Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കീവ് നഗരത്തെ ചുട്ടെരിച്ച്‌ പുടിന്റെ പക! റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ വെയര്‍ഹൗസിന് തീപിടിച്ച്‌ 27 മരണം; കൊല്ലപ്പെട്ടവരില്‍ മേയറും; ആയുധശേഖരത്തിന് തീപിടിച്ച്‌ ആകാശത്തോളം ഉയര്‍ന്ന് സ്‌ഫോടനങ്ങള്‍;  50 പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നാശനഷ്ടം; ജനവാസ മേഖലയില്‍ ബോംബ് പുരയൊരുക്കിയതില്‍ വിമര്‍ശനം

കീവ് നഗരത്തെ ചുട്ടെരിച്ച്‌ പുടിന്റെ പക! റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ വെയര്‍ഹൗസിന് തീപിടിച്ച്‌ 27 മരണം; കൊല്ലപ്പെട്ടവരില്‍ മേയറും; ആയുധശേഖരത്തിന് തീപിടിച്ച്‌ ആകാശത്തോളം ഉയര്‍ന്ന് സ്‌ഫോടനങ്ങള്‍; 50 പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നാശനഷ്ടം; ജനവാസ മേഖലയില്‍ ബോംബ് പുരയൊരുക്കിയതില്‍ വിമര്‍ശനം

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കിയവിന് സമീപമുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. കിയവിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള മയില നഗരത്തിലെ വ്യവസായ സ്ഥാപനത്തിന് നേരെ ഓഗസ്റ്റ് 28-ന് രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നാലെ വെയര്‍ഹൗസിന് തീപിടിക്കുകയും വന്‍തോതില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ദമിത്രിവ്‌സ്‌ക ഗ്രാമത്തിലെ മേയറായ താരാസ് ദിദിചും ഉള്‍പ്പെടുന്നു.

സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിനാണ് ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുരുതരമായ ക്രിമിനല്‍ അനാസ്ഥ ആരോപിച്ച്‌ യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമായ അനുമതികളോടെയാണോ സ്‌ഫോടകവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചതെന്ന കാര്യമാണ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ കിയവിന് സമീപമുള്ള വിഷ്‌നേവിലെ ആയുധശേഖരത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷവും അധികൃതര്‍ പാഠം പഠിച്ചില്ലെന്ന് യുക്രെയ്ന്‍ പ്രധാനമന്ത്രി സെര്‍ജി കൊറെറ്റ്‌സ്‌കി വിമര്‍ശിച്ചു. ജനവാസ മേഖലയ്ക്ക് സമീപം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനത്തിന്റെ വീഴ്ചയാണ് അന്നത്തെ അന്വേഷണത്തില്‍ തെളിഞ്ഞത്. റഷ്യന്‍ അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഇത്തരം ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ക്രിമിനല്‍ അനാസ്ഥയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ദീര്‍ഘദൂര ആക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്. ഇത് പ്രദേശത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്കും സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതിനും കാരണമാകുന്നുണ്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും കിയവ് പ്രാദേശിക ഗവര്‍ണര്‍ തിമൂര്‍ ത്കാചെങ്കോ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali