലളിതമാണെന്നിരിക്കേ സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും കള്ളഖാദി ഉണ്ടെന്ന് കണ്ടെത്തിയാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആണ് ആവശ്യം ഉയരുന്നത്.

യഥാര്‍ഥ ഖാദി ചര്‍ക്കയില്‍ പരുത്തി നൂല്‍ നൂറ്റ്, അത് ഉപയോഗിച്ച്‌ കൈ കൊണ്ട് തറിയില്‍ നെയ്ത് എടുക്കുന്നതാണ്. ഇതിന് മനുഷ്യ അധ്വാനം മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. കള്ളഖാദി പൂര്‍ണമായും യന്ത്രവല്‍കൃതമായി നിര്‍മിക്കുന്നതാണ്. യഥാര്‍ഥ ഖാദിക്ക് ട്രേഡ് മാര്‍ക്കും അത് വില്‍ക്കുന്ന വില്‍പ്പന ശാലകള്‍ക്ക് സര്‍ട്ടിഫിക്കേഷനും മുംബൈ ആസ്ഥാനമായളുള്ള ഖാദി ഗ്രാമവ്യവസായ കമ്മിഷന്‍ നല്‍കുന്നുണ്ട്. ഇത് ലംഘിച്ച്‌ കള്ളഖാദി വില്‍ക്കുന്നവര്‍ക്ക് എതിരേ ട്രേഡ് മാര്‍ക്ക് ലംഘനത്തിന് കേസ് എടുക്കുന്നതിനും പിഴ ചുമത്തുന്നതിനും സ്ഥാപനത്തിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കേഷനും റദ്ദാക്കുന്നതിനും ഖാദി ഗ്രാമവ്യവസായ കമ്മിഷന് അനുമതിയും ഉണ്ട്.

ഖാദിയും കളളഖാദിയും തിരിച്ചറിയുന്നതിന് മാര്‍ഗങ്ങളുണ്ട്. ഒരു തുണിയുടെ ഇടതു വശത്തേക്കാണ് നൂല്‍നെയ്തിരിക്കുന്നതെങ്കില്‍ ഇത് യഥാര്‍ഥ ഖാദിയാണ്. ഇതിന് എസ് ട്വിസ്റ്റ് എന്നാണ് പറയുന്നത്. കള്ളഖാദിയില്‍ നൂല്‍ നെയ്ത് പോയിരിക്കുന്നത് വലത്തേക്കാകും. ഇതിനെ ഇസഡ് ട്വിസ്റ്റ് എന്നും പറയും. കേന്ദ്രടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റൈല്‍ കമ്മറ്റിയാണ് തുണിയുടെ ആധികാരിത പരിശോധിച്ച്‌ യഥാര്‍ഥമാണോയെന്ന് കണ്ടെത്തുന്നത്. ഒരു പാട് പ്രൊസസ് കഴിഞ്ഞാണ് ഖാദി തുണി നെയ്തെടുക്കുന്നത്. ചര്‍ക്കയില്‍ നൂല്‍ക്കുന്ന നൂല്‍ തറിയില്‍ നെയ്യാന്‍ പാകത്തിന് പശയൊക്കെ മുക്കി പാവുണ്ട തയാറാക്കും. പരിശോധനയില്‍ ഇതെല്ലാം കണ്ടെത്താന്‍ കഴിയുമെന്നിരിക്കേ കള്ളഖാദി കണ്ടെത്തുക വളരെ എളുപ്പമാണ്.

കള്ളഖാദി ഒറിജിനല്‍ ആക്കുന്നത് ഇങ്ങനെ...

ഖാദി തുണിത്തരങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭം നല്‍കുന്നതാണ് കളളഖാദി. അതിനായി നൂല്‍നൂല്‍പ്പുകാരുടെയും നെയ്ത്തുകാരുടെയും പട്ടിക ഉണ്ടാക്കും. ഇവര്‍ക്ക് നൂല്‍ ഉല്‍പാദിപ്പിക്കുന്നതിന് പരുത്തിയും തുണി നെയ്യുന്നതിന് തറിയും സംസ്‌കരിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും നല്‍കിയതായി കണക്കില്‍ കാണിക്കും. ഇങ്ങനെ വീടുകളില്‍ തുണി നെയ്യുന്നത് സ്ട്രീറ്റ് വിവിങ് എന്നാണ് അറിയപ്പെടുക. രേഖകളില്‍ ഇത്രയുമൊക്കെ കാണിച്ചതിന് ശേഷം ആന്ധ്രയിലും തമിഴ്നാട്ടിലുമുള്ള മില്ലുകളില്‍ നിന്ന് യന്ത്രത്തില്‍ നെയ്ത തുണിത്തരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എത്തിക്കും. ഇവ ഓരോന്നും സ്ഥാപനത്തിന്റെ പട്ടികയിലുള്ള നെയ്ത്തുകാര്‍ നെയ്തെടുത്തത് ആണെന്ന് കാണിച്ച്‌ കണക്ക് ഉണ്ടാക്കും. ഇതിന് യഥാര്‍ഥ ഖാദിയുടെ വില ഇട്ടു വില്‍ക്കുകയും ചെയ്യും. ബുദ്ധിമാന്മാരായ സ്ഥാപനം നടത്തിപ്പുകാര്‍ ഓഡിറ്റ് പരിശോധന വന്നാല്‍ പിടിക്കപ്പെടാതിരിക്കാന്‍ കൃത്യമായ കണക്ക് ഉണ്ടാക്കി വയ്ക്കും. എന്നാല്‍, ഇവര്‍ നല്‍കിയ പട്ടികയിലുള്ള നെയ്ത്തുകാരുടെ നെയ്ത്തുശാലകള്‍ പരിശോധിച്ചാല്‍ തട്ടിപ്പ് എളുപ്പം കണ്ടെത്താനാകും. അവിടെ സമീപകാലത്ത് തുണി നെയ്തതിന്റെ തെളിവുകളൊന്നും കാണില്ല എന്നത് തന്നെയാകും ഏറ്റവും വലിയ തെളിവ്.

യഥാര്‍ഥ ഖാദിക്ക് എല്ലായിടത്തും ഒരേ വില..കുപ്പടത്തിനും വ്യാജന്‍

യഥാര്‍ഥ ഖാദിക്ക് കേരളത്തില്‍ എല്ലാ സ്ഥലത്തും ഒരേ വില ആയിരിക്കും. എന്നാല്‍, കള്ളഖാദിക്ക് അങ്ങനെയില്ല. ഖാദി ബ്രാന്‍ഡുകളില്‍ ഏറ്റവും ശ്രദ്ധേയമായ കുപ്പടത്തിന്റെ വ്യാജനാണ് ഏറ്റവുമധികം വിലസുന്നത്. കുപ്പടത്തിന്റെ ഖദര്‍മുണ്ട് ഏറെ പ്രത്യേകതയുളളതാണ്. ഇതിന് ടെമ്പിള്‍ ബോര്‍ഡര്‍ ആണുള്ളത്. ഒരു കുപ്പടം മുണ്ട് നെയ്യാന്‍ ഒരേ സമയം രണ്ട് നെയ്ത്തുകാര്‍ വേണം. ഏറെ സമയവും എടുക്കും. ഇതിന് വില 1000 രൂപയ്ക്ക് മുകളിലാണ്. ഉല്‍പാദന ചെലവ് തന്നെയാണ് കാരണം. ഇനി ഇതിന്റെ വ്യാജനെ നോക്കാം. നിര്‍മാണം മില്ലിലാണ്. വില 200 രൂപ. ഈ വിലയ്ക്ക് വാങ്ങുന്ന വ്യാജന്‍ കുപ്പടമെന്ന ലേബലില്‍ 30 ശതമാനം കിഴിവോടെ വില്‍ക്കും. 1000 രൂപയ്ക്കാകും വില്‍പ്പന. 30 ശതമാനം കിഴിവില്‍ വിറ്റാല്‍ പോലും 700 രൂപ കിട്ടും. 500 രൂപയാണ് ഒരു മുണ്ടില്‍ വില്‍ക്കുന്ന സ്ഥാപനത്തിന് കിട്ടുക.

