ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ, 14.20 കോടി രൂപയുടെ താരം കാർത്തിക് ശർമ്മയെ വാനോളം പുകഴ്ത്തി ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി.
യുവതാരത്തിന്റെ പക്വതയാർന്ന ബാറ്റിംഗും ക്രീസിലെ ശാന്തതയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്ന് ഹസ്സി പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 156 റണ്‍സ് പിന്തുടർന്ന ചെന്നൈയ്ക്ക് തുടർച്ചയായി വിക്കറ്റുകള്‍ നഷ്ടമായ നിർണ്ണായക ഘട്ടത്തിലാണ് കാർത്തിക് ക്രീസിലെത്തിയത്. എന്നാല്‍ സമ്മർദ്ദത്തിന് അടിപ്പെടാതെ 31 പന്തില്‍ 41 റണ്‍സുമായി താരം പുറത്താകാതെ നിന്നു. സീനിയർ താരം സഞ്ജു സാംസണൊപ്പം ചേർന്ന് 114 റണ്‍സിന്റെ വിജയക്കൂട്ടുകെട്ടാണ് കാർത്തിക് കെട്ടിപ്പടുത്തത്.
അനുഭവസമ്പന്നനായ സഞ്ജു സാംസണ്‍ കൂടെയുണ്ടായിരുന്നത് 20-കാരനായ കാർത്തിക്കിന് വലിയ സഹായമായെന്ന് ഹസ്സി നിരീക്ഷിച്ചു. "കാർത്തിക്കിനെപ്പോലൊരു യുവതാരത്തിന് ക്രീസില്‍ സഞ്ജുവിന്റെ മാർഗ്ഗനിർദ്ദേശങ്ങള്‍ ലഭിക്കുന്നത് വളരെ പ്രധാനമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാൻ സഞ്ജു അവനെ സഹായിച്ചു," ഹസ്സി പറഞ്ഞു.
ആധുനിക ക്രിക്കറ്റില്‍ വെറും പവർ ഹിറ്റിംഗിനേക്കാള്‍ പ്രാധാന്യം കളിയെ മനസ്സിലാക്കി കളിക്കുന്നതിലാണെന്ന് ഹസ്സി ഓർമ്മിപ്പിച്ചു. "കാർത്തിക്കിന് മികച്ച ഗെയിം സെൻസുണ്ട്. പവർ ഹിറ്റിംഗിനൊപ്പം തന്നെ സാഹചര്യങ്ങള്‍ വിലയിരുത്തി കളിക്കാനുള്ള ബാറ്റ്‌സ്മാൻഷിപ്പും അവനുണ്ട്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കാർത്തിക് പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നത്," ബാറ്റിംഗ് കോച്ച് കൂട്ടിച്ചേർത്തു.
വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്തെത്തി. മേയ് 10-ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

