Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ദളിത് നേതാവായ ജി പരമേശ്വര ഉപമുഖ്യമന്ത്രി; സിദ്ധരാമയ്യ ഒഴിഞ്ഞ കസേരയിലേക്ക് എത്തിയത് കോണ്‍ഗ്രസിന്റെ കരുത്തനായ 'ക്രൈസിസ് മാനേജര്‍'; 1413.78 കോടിയുടെ ആസ്തിയുള്ള ഡി കെ ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ദളിത് നേതാവായ ജി പരമേശ്വര ഉപമുഖ്യമന്ത്രി; സിദ്ധരാമയ്യ ഒഴിഞ്ഞ കസേരയിലേക്ക് എത്തിയത് കോണ്‍ഗ്രസിന്റെ കരുത്തനായ 'ക്രൈസിസ് മാനേജര്‍'; 1413.78 കോടിയുടെ ആസ്തിയുള്ള ഡി കെ ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഡി.കെ സത്യവാചകം ചൊല്ലിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി സിദ്ധരാമയ്യയുടെ വിശ്വസ്തനായ മുതിര്‍ന്ന നേതാവ് ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലുകാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയെ ഇന്നലെ എഐസിസി പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് തുടങ്ങിയവരും ഡി കെ ശിവകുമാരിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും ശിവകുമാര്‍ മന്ത്രിസഭയില്‍ മന്ത്രിമാരാകും. മുഖ്യമന്ത്രിയടക്കം 12 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തതത്. കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായാണ് ഡി കെ ശിവകുമാര്‍ അധികാരമേറ്റത്. സതീഷ് ജാര്‍ക്കിഹോളി, ശിവരാജ് തങ്കടഗി, യു ടി ഖാദര്‍, രാമലിംഗ റെഡ്ഡി, ഈശ്വര്‍ ഖണ്ഡ്രെ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, ശരണ്‍ പ്രകാശ് പാട്ടീല്‍, എംബി പാട്ടീല്‍, കെഎച്ച്‌ മുനിയപ്പ എന്നിവരുടെ പേരുകളും ഈ ലിസ്റ്റിലുണ്ട്. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.

135 എംഎല്‍എമാരില്‍ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്. കേരള മോഡല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കര്‍ണാടകയിലും നടത്തുന്നതില്‍ ചില ലക്ഷ്യങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നില്‍ കാണുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാള്‍ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടല്‍. തുടര്‍ഭരണം നേടിയാല്‍ അത് ദേശീയ തലത്തിലും കോണ്‍ഗ്രസിന് ഉണര്‍വ്വ് നല്കുന്നതായി മാറും.

മന്ത്രിസ്ഥാനം ലഭിക്കുന്ന മറ്റൊരു മുതിര്‍ന്ന നേതാവാണ് മലയാളിയായ കെ ജെ ജോര്‍ജ്. ഒന്നിലധികം സര്‍ക്കാരുകളിലായി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ജോര്‍ജ്, പാര്‍ട്ടിയുടെ ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഏത് മന്ത്രിസഭാ പുനഃസംഘടനയിലും സുരക്ഷിതമായ ഒരു തിരഞ്ഞെടുപ്പായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ആര്‍ രാമലിംഗ റെഡ്ഡിയും പുതിയ ഭരണസംവിധാനത്തില്‍ സ്വാധീനം നിലനിര്‍ത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.

സമാനമായി സതീഷ് ജാര്‍ക്കിഹോളിയും പട്ടികയിലുണ്ട്. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള ഏറ്റവും സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവുമായ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് പ്രാദേശികവും സാമൂഹികവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിക്കും.

ഏറ്റവും ഉറ്റുനോക്കപ്പെടുന്ന പേരുകളിലൊന്ന് യതീന്ദ്ര സിദ്ധരാമയ്യയുടേതാണ്. മുന്‍ എംഎല്‍എയും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്രയെ കോണ്‍ഗ്രസിനുള്ളില്‍ വളര്‍ന്നുവരുന്ന ഒരു ശക്തിയായാണ് ദീര്‍ഘകാലമായി വീക്ഷിക്കുന്നത്. പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരുമുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൃംഖലയ്ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമമായാണ് യതീന്ദ്രയുടെ ഈ ഉള്‍പ്പെടുത്തല്‍ വിലയിരുത്തപ്പെടുന്നത്.

നിയമസഭാ സ്പീക്കര്‍ യു ടി ഖാദറിന്റെ പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. തീരദേശ കര്‍ണാടകയില്‍ വലിയ പിന്തുണയുള്ള ഖാദര്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്. മന്ത്രിമാരുടെ പട്ടികയിലുള്ള മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഈശ്വര്‍ ഖണ്ഡ്രെ. ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാരനും പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖ ലിംഗായത്ത് മുഖങ്ങളിലൊരാളുമായ ഖണ്ഡ്രെ, സമീപ വര്‍ഷങ്ങളില്‍ പരമ്പരാഗതമായി ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ലിംഗായത്ത് സമുദായവും കോണ്‍ഗ്രസും തമ്മിലുള്ള സുപ്രധാനമായ ഒരു പാലമായാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ സംഘടനാ പരിചയവും ശക്തമായ പ്രാദേശിക അടിത്തറയും പാര്‍ട്ടിയിലെ സീനിയോറിറ്റിയും മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തെ സ്വാഭാവിക യോഗ്യനാക്കുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്ന മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍

കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ഡി.കെ.ശിവകുമാറിനെ തേടിയെത്തിയത് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി എന്ന പട്ടമാണ്. 2023ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച്‌ 1413.78 കോടി രൂപയാണ് ഡി.കെ.ശിവകുമാറിന്റെ ആസ്തി. ഇപ്പോള്‍ ആസ്തിമൂല്യം ഇതിലും ഉയര്‍ന്നിട്ടുണ്ടാകാം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആണ് 931 കോടിയുമായി രണ്ടാമത്. തമിഴ്‌നാട്ടില്‍ അധികാരം പിടിച്ച തമിഴ് സിനിമാ സൂപ്പര്‍താരം കൂടിയായ സി.ജോസഫ് വിജയ് 648 കോടിയുമായി മൂന്നാമതുണ്ട്.

2018ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം ഡി.കെ.ശിവകുമാറിന്റെ ആസ്തി 840.08 കോടിയായിരുന്നു. ഡി.കെയുടെ സഹോദരനും മുന്‍ എംപിയുമായ ഡി.കെ.സുരേഷിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച്‌ 593 കോടിയുടെ ആസ്തിയുണ്ട്. ബെംഗളൂരു സൗത്ത് ജില്ലയില്‍ (പഴയപേര് രാമനഗര) ഏക്കറുകണക്കിന് ഭൂസ്വത്ത് ഡി.കെ. ശിവകുമാറിനുണ്ട്. ഇവയുടെ വിലയിലുണ്ടായ വര്‍ധനയും അദ്ദേഹത്തിന്റെ ആസ്തിയില്‍ പ്രതിഫലിക്കുന്നു.

ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സംയോജിത ആസ്തി 107 കോടി രൂപയേയുള്ളൂ. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരില്‍, തെലങ്കാനയുടെ രേവന്ത് റെഡ്ഡിയുടെ ആസ്തി 30 കോടി രൂപ. ദക്ഷിണേന്ത്യയിലെ 'ഏറ്റവും പാവപ്പെട്ട' മുഖ്യമന്ത്രി കേരളത്തിന്റെ സ്വന്തമാണ്; വി.ഡി. സതീശന്‍. സത്യവാങ്മൂലം അനുസരിച്ച്‌ 5.6 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിമൂല്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali