Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാപ്പനും ദേവരാജനും ഉറപ്പായും പദവി കിട്ടും; അഞ്ചു കാബിനറ്റ് മന്ത്രിസ്ഥാനമുള്ള മുസ്ലീം ലീഗിന് ഇനിയൊരു പദം കൂടി കൊടക്കണോ എന്നതില്‍ സംശയം; പിജെ ജോസഫിനും കാബിനറ്റ് പദം കിട്ടും.; ഇനി എല്ലാ മാസവും യുഡിഎഫ്; ലക്ഷ്യം രണ്ടാം ഭൂപരിഷ്‌കരണം; രണ്ടാം ഭൂപരിഷ്‌കരണവും പ്രതിമാസ യോഗങ്ങളും ലക്ഷ്യം: അതൃപ്തി ഒഴിവാക്കാന്‍ തന്ത്രപരമായ നിലപാട് എടുത്ത് വിഡിഎസ്

കാപ്പനും ദേവരാജനും ഉറപ്പായും പദവി കിട്ടും; അഞ്ചു കാബിനറ്റ് മന്ത്രിസ്ഥാനമുള്ള മുസ്ലീം ലീഗിന് ഇനിയൊരു പദം കൂടി കൊടക്കണോ എന്നതില്‍ സംശയം; പിജെ ജോസഫിനും കാബിനറ്റ് പദം കിട്ടും.; ഇനി എല്ലാ മാസവും യുഡിഎഫ്; ലക്ഷ്യം രണ്ടാം ഭൂപരിഷ്‌കരണം; രണ്ടാം ഭൂപരിഷ്‌കരണവും പ്രതിമാസ യോഗങ്ങളും ലക്ഷ്യം: അതൃപ്തി ഒഴിവാക്കാന്‍ തന്ത്രപരമായ നിലപാട് എടുത്ത് വിഡിഎസ്

തിരുവനന്തപുരം: പ്രതിമാസ മുന്നണിയോഗങ്ങളിലൂടെ വികസന നയരൂപീകരണത്തിനും 'രണ്ടാം ഭൂപരിഷ്‌കരണത്തിനും' അടിത്തറയിടാനൊരുങ്ങി യു.ഡി.എഫ്.

മുന്നണി ഭരണത്തിന്റെ വീര്യവും ഐക്യവും ചോര്‍ന്നുപോകാതിരിക്കാന്‍ ഘടകകക്ഷികളിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കാബിനറ്റ് റാങ്കോടെയുള്ള പദവികള്‍ നല്‍കാനും തീരുമാനം. നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റോ മന്ത്രിസ്ഥാനമോ ലഭിക്കാതെ മാറിനിന്ന പ്രധാന നേതാക്കളെ കാബിനറ്റ് റാങ്കില്‍ പ്രമുഖ ഭരണപദവികളില്‍ പ്രതിഷ്ഠിച്ച്‌ മുന്നണിക്കുള്ളിലെ വിയോജിപ്പുകള്‍ പരിഹരിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നീക്കം.

മുന്നണിയുടെ നയപരമായ കാര്യങ്ങളും സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇനി മുതല്‍ എല്ലാ മാസവും യു.ഡി.എഫ്. യോഗം ചേരാന്‍ വ്യാഴാഴ്ച ചേര്‍ന്ന നേതാക്കളുടെ ഉന്നതതല യോഗത്തില്‍ ധാരണയായി. ഭവനരഹിതര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നല്‍കുന്നതിനൊപ്പം കൃഷി ചെയ്യാനുള്ള ഭൂമിയും ലഭ്യമാക്കുക, സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യവസായ ആവശ്യങ്ങള്‍ക്കായി ലാന്‍ഡ് ബാങ്ക് കണ്ടെത്തി നല്‍കുക തുടങ്ങിയ വിപ്ലവകരമായ നിര്‍ദ്ദേശങ്ങളാണ് 'രണ്ടാം ഭൂപരിഷ്‌കരണത്തിന്റെ' ഭാഗമായി മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. ഇത്തരം നിര്‍ണായക നീക്കങ്ങള്‍ മുന്നണി തലത്തില്‍ പൂര്‍ണ്ണമായി ചര്‍ച്ച ചെയ്ത ശേഷമേ പ്രഖ്യാപിക്കൂ എന്ന് മുഖ്യമന്ത്രി ഘടകകക്ഷികള്‍ക്ക് ഉറപ്പുനല്‍കി.

അതിനിടെ, സീറ്റോ മന്ത്രിസ്ഥാനമോ ലഭിക്കാത്ത ഘടകകക്ഷി നേതാക്കള്‍ക്ക് കാബിനറ്റ് പദവിയുള്ള തസ്തികകള്‍ വേണമെന്ന ആവശ്യം യോഗത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. എന്‍.സി.പി. (എസ്) നേതാവ് മാണി സി. കാപ്പന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവരുടെ കാര്യത്തില്‍ നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. മാണി സി. കാപ്പന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പദവിയും, ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ജി. ദേവരാജനും നല്‍കാനാണ് സാധ്യത. ഈ രണ്ടു നിയമനങ്ങളും ഉടന്‍ ഉണ്ടായേക്കും.

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിനായി വയോജന കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. മന്ത്രിസഭാ രൂപീകരണ സമയത്ത് രണ്ട് മന്ത്രിസ്ഥാനം ചോദിച്ച കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് നല്‍കിയിരുന്നത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്ന പി.ജെ. ജോസഫിന് കാബിനറ്റ് റാങ്കോടെ വയോജന കമ്മീഷന്‍ നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിന്ന പ്രമുഖ ലീഗ് നേതാവ് എം.കെ. മുനീറിനായി മുസ്ലിം ലീഗും കാബിനറ്റ് റാങ്ക് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തോടാണ് ലീഗിന് താത്പര്യം. എന്നാല്‍, നിലവില്‍ അഞ്ച് കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ കൈവശമുള്ള മുസ്ലിം ലീഗിന് ഇനിയുമൊരു കാബിനറ്റ് പദവി കൂടി നല്‍കണോ എന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ ലീഗ് നേതൃത്വവുമായി മുഖ്യമന്ത്രി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

മാണി സി. കാപ്പന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഘടകകക്ഷിയായ അനൂപ് ജേക്കബുമായി രണ്ടര വര്‍ഷത്തെ ധാരണയുണ്ടെന്ന പ്രചാരണം ഉയര്‍ന്നുവന്നിരുന്നെങ്കിലും അത്തരം ധാരണകളില്ലെന്ന് വ്യക്തമായതോടെയാണ് കാപ്പന് കാബിനറ്റ് പദവി നല്‍കാന്‍ ഭരണനേതൃത്വം നിര്‍ബന്ധിതരായത്. മാണി സി. കാപ്പന്റെയും ദേവരാജന്റെയും പദവികള്‍ വൈകാതെ പ്രഖ്യാപിക്കും.

കേന്ദ്ര ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ 'പി.എം. ശ്രീ' പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച്‌ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശത്തെ ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സമഗ്രമായ ഒരു മദ്യനയം തന്നെ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ഘടകകക്ഷി പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായി.

രണ്ടാം ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഭൂമിയില്ലാത്തവര്‍ക്ക് കൃഷിഭൂമിയും പാര്‍പ്പിടവും ഉറപ്പാക്കുന്ന പദ്ധതികള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ്. പ്രത്യേക മുഴുദിന യോഗം ചേരും. സര്‍ക്കാരിന്റെ ഏത് പ്രധാന നയപരമായ തീരുമാനവും മുന്നണി യോഗത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്ത ശേഷമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല മുന്നണി യോഗത്തെ അറിയിച്ചു. വ്യാജ കേസുകള്‍ പിന്‍വലിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ വൈകാതെ കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും മാസങ്ങളില്‍ തുടര്‍ച്ചയായി മുന്നണി യോഗങ്ങള്‍ ചേരുന്നതിലൂടെ സര്‍ക്കാരും മുന്നണിയും തമ്മിലുള്ള ഏകോപനം ശക്തമാക്കാനാണ് ഭരണനേതൃത്വം ലക്ഷ്യമിടുന്നത്. ഘടകകക്ഷികളുടെ പരാതികള്‍ പരിഹരിച്ച്‌ മുന്നണിയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാനും, തര്‍ക്കങ്ങളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാനും ഈ പദവി വീതംവെപ്പിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali