Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍മം കണക്കു ചോദിച്ചത് പിണറായിയോട്? വിനോദിനിയുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ബിനീഷിന് പാര്‍ട്ടി അംഗത്വവും പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡും; 'നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷം കര്‍മം കണക്കുതീര്‍ക്കും'; കോടിയേരിയുടെ ഭാര്യയുടെ പഴയ വാട്‌സാപ്പ് സ്റ്റാറ്റസ് ചര്‍ച്ചകളില്‍

കര്‍മം കണക്കു ചോദിച്ചത് പിണറായിയോട്? വിനോദിനിയുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ബിനീഷിന് പാര്‍ട്ടി അംഗത്വവും പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡും; 'നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷം കര്‍മം കണക്കുതീര്‍ക്കും'; കോടിയേരിയുടെ ഭാര്യയുടെ പഴയ വാട്‌സാപ്പ് സ്റ്റാറ്റസ് ചര്‍ച്ചകളില്‍

ണ്ണൂര്‍: സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം തിരികെ നല്‍കുമ്പോള്‍ ചര്‍ച്ചയായി വിനോദിനി കൊടിയേരിയുടെ പഴയ വാട്‌സാപ്പ് സ്റ്റാറ്റസ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ബിനീഷിനെ പെട്ടെന്ന് തിരിച്ചെടുത്തതിന് പിന്നില്‍ രാഷ്ട്രീയമായ വന്‍ അണിയറ നീക്കങ്ങളുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐ.ടി. കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തിരുവനന്തപുരത്ത് വന്‍ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബിനീഷിന്റെ ഈ രാഷ്ട്രീയ പുനഃപ്രവേശം എന്നത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. കൊടിയേരി വികാരത്തെ അനുകൂലമാക്കാനുള്ള പിണറായി തന്ത്രമെന്നാണ് വിലയിരുത്തല്‍.

ഇതിനേക്കാളെല്ലാം ഉപരിയായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി ആഴ്ചകള്‍ക്ക് മുന്‍പ് തന്റെ വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ കുറിച്ച വിചിത്രവും എന്നാല്‍ അര്‍ത്ഥഗര്‍ഭവുമായ വരികളാണ്. 'കര്‍മ്മം വൈകിയെത്തും, പക്ഷേ ഒരിക്കലും വഴിതെറ്റില്ല. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കര്‍മ്മം കൃത്യമായി കണക്കുതീര്‍ക്കുന്നത്' എന്നായിരുന്നു വിനോദിനിയുടെ കുറിപ്പ്. പിണറായി വിജയന്റെ മകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ കുരുക്ക് മുറുകുകയും, അതേസമയം കോടിയേരിയുടെ മകന്‍ പാര്‍ട്ടിയില്‍ സജീവമായി തിരിച്ചെത്തുകയും ചെയ്തതോടെ, വിനോദിനി കോടിയേരി പറഞ്ഞ 'കര്‍മ്മഫലം' ചെന്നുകൊണ്ടത് പിണറായി വിജയന്റെ നേര്‍ക്കാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉയരുന്നത്.

വിനോദിനി കോടിയേരിയുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസിലെ വാക്കുകള്‍ ഓരോന്നും പിണറായി വിജയന്‍ എന്ന സി.പി.എം. കരുത്തനെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം ഇപ്പോള്‍ രഹസ്യമായി വിലയിരുത്തുന്നത്. 'ഞാന്‍ വെറുതെ ഒരാളെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിന് യാതൊരു വിലയുമില്ലെന്ന് മനസ്സിലാക്കുമ്പോള്‍ ഒഴിഞ്ഞുമാറിപ്പോകാറാണ് പതിവ്' എന്ന് തുടങ്ങുന്ന കുറിപ്പില്‍, കോടിയേരിയുടെ മരണശേഷം തങ്ങളുടെ കുടുംബം പാര്‍ട്ടിയില്‍ നേരിട്ട അവഗണനകളെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു.

ബിനീഷ് കോടിയേരി ജയിലില്‍ കിടന്ന കാലത്തും, കോടിയേരിയുടെ മരണശേഷവും പാര്‍ട്ടിയിലെ പരമാധികാരിയായ പിണറായി വിജയന്റെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ലഭിച്ച മൗന വേദനകളെയും നിശ്ശബ്ദ ദ്രോഹങ്ങളെയും കുറിച്ചാണ് വിനോദിനി പരോക്ഷമായി ആഞ്ഞടിച്ചതെന്നായിരുന്നു വിലയിരുത്തലുകള്‍. 'നീ മറന്നാലും അത് നിന്നെ മറക്കില്ല. നീ ചെയ്ത മൗനവേദനകള്‍ക്കും നിശ്ശബ്ദ ദ്രോഹങ്ങള്‍ക്കും കര്‍മ്മത്തിന് എല്ലാം ഓര്‍മ്മയുണ്ട്' എന്ന വരികള്‍, മുന്‍ ഭരണകാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും തിളങ്ങിനിന്ന പിണറായി കുടുംബത്തിന് നേരെ തന്നെയുള്ള കൂരമ്പുകളായിരുന്നുവെന്ന് ചിലര്‍ അടക്കം പറയുന്നു.

സംസ്ഥാനത്ത് ഭരണം മാറുകയും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതോടെ സി.പി.എമ്മിന്റെ ആഭ്യന്തര സമവാക്യങ്ങള്‍ അപ്പാടെ തകിടം മറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും മകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ പിണറായി വിജയന്റെ പാര്‍ട്ടിയിലെ പിടി അയഞ്ഞുതുടങ്ങി. ഈ അവസരം കൃത്യമായി വിനിയോഗിച്ചാണ് തിരുവനന്തപുരത്തെ കോടിയേരി അനുകൂല വിഭാഗം ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം തിരികെ നല്‍കാന്‍ അടിയന്തിര തീരുമാനമെടുത്തത് എന്നും സൂചനയുണ്ട്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ 'വര്‍ഗ്ഗവഞ്ചകന്‍' ടി.കെ. ഗോവിന്ദനെ വിനോദിനി കോടിയേരി കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ സ്വീകരിച്ചിരുത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദമായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക തിട്ടൂരങ്ങളെ തങ്ങള്‍ ഇനി ഭയപ്പെടുന്നില്ലെന്ന പരസ്യമായ പ്രഖ്യാപനമാണ് വിനോദിനി ഇതിലൂടെ നടത്തിയത്. ഇതിന് പിന്നാലെയാണ് വാട്‌സപ്പ് സ്റ്റാറ്റസ് വന്നത്. തന്റെ വാട്സ്‌ആപ്പ് സ്റ്റാറ്റസിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, 'ഞാന്‍ സ്വതന്ത്ര തലച്ചോറുള്ളയാളാണ്, അത് എന്നും അങ്ങനെ തന്നെയാണ്' എന്നായിരുന്നു വിനോദിനിയുടെ പ്രതികരണം. ആരുടെ കര്‍മ്മഫലത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും, കേരള രാഷ്ട്രീയം അത് കൃത്യമായി വായിച്ചെടുത്തു കഴിഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ വെറുതെ ഒരാളെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിന് യാതൊരു വിലയും ഇല്ലെന്ന് മനസ്സിലാക്കുമ്പോള്‍ ഒഴിഞ്ഞുമാറി പോകാറാണ് പതിവ്. ചില തിരിച്ചറിവുകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഒരുപക്ഷേ ആ തിരിച്ചറിവ് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെങ്കില്‍ കൂടി, അവര്‍ നമ്മെ ഒരുപാട് മാറ്റത്തിലേക്ക് നയിക്കുന്നു എന്നതാണ് സത്യം.

ഒറ്റപ്പെട്ട് പോയ ചിലരുണ്ട്. അവരെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും. ഉണ്ടാവില്ല, കാരണം ഒറ്റപ്പെട്ട പോയവരുടെ അവസ്ഥ അവര്‍ക്ക് മാത്രമേ അറിയുക ഉള്ളൂ. എത്ര ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്നവര്‍ക്കും ഒറ്റപ്പെട്ട് പോയവരുടെ അവസ്ഥ അറിയാന്‍ കഴിയില്ല. അവരുടെ മനസ്സ്, അവരുടെ ചിന്ത, അവരുടെ ഹൃദയം ഒക്കെയും വല്ലാത്തൊരു സാഹചര്യത്തിലൂടെ കടന്നു പോകും. അവരോടൊപ്പം ഇരിക്കാന്‍ അവര്‍ക്ക് കൂട്ടാകാന്‍ ആരും ശ്രമിക്കില്ല.

ഒറ്റപ്പെട്ട് പോയതിനു ഒരു പ്രത്യേക ഭംഗിയുണ്ട്. അവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഭംഗി. സത്യസന്ധരായിരിക്കുക, പക്ഷേ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്. സ്‌നേഹിക്കുക, പക്ഷേ നിങ്ങളുടെ വ്യക്തിത്വമോ ഇഷ്ടങ്ങളോ ലക്ഷ്യങ്ങളോ ബലി കഴിക്കരുത്.

കര്‍മ്മം വൈകിയെത്തും, പക്ഷേ ഒരിക്കലും വഴിതെറ്റില്ല. നീ മറന്നാലും അത് നിന്നെ മറക്കില്ല. നീ ചെയ്ത മൗനവേദനകള്‍ക്കും നിശബ്ദ ദ്രോഹങ്ങള്‍ക്കും കര്‍മ്മത്തിന് എല്ലാം ഓര്‍മ്മയുണ്ട്. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കര്‍മ്മം കൃത്യമായി കണക്കുതീര്‍ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali