Wednesday, 25 Sep, 6.53 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായി വീണ്ടും ട്രംപ്; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പറഞ്ഞ് വീണ്ടും സഹായവാഗ്ദാനവുമായി രംഗത്ത്; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ചെന്ന് പുകഴ്‌ത്തി 24 മണിക്കൂറിന് ശേഷം മോദിക്ക് ട്രംപിന്റെ വിമര്‍ശനവും; പാക്കിസ്ഥാനെതിരായ മോദിയുടെ പ്രസ്താവന ആക്രമണോത്സുകമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; മോദി ഒരിക്കലും അങ്ങനെ പറയുമെന്ന് താന്‍ കരുതിയില്ലെന്നും ഇമ്രാന്‍ഖാനെ അടുത്തിരുത്തി ട്രംപ്

ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്. എന്നാല്‍, കാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. നേരത്തെയും ട്രംപ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതു നാലാം തവണയാണ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് മധ്യസ്ഥത വാഗ്ദാനം ചെയ്യുന്നത്. യുഎന്‍ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന.

കശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ട്രംപിനെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സമ്മതമെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറാണെന്നു ട്രംപ് അറിയിക്കുകയും ചെയ്തു. സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും ചര്‍ച്ച നടത്താനിരിക്കെ യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയോടു പിന്നീടു പ്രതികരിക്കാമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കശ്മീരിലേത് ആഭ്യന്തര വിഷയമാണെന്നും അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങള്‍ ഇടപടേണ്ടതില്ലെന്നുമാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാട്. ജൂലൈയില്‍ ഇമ്രാന്‍ ഖാന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങള്‍ക്കും സമ്മതമാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കു തയാറാണെന്നു ട്രംപ് ആദ്യം അറിയിച്ചത്. എന്നാല്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇതു നിരസിച്ചു.

കഴിഞ്ഞ മാസം ജി7 ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ കണ്ടപ്പോഴും യുഎസ് പ്രസിഡന്റ് കശ്മീര്‍ വിഷയത്തില്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഒരു മൂന്നാം രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാനോടും മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് അറിയിച്ചു. താന്‍ മികച്ച മധ്യസ്ഥനാണെന്ന് അവകാശപ്പെട്ട ട്രംപ് ഇരു രാജ്യങ്ങളും സമ്മതിക്കുമെങ്കില്‍ സഹായിക്കുമെന്നാണ് പറഞ്ഞത്. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചു ശ്രമം നടത്തണമെന്നും ഇമ്രാനോടു ട്രംപ് ആവശ്യപ്പെട്ടു.

അതിനിടെ ഹൗഡി മോദിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹൂസ്റ്റണില്‍ പാക്കിസ്ഥാനെതിരെ മോദിയുടെ പ്രസ്താവന അതിരു കടന്നെന്നും അങ്ങനെ പറയാന്‍ പാടില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇമ്രാന്‍ ഖാനുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് മോദിക്കെതിരെ തിരിഞ്ഞത്. മോദി അങ്ങനെ പറയുമെന്ന് കരുതിയില്ലെന്നും ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു.

ടംപിന്റെ സാന്നിധ്യത്തില്‍, ഞായറാഴ്ച ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ മോദി പാക്കിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡയെന്ന് പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ പരിപാടിക്കിടെ മോദി പറഞ്ഞിരുന്നു. അമേരിക്കയിലെ ട്രേഡ് സെന്റര്‍ അക്രമണമായാലും മുംബൈ ഭീകരാക്രമണമായാലും അതിന്റെ ആസൂത്രികരെ കണ്ടത്തിയത് എവിടെയാണ്? നിങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മൊത്തം അവരെയറിയാമെന്നും മോദി പറയുകയുണ്ടായി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനോടുള്ള അഭിപ്രായ വ്യത്യാസവും ട്രംപ് ആവര്‍ത്തിച്ചു. കശ്മീര്‍ ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും ഹൗഡി മോദിയില്‍ ട്രംപിനെ സാക്ഷിയാക്കി മോദി പ്രസ്താവിച്ചിരുന്നു. എന്നാല്‍ കശ്മീരിലേത് അന്താരാഷ്ട്ര വിഷയമാണെന്ന ധ്വനിയോടെയാണ് ട്രംപിന്റെ പുതിയ അഭിപ്രായ പ്രകടനം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനിമിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. പാക്കിസ്ഥാനെ വിശ്വാസമാണ്. കശ്മീരില്‍ എല്ലാവരും നന്നായിരിക്കുന്നതു കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top