Sunday, 20 Sep, 1.12 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കാലകാലങ്ങളില്‍ പോപ്പുലര്‍ ഉടമകളെ സംരക്ഷിച്ചു പോന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വാങ്ങിയത് കോടികള്‍; പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിക്ഷേപകരെ കൈയിലെടുക്കാന്‍ പ്രത്യേകം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഇടതും വലതും ബിജെപിയും; അട്ടിമറിയുടെ ജാള്യം മറിക്കാന്‍ ആഞ്ഞു പിടിച്ച്‌ സിപിഎം

കോന്നി: പോപ്പുലര്‍ ഫിനാന്‍സുകാരുടെ തട്ടിപ്പില്‍ പണം നഷ്ടമായവരുടെ രക്ഷകരാകാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മത്സരം. പാര്‍ട്ടി ഫണ്ടിലേക്ക് ആയ കാലത്ത് ലക്ഷങ്ങള്‍ കൈ നീട്ടി സ്വീകരിച്ചവര്‍ ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തട്ടിപ്പിന് ഇരയായവരെ കൂട്ടത്തോടെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. പോപ്പുലര്‍ തട്ടിപ്പിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കം നടന്നിരുന്നു.

ഇതു കാരണം നിക്ഷേപകരെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സിപിഎം. എന്നാല്‍, കഴിഞ്ഞ ദിവസം ഓരോ പരാതിക്കും പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പിടിവള്ളിയായതോടെയാണ് നിക്ഷേപകരെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സിപിഎം മുന്നോട്ടു വന്നിട്ടുള്ളത്.

Stories you may Like

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും തട്ടിപ്പിന് ഇരയായവര്‍ക്ക് രാഷ്ട്രീയക്കാരുടെ പിന്തുണ കിട്ടും. ലക്ഷങ്ങളും കോടികളും പോപ്പുലറുകാരന് കൊടുത്ത് വഴിയാധാരമായവരെ ദത്തെടുക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. ആദ്യം കോണ്‍ഗ്രസുകാര്‍ സമരം ഏറ്റെടുക്കുമ്ബോള്‍ സിപിഎം ചിത്രത്തിലുണ്ടായിരുന്നില്ല.

സര്‍ക്കാരും പൊലീസും ചേര്‍ന്ന് പോപ്പുലര്‍ ഉടമകളെ രക്ഷിക്കാനാവശ്യമായ കരുക്കള്‍ നീക്കിയിരുന്നു. അതിന്റെ ഭാഗമായിരുന്നു എല്ലാ പരാതികള്‍ക്കും കൂടി കോന്നി പൊലീസ് സ്റ്റേഷനില്‍ ഒറ്റ എഫ്‌ഐആര്‍ എന്ന തന്ത്രം. സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഡിജിപി അത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്.

ഇതിനെതിരേ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ സിപിഎമ്മിന് അപകടം മണത്തു. നിക്ഷേപകര്‍ക്ക് അനുകൂലമായി വിധി വരുമെന്ന് മനസിലാക്കിയ സിപിഎം ജില്ലാ സെക്രട്ടറി കേസ് വാദിക്കാന്‍ പത്തനംതിട്ടയില്‍ പ്രത്യേക കോടതിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതു പോലെ ഓരോ പരാതിക്കും പ്രത്യേകം എഫ്‌ഐആര്‍ ഇടാന്‍ കോടതി നിര്‍ദേശിച്ചു.

നിക്ഷേപകരെ പറ്റിച്ച്‌ നാടുവിടാന്‍ ശ്രമിച്ച പോപ്പുലര്‍ ഉടമയുടെ മക്കളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ബിജെപിയാണെന്നത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്. പോപ്പുലര്‍ ഉടമ റോയി ഡാനിയലിന്റെ മക്കളായ റിനു, റീബ എന്നിവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ പോകുന്നുവെന്ന വിവരം ആദ്യം കിട്ടിയത് ബിജെപി ജില്ലാ സെക്രട്ടറി വിഎ സൂരജിനായിരുന്നു.

അദ്ദേഹം ഈ വിവരം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസിലേക്ക് കൈമാറുകയും അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം റിനുവിനെയും റീബയെയും എയര്‍ പോര്‍ട്ടില്‍ തടഞ്ഞു വയ്ക്കുകയുമായിരുന്നു. വകയാറിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ ധര്‍ണ നടത്തുന്നതില്‍ മാത്രമൊതുങ്ങി ബിജെപിയുടെ സമരം. അതിനും നേതൃത്വം നല്‍കിയത് സൂരജായിരുന്നു.

കോണ്‍ഗ്രസ് ആദ്യം തട്ടിപ്പിന് ഇരയായവര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്തു. പിന്നീട് നിക്ഷേപകരുടെ യോഗം വിളിച്ചു ചേര്‍ത്തു. നിക്ഷേപകരോട് കേസ് നടത്താനാവശ്യമായ ചെലവ് കോണ്‍ഗ്രസുകാര്‍ ചോദിച്ചുവെന്ന് ഒരു ആരോപണം ഉയരുകയും ചെയ്തു. എന്നാല്‍, തങ്ങള്‍ നേരിട്ട് ആരോടും പണം പിരിച്ചിട്ടില്ലെന്നും അഭിഭാഷകരെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അങ്ങനെ നിയോഗിക്കപ്പെടുന്ന അഭിഭാഷകര്‍ ഫീസ് ആവശ്യപ്പെട്ടാല്‍ അത് തങ്ങളുടെ കുറ്റമല്ലത്രേ.

ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നോട്ട് പോയത് കണ്ടു നില്‍ക്കാന്‍ മാത്രമായിരുന്നു സിപിഎമ്മിന്റെ വിധി. അതിന് കാരണമായത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണമായിരുന്നു. ഒടുക്കം ഓരോ പരാതിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് ശേഷമാണ് ധൈര്യമായി സിപിഎം രംഗത്തു വന്നതും വെള്ളിയാഴ്ച കോന്നിയില്‍ നിക്ഷേപകരുടെ യോഗം വിളിച്ചതും. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സി ബി ഐ അന്വേഷിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യപ്പെട്ടു.

രാജ്യം കണ്ട എറ്റവും വലിയ തട്ടിപ്പാണിത്. വ്യക്തമായ ആസൂത്രണം നടത്തിയാണ് തട്ടിപ്പ് നടത്തിയത് നിക്ഷേപം പല കടലാസു കമ്ബനികളില്‍ രജിസ്റ്റര്‍ ചെയ്ത് ആളുകളില്‍ നിന്ന് സ്വീകരിച്ചത്.ഇവിടെ പണയം വച്ച സ്വര്‍ണം ഇരട്ടി തുകയ്ക്ക് മറ്റ് സ്ഥാപനങ്ങളില്‍ പണയം വച്ചിരിക്കുകയാണ്. തീവെട്ടിക്കൊള്ള യാണ് ഈ മാന്യമാര്‍ നടത്തിയിരിക്കുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ആദ്യഘട്ടത്തില്‍ തന്നെ ഇതില്‍ ഇടപെട്ടിരുന്നു.

ഒരോ നിക്ഷേപകരെയും വാദിയാക്കി വിവിധ കേസുകള്‍ എടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയും ആഭ്യന്തര വകുപ്പില്‍ ഇടപെട്ട് തീരുമാനമെടുപ്പിക്കുകയും ചെയ്തിതിരുന്നുവെന്നാണ് ഉദയഭാനു അവകാശപ്പെട്ടത്. ഈ തീരുമാനം സര്‍ക്കാരിന്റേതല്ല കോടതിയുടേതാണെന്ന വസ്തുത മറച്ചു വച്ചായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top