Sunday, 22 Apr, 9.22 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കഴുത്തില്‍ ആഴത്തില്‍ മുറിവുകളും വാരിയെല്ല് ഒടിഞ്ഞ നിലയിലും; റാന്നിയില്‍ ആദിവാസി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍; പുറത്താകെ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെ കൊലപാതകമെന്ന് സംശയം; സംഭവത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപിച്ച്‌ നാളെ റാന്നി താലൂക്കില്‍ ബിജെപി ഹര്‍ത്താല്‍

ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ശരീരമാസകലം മാരകമായ മുറിവുകളോടെ ആദിവാസി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസിന്റെ പ്രാഥമിക നിഗമനം കൊലപാതകമെന്ന്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ (തിങ്കള്‍) റാന്നി താലൂക്കില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. സ്വകാര്യ ബസിലെ ക്ലീനറായ അടിച്ചിപ്പുഴ ആദിവാസി കോളനിയില്‍ തേക്കുംമൂട്ടില്‍ പരേതനായ ബാലന്റെ മകന്‍ ബാലു (19) ആണ് മരിച്ചത്. നിരപ്പുപാറ- അത്തിക്കയം റോഡരുകിലെ ഓടയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.

ശരീരമാസകലം മുറിവുകള്‍ ഉള്ളതിനാല്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞ് കഷണങ്ങളായി. പുറമാസകലം ക്ഷതമേറ്റ പാടുകളും തെളിഞ്ഞു കാണുന്നുണ്ട്. ഇതാണ് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍, തിരുവല്ല ഡിവൈഎസ്‌പി ആര്‍. ചന്ദ്രശേഖരപിള്ള, റാന്നി സിഐ ന്യൂമാന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top