Tuesday, 29 Sep, 7.07 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കവടിയാറിലെ കഫേ കോഫീ ഡേയിലെത്തി മൂന്നരക്കോടി വാങ്ങിയ ഈജിപ്തുകാരന്‍ വെറും ഡമ്മിയോ? എല്ലാം ഖാലിദിന്റെ തലയില്‍ വച്ചു കെട്ടി രക്ഷപ്പെടാന്‍ ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് സന്തോഷ് ഈപ്പന്റെ മൊഴിയെന്ന വിലയിരുത്തലില്‍ സിബിഐ; യൂണിടാക്ക് ഉടമയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചന; സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷന്‍ നല്‍കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന മൊഴിയിലും സംശയങ്ങള്‍; ലൈഫ് മിഷനില്‍ ആദ്യ അറസ്റ്റ് സന്തോഷ് ഈപ്പന്റേതാകും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി വിശ്വസിക്കാതെ സിബിഐ. സന്തോഷ് ഈപ്പനെ നുണ പരിശോധനയ്ക്ക് സിബിഐ വിധേയമാക്കിയേക്കും. സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷന്‍ നല്‍കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി സന്തോഷ് ഈപ്പന്‍ പറയുന്നു. ഇത് കേരളത്തിലെ പ്രമുഖരെ രക്ഷിക്കാനുള്ള നീക്കമാണെന്ന സംശയം സജീവമാണ്. ഇന്നലെ സിബിഐ. കൊച്ചി ഓഫീസില്‍ തിങ്കളാഴ്ച രണ്ടരമണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പിലാണ് സന്തോഷ് ഈപ്പന്‍ നിരവധി നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

കരാര്‍ കിട്ടാന്‍ കൈക്കൂലി നല്‍കിയിട്ടില്ലെന്നും വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണം തന്നെ വിളിച്ചേല്‍പ്പിക്കുകയായിരുന്നെന്നും സന്തോഷ് ഈപ്പന്‍ സിബിഐ.യോടു വെളിപ്പെടുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്‍.എ.) ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ. കേസെടുത്തത്. യൂണിടാക് ഓഫീസിലും സന്തോഷ് ഈപ്പന്റെ വീട്ടിലുംനടന്ന റെയ്ഡിനുശേഷം തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സിബിഐ. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. ഇനിയും സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യും. സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം.

Stories you may Like

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകളും സന്തോഷ് ഈപ്പന്‍ അന്വേഷണ സംഘത്തിനു നല്‍കി. ഇവ പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സിബിഐ. നല്‍കുന്ന സൂചന. നാലരക്കോടി രൂപയോളം കമ്മിഷന്‍ നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി. ഇതിനെ കോഴയായി കാണാനാവില്ല. തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് സ്വപ്നയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും പദ്ധതിയുടെ കാര്യങ്ങള്‍ വിശദീകരിച്ചത്. തന്റെ കമ്ബനിയില്‍ നേരത്തേ ജോലിചെയ്തിരുന്ന യദു രവീന്ദ്രനാണ് ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ഇയാളാണ് സ്വപ്നയ്ക്കും സംഘത്തിനും തന്നെയും സ്ഥാപനത്തെയും പരിചയപ്പെടുത്തിയത്.

കരാറിന്റെ കമ്മിഷനായ നാലരക്കോടിയില്‍ മൂന്നരക്കോടി കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ അക്കൗണ്ടന്റിന് തിരുവനന്തപുരത്തെത്തി നല്‍കി. ഇതേ മൊഴിയാണ് മറ്റു മൂന്ന് അന്വേഷണ ഏജന്‍സിക്കുമുന്നിലും സന്തോഷ് ഈപ്പന്‍ നല്‍കിയത്. സന്ദീപിന്റെ കമ്ബനിയായ 'ഇസോമങ്കി'ലേക്ക് 70 ലക്ഷം രൂപ ബാങ്ക് ട്രാന്‍സ്ഫറിലൂടെ കൈമാറി. ഇതല്ലാതെയും ചിലര്‍ക്ക് കമ്മിഷന്‍ നല്‍കിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. എന്നാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയെന്നത് കമ്മിഷനായി കാണാനാവില്ലെന്നും ഇത് കോഴ നല്‍കലാണെന്നുമാണ് സിബിഐ.യുടെ വിലയിരുത്തല്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ യൂണിടാക്കില്‍ നിന്നു പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും സിബിഐ പരിശോധിക്കും.

ആദ്യഗഡു കോഴയായി കൈപ്പറ്റിയ യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് വെറും ഡമ്മിയാണെന്ന് സിബിഐ കരുതുന്നു. കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുള്ള കള്ളക്കഥയാണെന്നാണ് സംശയം.2019 ജൂലായ്11നാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ഓഗസ്റ്റ് മൂന്നിന് കോണ്‍സുലേറ്റ് വാഹനത്തിലെത്തിയ ഖാലിദിന് കവടിയാറില്‍ വച്ച്‌ പണം കൈമാറിയെന്നാണ് യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ പറയുന്നത്. നയതന്ത്രപരിരക്ഷയില്ലാത്ത ഖാലിദ് ഇത്രയും പണവുമായി ഓഗസ്റ്റ് അഞ്ചിന് രാജ്യം വിട്ടെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് സിബിഐ വിലയിരുത്തല്‍.

യൂണിടാക് ഉടമയില്‍നിന്ന് പണം സ്വീകരിക്കാന്‍ സ്വപ്നയും സംഘവും ഖാലിദിനെ രംഗത്തിറക്കിയെന്നാണ് സംശയം. ഓഗസ്റ്റ് 12ന് സ്വപ്നയെയും കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കി.ഇതിനുശേഷമാണ് റെഡ്ക്രസന്റയച്ച രണ്ടാം ഗഡുവില്‍ നിന്ന് സ്വര്‍ണക്കടത്ത് പ്രതി സന്ദീപിന്റെ ഐസൊമോങ്ക് കമ്ബനിയുടെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75 ലക്ഷം രൂപ കോഴയെത്തിയത്. ഖാലിദും സ്വപ്നയും സരിത്തും ഈസമയം കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായിരുന്നു. എന്നിട്ടും കോഴയിടപാട് കൃത്യമായി നടന്നു. കോഴപ്പണം വിദേശത്ത് കടത്താന്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ഒരുകോടി രൂപ ഡോളറാക്കിയെടുത്തു. ഇതെല്ലാം ദുരൂഹമായി സിബിഐ കാണുന്നു.

ഇനി ഇടപാടില്‍ യൂണിടാക് ഉടമ മറ്റാരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളിലേക്കു സിബിഐ നീങ്ങും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ 20 കോടി രൂപയുടെ വിദേശ ധനസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണക്കരാര്‍ ലഭിച്ചതിനു 75 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്കും ബാക്കി 3.50 കോടി രൂപ 2019 ഓഗസ്റ്റ് 2നു രാത്രി തിരുവനന്തപുരം കവടിയാറുള്ള കഫേ കോഫി ഡേ എന്ന കാപ്പിക്കടയുടെ സമീപം വിദേശ കറന്‍സിയായും ഖാലിദിനു കൈമാറിയെന്നാണു യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.

അതിനിടെ ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘം വടക്കാഞ്ചേരി നഗരസഭയിലെത്തി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധന രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ഇന്നലെ രാവിലെ 10.35ന് എത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ ഫയല്‍ ആവശ്യപ്പെട്ടുള്ള കത്ത് നഗരസഭാ സെക്രട്ടറി കെ.എം മുഹമ്മദ് അനസിന് കൈമാറി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സെക്രട്ടറി കൈമാറി. ലൈഫ് കെട്ടിട നിര്‍മ്മാണത്തിന് 2019 സെപ്റ്റംബറില്‍ നഗരസഭ നല്‍കിയ പെര്‍മിറ്റ്, നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനായി ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ അടച്ച രണ്ടര ലക്ഷം രൂപയുടെ രേഖകള്‍ എന്നിവയുടെ ഒറിജിനല്‍ ഫയലുകളാണ് കൈമാറിയത്.

ജില്ലാ ടൗണ്‍ പ്ലാനറുടെ അപ്രൂവല്‍ പ്രകാരമുള്ള രേഖകളിലാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. പെര്‍മിറ്റിനായി ലൈഫ് മിഷന്‍ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top