Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാല് വേദനയാണെന്ന വ്യാജേന വണ്ടിയില്‍ ലിഫ്റ്റ് ചോദിച്ചു; ചായ കുടിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു; പിന്നാലെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; 'ഹണിട്രാപ്പ്' കെണിയിലാക്കി ബ്ലാക്ക്‌മെയിലിംഗ്; കര്‍ഷകന്റെ പരാതിയില്‍ അറസ്റ്റിലായ യുവതിക്ക് എച്ച്‌ഐവി; കുടുങ്ങിയത് നിരവധിപ്പേരെന്ന് ആശങ്ക; ഇരകളായവര്‍ക്കായി തിരച്ചില്‍

കാല് വേദനയാണെന്ന വ്യാജേന വണ്ടിയില്‍ ലിഫ്റ്റ് ചോദിച്ചു; ചായ കുടിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു; പിന്നാലെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി; 'ഹണിട്രാപ്പ്' കെണിയിലാക്കി ബ്ലാക്ക്‌മെയിലിംഗ്; കര്‍ഷകന്റെ പരാതിയില്‍ അറസ്റ്റിലായ യുവതിക്ക് എച്ച്‌ഐവി; കുടുങ്ങിയത് നിരവധിപ്പേരെന്ന് ആശങ്ക; ഇരകളായവര്‍ക്കായി തിരച്ചില്‍

ഭിണ്ഡ്: പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ നടന്ന ഹണിട്രാപ്പ് തട്ടിപ്പുകേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കേസില്‍ അറസ്റ്റിലായ യുവതി എച്ച്‌ഐവി ബാധിതയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ തട്ടിപ്പിനിരയായ നിരവധി പുരുഷന്മാർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടാകാമെന്ന കടുത്ത ആശങ്കയിലാണ് പോലീസും ആരോഗ്യവകുപ്പും. യുവതിയുമായി ശാരീരികമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം.

ഭിണ്ഡ് ദേഹത് സ്വദേശിയായ അറുപതുകാരനായ ഒരു കർഷകൻ നല്‍കിയ ബ്ലാക്ക്‌മെയിലിംഗ് പരാതിയിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കാല് വേദനയാണെന്ന് വ്യാജേന പറഞ്ഞ് യുവതി കർഷകന്റെ വണ്ടിയില്‍ ലിഫ്റ്റ് ചോദിക്കുകയായിരുന്നു. തുടർന്ന് ചായ കുടിക്കാൻ വീട്ടിലേക്ക് ക്ഷണിച്ച കർഷകനെ യുവതി തന്ത്രപൂർവ്വം കെണിയില്‍ വീഴ്ത്തുകയും ഇവരുടെ മോശം ദൃശ്യങ്ങള്‍ സംഘം രഹസ്യമായി ക്യാമറയില്‍ പകർത്തുകയുമായിരുന്നു.

ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ പിന്നീട് കർഷകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാൻ തുടങ്ങി. 7 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വ്യാജ ബലാത്സംഗക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. നാണക്കേട് ഭയന്ന് കർഷകൻ ആദ്യം 5,000 രൂപ നല്‍കി. എന്നാല്‍ തുകയ്ക്കായി സംഘം സമ്മർദ്ദം ചെലുത്തിയതോടെ തന്റെ കൃഷിഭൂമി വില്‍ക്കാൻ കർഷകൻ ഒരുങ്ങി. ഒടുവിലാണ് ധൈര്യം സംഭരിച്ച്‌ അദ്ദേഹം പോലീസിനെ സമീപിച്ചത്. കർഷകന്റെ പരാതിയില്‍ യുവതിയെ അറസ്റ്റ് ചെയ്ത് നടത്തിയ വൈദ്യപരിശോധനയിലാണ് ഇവർ എച്ച്‌ഐവി ബാധിതയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഇതിനായുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി (ART) ചികിത്സയിലായിരുന്നു. യുവതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയും അടക്കം തട്ടിപ്പ് സംഘത്തിലെ മറ്റ് മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോള്‍ പതിനഞ്ചിലധികം പുരുഷന്മാരുടെ സമാനമായ വീഡിയോകള്‍ പോലീസിന് ലഭിച്ചു.

ഇതില്‍ ആറോ ഏഴോ പേരുമായി യുവതിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വീഡിയോയിലുള്ള ആളുകളെ കണ്ടെത്തി അവർക്ക് ആവശ്യമായ വൈദ്യപരിശോധനയും കൗണ്‍സിലിംഗും നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഭിണ്ഡ് എസ്പി സൂരജ് വർമ്മ വ്യക്തമാക്കി. സാധാരണ ഒരു ബ്ലാക്ക്‌മെയിലിംഗ് കേസ് എന്നതിനപ്പുറം വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായാണ് ഇപ്പോള്‍ ഈ സംഭവത്തെ അധികൃതർ കാണുന്നത്.

ഇന്ത്യയില്‍ നിലവില്‍ 25 ലക്ഷത്തിലധികം ആളുകള്‍ എച്ച്‌ഐവി ബാധിതരായി കഴിയുന്നുണ്ടെന്നാണ് സർക്കാർ കണക്കുകള്‍. വർഷം തോറും 66,400-ഓളം പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. മധ്യപ്രദേശില്‍ മാത്രം 48,000-ത്തിലധികം ആളുകള്‍ എച്ച്‌ഐവി ചികിത്സയിലുണ്ട്. ഇതില്‍ ഭൂരിഭാഗവും 15-നും 35-നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്നത് ആശങ്ക കൂട്ടുന്നു. ഈ തട്ടിപ്പ് സംഘം മറ്റ് എവിടെയെങ്കിലും സമാനമായ രീതിയില്‍ ആളുകളെ കുടുക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali