ജറുസലേം: ഭിക്ഷാടനം ഉപജീവനമാര്‍ഗ്ഗമാക്കിയവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ തെളിയുന്നത് ദാരിദ്ര്യവും നിസ്സഹായാവസ്ഥയുമാണ്.
എന്നാല്‍ ജറുസലേമിന്റെ പ്രാന്തപ്രദേശമായ അബു ദിസ് നഗരത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത കേട്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം തെരുവില്‍ കൈനീട്ടുന്നവരില്‍ നിന്നും വ്യത്യസ്തരായി ആഡംബരത്തിന്റെ പുതിയ നിര്‍വ്വചനം തീര്‍ത്തുകൊണ്ടാണ് ഒരു ദമ്പതികള്‍ ഭിക്ഷാടനത്തിനെത്തിയത്. ഭിക്ഷാടനം നടത്താന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര റേഞ്ച് റോവര്‍ കാറിലെത്തിയ ദമ്പതികളെ ഫലസ്തീന്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
പതിവ് പട്രോളിംഗിനിടയിലാണ് സംശയകരമായ സാഹചര്യത്തില്‍ ഇവര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലും ചോദ്യം ചെയ്യലിലും പുറത്തുവന്ന വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ അത്യന്തം ഞെട്ടിക്കുന്നതാണെന്ന് ഫലസ്തീന്‍ പൊലീസ് വക്താവ് കേണല്‍ ലുവായ് അര്‍സിഖത്ത് സ്ഥിരീകരിച്ചു.
ഭിക്ഷാടകനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത റേഞ്ച് റോവര്‍ കാറിന് വിപണിയില്‍ അഞ്ചു ലക്ഷത്തിലധികം ഷെക്കല്‍ (ഏകദേശം 163,500 ഡോളര്‍) മൂല്യമുണ്ട്. അതിലും രസകരമായ വസ്തുത, ഈ ആഡംബര വാഹനം ഇയാളുടെ സ്വന്തം പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നതാണ്. വാഹനം മാത്രമല്ല, കസ്റ്റഡിയിലെടുത്ത ഭിക്ഷാടകന്റെ പക്കല്‍ നിന്ന് സ്വര്‍ണം പൂശിയ ഏറ്റവും പുതിയ ഐഫോണ്‍ 17 പ്രോ മാക്‌സ് ഫോണും പൊലീസ് കണ്ടെടുത്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത രീതിയിലുള്ള ആഡംബര ജീവിതമാണ് തെരുവില്‍ യാചകരായി അഭിനയിച്ച് ഇവര്‍ നയിച്ചിരുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ഇത്രയധികം തുക വിപണി മൂല്യമുള്ള വാഹനവും വിലകൂടിയ ഫോണും കൈവശമുള്ള ദമ്പതികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളോ രഹസ്യ ബാങ്ക് അക്കൗണ്ടുകളോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഇവരുടെ മറ്റ് സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടെത്താനുള്ള വിപുലമായ നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ അറസ്റ്റിലായ ദമ്പതികളെയും, പിടിച്ചെടുത്ത ആഡംബര കാര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം തുടരുകയാണ്.

