Tuesday, 26 May, 6.43 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കാലടിയില്‍ മിന്നല്‍ മുരളി സിനിമാസെറ്റ് തകര്‍ത്ത കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് റൂറല്‍ എസ്‌പി കെ.കാര്‍ത്തിക്; കേരള പകര്‍ച്ച വ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും കേസ്; ഗൂണ്ടാപ്പിരിവ് നിരസിച്ചതിനെ തുടര്‍ന്നാണ് സെറ്റ് തകര്‍ത്തതെന്ന് മുഖ്യപ്രതി കാരി രതീഷിന്റെ മൊഴി; തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമെന്ന് പൊലീസ്

കൊച്ചി: കാലടിയില്‍ ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍കാലടി മണപ്പുറത്ത് സിനിമാ സെറ്റ് നശിപ്പിച്ച കേസില്‍ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്ബിള്ളി വീട്ടില്‍ ഗോകുല്‍ (25), കീഴില്ലം വാഴപ്പിള്ളി വീട്ടില്‍ സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. സെറ്റ് നശിപ്പിക്കുകയും അതുവഴി വര്‍ഗീയ കലാപത്തിന് വഴിവയ്ക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികളുടെ മുന്‍ കാല ചരിത്രം പൊലീസ് അന്വേഷിച്ചുവരുന്നു. ഞായറാഴ്ചയാണ് മണപ്പുറത്ത് നിര്‍മ്മിച്ചിട്ടുള്ള മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് ഒരു സംഘം ആളുകള്‍ നശിപ്പിച്ചത്. ഇതിലെ മുഖ്യപ്രതി മലയാറ്റൂര്‍ സ്വദേശി കാര രതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പടെ 29 കേസുകളില്‍ പ്രതിയാണ് ഇയാള്‍.

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രകോപനത്തെ തുടര്‍ന്നാണെന്ന് രതീഷ് പൊലീസിനോട് പറഞ്ഞത്. മതവികാരം പറഞ്ഞാല്‍ കൂടുതല്‍ ആളുകളുടെ പിന്തുണയുണ്ടാകുമെന്ന് കരുതിയെന്നാണ് മൊഴി. അണിയറ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സെറ്റ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.

കേസില്‍ 11 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച്‌ വര്‍ഗീയ പ്രചാരണം നടത്തിയവരും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങും. മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം, കലാപശ്രമം, ആസൂത്രിതമായി സംഘം ചേരല്‍, മോഷണം തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തും എന്ന് പൊലീസ് പറയുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും യുവജനസംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദളും ചേര്‍ന്ന് നടത്തിയ ആക്രമണം ശ്രദ്ധ പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടായിരുന്നു. ഈ സംഘടനകള്‍ക്ക് തീവ്രവര്‍ഗ്ഗീയ സ്വഭാവമുണ്ടെന്നും പൊലീസ് പറയുന്നു.

രാഷ്ട്രീയ ബജ്‌റംഗദള്‍ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍. ഇയാള്‍ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട കൂടിയാണ്. കാരി രതീഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ആക്രമണത്തില്‍ പങ്കാളികളായ നാല് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്രംഗദളിന്റെയും പ്രവര്‍ത്തകരുമാണ്.

അഖില ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണ് രാഷ്ട്രീയ ബംജ്റംഗദള്‍. കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ കാരി രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ആലുവ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കി. ഇതോടെയാണ് എഎസ്‌പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് എഎച്ച്‌പി പ്രവര്‍ത്തകര്‍ക്കെതിരെ കേസും എടുത്തിരുന്നു.

മലയാളസിനിമാലോകം മുഴുവന്‍ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിര്‍ത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ പറഞ്ഞു. സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ആലുവ റൂറല്‍ എസ്‌പിക്ക് ആഘോഷസമിതിയും പരാതി നല്‍കി.

എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടന അന്താരാഷ്ട്ര ഹിന്ദുപരിഷത് നശിപ്പിച്ചത് പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ്. മെയ് 19ന് ഫേസ്‌ബുക്കിലൂടെയും യൂട്യൂബിലൂടെയും എ എച്ച്‌ പി നേതാക്കള്‍ 'മിന്നല്‍ മുരളി'ക്കായി സജ്ജീകരിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ മാതൃസംഘടനയായ അന്താരാഷ്ട്ര ഹിന്ദുപരിഷത് സംസ്ഥാന സെക്രട്ടറി ഹരി പാലോട് ഫേസ്‌ബുക്കിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാലടി ശിവരാത്രി മണപ്പുറത്ത് ശിവന്റെ ക്ഷേത്രം മറച്ചുകൊണ്ട് മഹാദേവന്റെ മുഖം മറച്ച്‌ പള്ളി നിര്‍മ്മിച്ചിരിക്കുകയാണെന്ന് ഇത് പൊളിച്ച്‌ നീക്കണമെന്നും അന്താരാഷ്ട്ര ഹിന്ദു പരിഷദ് വിഭാഗ് അധ്യക്ഷന്‍ രതീഷ് മലയാറ്റൂര്‍ പറയുന്ന വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. രതീഷ് മലയാറ്റൂരിന്റെ നേതൃത്വത്തിലാണ് പള്ളി സെറ്റ് പൊളിച്ചതെന്ന് ഹിന്ദു പരിഷത്ത് പറഞ്ഞിരുന്നു. പഞ്ചായത്ത് അനുമതിയില്ലാതെയാണ് സിനിമാ സെറ്റ് നിര്‍മ്മിച്ചതെന്ന വാദം തള്ളി മിന്നല്‍ മുരളി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം പഞ്ചായത്തില്‍ പണമടച്ചതിന്റെ രസീതാണ് ടൊവിനോ ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.

കാലടി മണപ്പുറത്തെ ക്രിസ്ത്യന്‍ പള്ളി സെറ്റ് പൊളിച്ചതിന്റെ ആഹ്ലാദപ്രകടനവും അവകാശവാദവും സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്നുണ്ട്. എ എച്ച്‌ പി, രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പേജിലൂടെയും പ്രൊഫൈലിലൂടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. എ എച്ച്‌ പി സംസ്ഥാന സെക്രട്ടറി സ്വന്തം ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടെ നല്‍കിയാണ് കൂടവും കമ്ബിവടികളും ഉപയോഗിച്ച്‌ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പള്ളിയുടെ സെറ്റ് തകര്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഹിന്ദുവിന്റെ സ്വാഭിമാനം സംരക്ഷിക്കാനാണ് പൊളിച്ചതെന്നാണ് അവകാശവാദം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top