ഖാദി സര്‍ട്ടിഫിക്കറ്റ്...ഖാദി മാര്‍ക്ക്

ഖാദി തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കടകള്‍ക്ക് ലൈസന്‍സും ഖാദി സര്‍ട്ടിഫിക്കറ്റും വേണം. ഇത് നല്‍കുന്നത് ഖാദി കമ്മിഷനാണ്. ഇതിനായി ഖാദി മാത്രമാണ് ഇവിടുത്തെ ജീവനക്കാര്‍ ധരിക്കുന്നത് എന്ന സത്യപ്രതിജ്ഞ അടക്കം നല്‍കണം. ഖാദിക്ക് ഏകീകൃത ട്രേഡ് മാര്‍ക്ക് നല്‍കുക എന്നതാണ് കേന്ദ്രഖാദി കമ്മിഷന്റെ ലക്ഷ്യം. അതിനാണ് ഖാദി തുണിത്തരങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും ഖാദി മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഓഡിറ്റ് കോഡ്, സര്‍ട്ടിഫിക്കേഷന്‍ കോഡ് എന്നിങ്ങനെ രണ്ട് റെഗുലേഷന്‍സ് ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗൗരവമായ നിയമലംഘനമാണ് കള്ളഖാദി ഉല്‍പാദനവും വിപണനവും. കള്ളഖാദി കണ്ടെത്തുന്നതിനായി ഇന്ത്യ മുഴുവന്‍ ഖാദി കമ്മിഷന്‍ പരിശോധന നടത്താറുണ്ട്. അങ്ങനെ 2022 ല്‍ ഖാദി ഗ്രാമവ്യവസായ കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന ഖാദി വില്‍പന സ്ഥാപനമായ ഡി.എന്‍് റോഡിലുള്ള മുംബൈ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ കീഴിലുള്ള ഖാദി എമ്പോറിയത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 1954 ല്‍ സ്ഥാപിച്ചതാണ് ഖാദി എമ്പോറിയം. ഇവിടെ നടത്തിയ പരിശോധനയില്‍ ഖാദി എന്ന പേരില്‍ കള്ളഖാദി വിറ്റു എന്നതാണ് കുറ്റം.

പിണറായിക്കാലത്തെ പരാതികള്‍ മുക്കി...

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന് ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവും ഇടതു സഹയാത്രികനുമായ ചാത്തന്നൂര്‍ സ്വദേശി പി. മനോഹരന്‍ കള്ളഖാദിക്കെതിരേ പരാതി നല്‍കിയിരുന്ന. സിപിഎം അംഗമായിട്ടു കൂടി അദ്ദേഹത്തിന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. കള്ളഖാദി ഇടനിലക്കാര്‍ മുഖേനെ തൊഴിലാളികളുടെ പേരില്‍ വ്യാജമായി വില്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഖാദി ബോര്‍ഡ് മുഖേനെ നല്‍കുന്ന റിബേറ്റ്, പൂരക വേതനം, ഉല്‍പാദന ഇന്‍സെന്റീവ്, ഖാദി കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന 30 ശതമാനം എംഎംഡിഎ എന്നിവ വാങ്ങി തട്ടിപ്പ് നടത്തുകയാണ് ഇക്കൂട്ടര്‍. ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയ കോടികളാണ് ഇങ്ങനെ ചിലര്‍ തട്ടിയെടുക്കുന്നത്. യഥാര്‍ഥ ഖാദിയുടെ മൂന്നിലൊന്ന് വിലയാണ് ഇതിനുള്ളത്. എന്നാല്‍, വിറ്റഴിക്കുന്നതും ഉല്‍പ്പാദനം കാണിക്കുന്നതും മൂന്നിരട്ടി വിലയ്ക്കാണ് എന്നും പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ സ്പെഷല്‍ ഡ്രൈവ് നടത്തണം...

കള്ളഖാദി കണ്ടെത്താന്‍ സര്‍ക്കാര്‍ സ്പെഷല്‍ ഡ്രൈവ് നടത്തണമെന്ന ആവശ്യം ശക്തമാണ്. സര്‍ക്കാരിന്റെ വിപണന കേന്ദ്രങ്ങളില്‍ പോലും ഇത്തരം തുണിത്തരങ്ങള്‍ എത്തുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്. ഖാദി ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. പിണറായിയുടെ കാലത്താണ് ബോര്‍ഡ് സെക്രട്ടറിയായി കെ.എ രതീഷിനെ നിയോഗിച്ചത്. അതും തോട്ടണ്ടി ഇറക്കുമതി കേസില്‍ പ്രതിയായിരിക്കേ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali