Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴയില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം; പാല്‍ച്ചുരം റോഡ് തകര്‍ന്നു; ബോയ്‌സ്ടൗണ്‍-പാല്‍ച്ചുരം റോഡില്‍ നാളെ  രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം; വീടുകളില്‍ വെള്ളം കയറി; തുരുത്തില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തിയത് സാഹസികമായി; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

കനത്ത മഴയില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം; പാല്‍ച്ചുരം റോഡ് തകര്‍ന്നു; ബോയ്‌സ്ടൗണ്‍-പാല്‍ച്ചുരം റോഡില്‍ നാളെ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം; വീടുകളില്‍ വെള്ളം കയറി; തുരുത്തില്‍ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തിയത് സാഹസികമായി; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

ണ്ണൂര്‍: ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും അതിശക്തമായ മഴയും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മഴ അതിതീവ്രമായതോടെ ദുരന്തസാധ്യത മുന്‍നിര്‍ത്തി കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്‌സ്ടൗണ്‍-പാല്‍ച്ചുരം റോഡില്‍ ഇന്ന് (ഓഗസ്റ്റ് 1) വൈകീട്ട് 6 മണി മുതല്‍ നാളെ (ഓഗസ്റ്റ് 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. റോഡ് ഗതാഗതം പൂര്‍ണ്ണമായി തടയുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. കൂടാതെ പാല്‍ച്ചുരത്തില്‍ റോഡ് തകരുകയും കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികളും ആരംഭിച്ചു. ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പാല്‍ച്ചുരം ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം പുളിങ്ങോം കോഴിച്ചാലില്‍ തുരുത്തില്‍ കുടുങ്ങിയ സുമതി എന്ന സ്ത്രീയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.

മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ജില്ലയിലുടനീളം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കോളിത്തട്ടില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ, വട്ടിയാംതോട്, വയത്തൂര്‍ എന്നീ മൂന്ന് പാലങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ആറളത്തെ ചിത്രശലഭ സങ്കേതത്തിലും വെള്ളം കയറി. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലൂടെയുള്ള റാഫ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

മഴ കനത്ത പശ്ചാത്തലത്തില്‍ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഡി.ടി.പി.സി. താത്കാലിക വിലക്കേര്‍പ്പെടുത്തി. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, ബീച്ചുകള്‍ എന്നിവടങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ബീച്ചുകളോട് അനുബന്ധിച്ചുള്ള പാര്‍ക്കുകള്‍ അടച്ചിട്ടതായും ഡി.ടി.പി.സി അറിയിച്ചു. സാഹസിക ജലവിനോദങ്ങളായ റാഫ്റ്റിങ്, കയാക്കിങ് എന്നിവ നിരോധിച്ചതിനൊപ്പം മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.കാര്യങ്കോട് പുഴയിലെ റാഫ്റ്റിങ്, കയാക്കിങ് ഉള്‍പ്പെടെയുള്ള ജലസാഹസിക വിനോദങ്ങള്‍ നിര്‍ത്തിവെച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali