Wednesday, 27 Jan, 7.52 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കര്‍ഷക സമരത്തില്‍ നിന്ന് രണ്ടുയൂണിയനുകള്‍ പിന്മാറി; ഇങ്ങനെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടനും, ഭാരതീയ കിസാന്‍ യൂണിയനും; നടന്‍ ദീപ് സിദ്ധുവിനെ പോലുള്ള ചില സാമൂഹിക വിരുദ്ധരാണ് സമാധാനപരമായ പ്രക്ഷോഭത്തെ തകിടം മറിച്ചതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രണ്ട് കര്‍ഷക യൂണിയനുകള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറി. മൂന്നുകാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടനും, ഭാരതീയ കിസാന്‍ യൂണിയനും ( ഭാനു) പ്രഖ്യാപിച്ചു. മറ്റ് ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം പ്രതിഷേധ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ നേതാവ് വി എം.സിങ് പറഞ്ഞു. കര്‍ഷക നേതാവ് രാകേഷ് തികായത്താണ് ചൊവ്വാഴ്ചത്തെ അക്രമങ്ങള്‍ക്ക് കാാരണമെന്നും അദ്ദേഹം ആരോപിച്ചു. യോഗേന്ദ്ര യാദവിനും മറ്റു നേതാക്കള്‍ക്കും ഒപ്പം ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആറില്‍ തികായത്തിന്റെ പേരുമുണ്ട്. വി എം.സിങ്ങിനെ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി ദേശീയ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു. ഇത് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനമല്ലെന്നും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്റെ തീരുമാനമാണെന്നും വി എം സിങ് വ്യക്തമാക്കി.

നേരത്തെ, പ്രക്ഷോഭം തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ സമരത്തിനെത്തിയ ഒരുവിഭാഗവുമായി ഗൂഢാലോചന നടത്തിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. നടന്‍ ദീപ് സിദ്ധുവിനെ പോലുള്ള ചില സാമൂഹിക വിരുദ്ധരാണ് സമാധാനപരമായ പ്രക്ഷോഭത്തെ തകിടം മറിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍ വിരണ്ട കേന്ദ്രസര്‍ക്കാര്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ ചിലരുമായി നീചമായ ഗൂഢാലോചന നടത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു.41 യൂണിയനുകളുള്ള സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുക്കാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന മുന്‍നിലപാട് സംയുക്ത സമരസമിതി ആവര്‍ത്തിച്ചു. പ്രക്ഷോഭം തുടങ്ങി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരുവിഭാഗം സ്വന്തം നിലയ്ക്ക് സമരം ആരംഭിച്ചിരുന്നു. സംയുക്ത സമരസമിതിയുമായി അവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

കലാപത്തിനും, പൊതുമുതല്‍ നശീകരണത്തിനും. പൊലീസിന് നേരേയുള്ള ആക്രമണത്തിവും 200 ഓളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 10 കര്‍ഷക നേതാക്കളുടെയെങ്കിലും പേരുകള്‍ പരാമര്‍ശിക്കുന്ന 22 എഫ്‌ഐആറുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. കര്‍ഷക നേതാക്കളായ ദര്‍ശന്‍ പാല്‍, രജീന്ദര്‍ സിങ്, ബല്‍ബീര്‍ സിങ് രജേവാള്‍, ബൂട്ടാ സിങ് ബുര്‍ജില്‍, ജോഗീന്ദര്‍ സിങ് ഉഗ്രഹ എന്നിവരുടെ പേരുകള്‍ എഫ്‌ഐആറിലുണ്ട്. ചെങ്കോട്ടയിലും കര്‍ഷക പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി. രണ്ടുമാസത്തെ സമാധാനപരമായ സമരത്തിനും, 11 വട്ടം നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിനോട് അനുബന്ധിച്ച്‌ അക്രമം ഉണ്ടായത്. ഒരുകര്‍ഷകന്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചു. ചെങ്കോട്ടയിലേക്ക് മാര്‍ച്ച്‌ നടത്തുകയും അവിടെ കൊടി നാട്ടുകയും ചെയ്തു. പിന്നീട് പ്രതിഷേധക്കാരെ മാറ്റി കൊടികള്‍ നീക്കം ചെയ്തു

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top