ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ക്രൂരമായ മര്‍ദനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത എന്ന് ആക്ഷേപം.
നിലവില്‍ ഒളിവിലുള്ള പ്രതി ദീപക് കൃഷ്ണനായി കര്‍ണാടക പൊലീസും കേരള പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കര്‍ണാടക പൊലീസ് തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്
മുന്‍പ് ഏറെ വിവാദമായ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ സഹതടവുകാരിയായിരുന്നു മരിച്ച യുവതി. ജയിലില്‍ ഷെറിന് ലഭിച്ചിരുന്ന വിഐപി പരിഗണനകളെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തില്‍, യുവതിയുടെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. കാരണവര്‍ കൊലക്കേസ് പ്രതിക്ക് ജയിലില്‍ ലഭിച്ചിരുന്ന വിഐപി പരിഗണനകളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ യുവതിയാണ് കൊല്ലപ്പെട്ടതെന്ന വസ്തുത സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അനില്‍ നമ്പ്യാരുടെ പോസ്റ്റില്‍ പറയുന്നത്...
കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഷെറിന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങളും പരിഗണനയും ലഭിച്ചിരുന്നുവെന്ന് ഒരു വര്‍ഷം മുമ്പ് എന്നോട് തുറന്നു പറഞ്ഞ, എനിക്ക് എക്സ്‌ക്ലൂസീവ് അഭിമുഖം തന്ന യുവതി ബെംഗളുരുവില്‍ കൊല്ലപ്പെട്ടു.
ഷെറിന്റെ സഹതടവുകാരിയായിരുന്നു മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട യുവതി. ഷെറിന് 'നല്ലനടപ്പി'നെ തുടര്‍ന്ന് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴാണ് തൃശൂരില്‍ നിന്നും യുവതി എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചത്.
ഷെറിനെ അന്നത്തെ ജയില്‍ ഡിഐജി യായിരുന്ന പ്രദീപ് ലൈംഗികമായി ഉപയോഗിച്ചിരുന്നു.അതും രാത്രികാലങ്ങളില്‍ തടവുകാരിയെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയിട്ടായിരുന്നു ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്റെ ലീലാവിലാസങ്ങള്‍ !
ഷെറിന്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ കലവറ തന്നെ ഷെറിന്റെ സെല്ലിലുണ്ടായിരുന്നു.
ഷെറിനില്‍ നിന്നും മാസപ്പടി പറ്റാത്ത ചുരുക്കം ഉദ്യോഗസ്ഥരെ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. ജയിലില്‍ സുഖലോലുപതയില്‍ വിരാജിച്ച
ഷെറിനെ തടവറയില്‍ നിന്നും വിട്ടയക്കാനുള്ള നീക്കം യുവതിയെ ഏറെ അസ്വസ്ഥയാക്കിയിരുന്നു.
കാരണം ഷെറിനെക്കാള്‍ മോചനത്തിന് അര്‍ഹതയുള്ള തടവുകാരികള്‍ കേരളത്തിലെ പല ജയിലുകളിലും ഇപ്പോഴും സര്‍ക്കാരിന്റെ കരുണ കാത്ത് കഴിയുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം യുവതി ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ഈ അനീതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജയില്‍ ഡിജിപി ക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
പക്ഷെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ ഷെറിന് ഇളവു നല്‍കാന്‍ സര്‍ക്കാറിനും ജയില്‍ മേലാളന്മാര്‍ക്കും മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. പരോളിലിറങ്ങുമ്പോള്‍ ഷെറിനെ കൊണ്ടുപോയിരുന്ന മുന്‍ മന്ത്രിയാണ് മന്ത്രിസഭയില്‍ ഷെറിന്റെ മോചനത്തിനായി വീറോടെ വാദിച്ചത്. എന്നോടുള്ള തുറന്നു പറച്ചില്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് യുവതിയെ പിണറായിയുടെ പോലീസ് വേട്ടയാടി.
അവരുടെ വീട്ടില്‍ ലഹരി വില്‍ക്കുന്നുവെന്ന കള്ളക്കേസില്‍ കുടുക്കി. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന മറ്റൊരു കേസിലും പെടുത്തി. പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആജ്ഞാപിച്ച് സദാ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് പോലീസ്
ഇടയ്ക്കിടയ്ക്ക് യുവതിയുടെ വീട്ടില്‍ ചെല്ലുമായിരുന്നു. എല്ലാ തരത്തിലും അവരുടെ ജീവിതം ദുസ്സഹമാക്കി. ഈ ഉപദ്രവങ്ങളെയും ഭീഷണിയെയും പറ്റി യുവതി എന്നോട് വിശദമായി ഫോണില്‍ സംസാരിക്കുമായിരുന്നു.
തെരുവുനായകളുടെ കൂട്ടുകാരിയും സംരക്ഷകയുമായിരുന്നു യുവതി. അവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ തെരുവുനായ്ക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും സ്നേഹിച്ചിരുന്ന യുവതി ഒരു ആക്റ്റിവിസ്റ്റ് കൂടിയായിരുന്നു. മുഖം നോക്കാതെ പ്രതികരിക്കാനുള്ള തന്റേടത്തിനുടമയായിരുന്നു. ബെംഗളുരുവില്‍ കഴിഞ്ഞ ദിവസം ഒരു മലയാളിയുടെ ലൈംഗികാതിക്രമത്തെ ചെറുക്കുന്നതിനിടയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായിട്ടാണ് യുവതി കൊല്ലപ്പെട്ടത്.
യുവതിയുടെ കൊലപാതകത്തില്‍ ദുരൂഹതയുണ്ട്. പ്രതിയെ കര്‍ണ്ണാടക പോലീസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്യണം. ഒരു അഭിമുഖത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട യുവതിയോട് പകയും വൈരാഗ്യവുമുള്ള പലരുമുണ്ട്. അതില്‍ ഷെറിനുണ്ട്. രാഷ്ട്രീയ നേതാവുണ്ട്. ജയില്‍ മുന്‍ ഡി ഐ ജി യുണ്ട്. സത്യം പുറത്തു വരണം.കേരളത്തിലെ പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമെടുക്കണമെന്ന് അപേക്ഷിക്കുന്നു
ക്രൂരമായ അതിക്രമവും മരണവും
ബെംഗളൂരുവിലെ തെരുവുനായ ഷെല്‍ട്ടറില്‍ ജോലിക്കെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ 47-കാരിയാണ് കൊല്ലപ്പെട്ടത്. മെയ് മൂന്നിന് ഷെല്‍ട്ടര്‍ ഉടമയായ ദീപക് കൃഷ്ണന്‍ എന്നയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും, അത് എതിര്‍ത്തപ്പോള്‍ അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.യുവതി ലൈംഗിക അതിക്രമത്തിന് ഇരയായതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്ന മലയാളി യുവാവ് ദീപക് കൃഷ്ണന്റെ ക്രൂരതയ്ക്കാണ് യുവതി ഇരയായത്. മെയ് മൂന്ന് ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ ജോലിക്കായി ബെംഗളൂരുവിലെ സുലിബലയില്‍ എത്തിയതായിരുന്നു യുവതി. പ്രതിയായ ദീപക് കൃഷ്ണന്‍ ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ സമീപിക്കുകയും, ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യത്താല്‍ അതിക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മര്‍ദനത്തില്‍ യുവതിയുടെ തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. യുവതിയെ മര്‍ദിച്ചതായി സമ്മതിക്കുന്ന പ്രതിയുടെ ഓഡിയോ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.
നിലവില്‍ ഒളിവിലുള്ള പ്രതി ദീപക് കൃഷ്ണനായി കര്‍ണാടക പൊലീസും കേരള പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കര്‍ണാടക പൊലീസ് തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആശുപത്രിയിലെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

