Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേന്ദ്ര വിവേചനം: കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചതിലൂടെ കേരളത്തിന് നഷ്ടമായത് വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി

കേന്ദ്ര വിവേചനം: കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചതിലൂടെ കേരളത്തിന് നഷ്ടമായത് വലിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വിവേചനം മൂലം കേരളത്തിന്റെ വ്യവസായ വികസനത്തിന് വന്‍ തിരിച്ചടിയുണ്ടായതായി ജോണ്‍ ബ്രിട്ടാസ് എം.പി.

വ്യവസായ പുരോഗതിക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ, സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന ഭീമമായ വ്യവസായ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് നഷ്ടമായതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയിലൂടെയാണ് കേന്ദ്രത്തിന്റെ ഈ വഞ്ചനയുടെ വ്യാപ്തി പുറത്തുവന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

2012 ഫെബ്രുവരിയില്‍ തറക്കല്ലിട്ട പദ്ധതി, ഒന്നര പതിറ്റാണ്ടിലേറെ പിന്നിടുമ്പോള്‍ 'ആവശ്യത്തിന് കോച്ച്‌ ഫാക്ടറികള്‍ നിലവിലുണ്ട്' എന്ന സാങ്കേതിക ന്യായം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിനിരത്തിയിരിക്കുന്നത്. നിലവിലുള്ള നിര്‍മാണ യൂണിറ്റുകള്‍ മതിയെന്ന കേന്ദ്ര നിലപാട് കേവലം പുകമറ മാത്രമാണെന്നും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയെ ആസൂത്രിതമായി ഒഴിവാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് നയപരമായ വഞ്ചനയാണ് കാട്ടിയതെന്നും ബ്രിട്ടാസ് ആരോപിച്ചു. ഒരു വന്‍കിട പദ്ധതിക്കായി ഏറ്റെടുത്ത നൂറുകണക്കിന് ഏക്കര്‍ ഭൂമി ഒന്നിനും ഉപയോഗിക്കാനാകാതെ പതിറ്റാണ്ടുകളായി വെറുതെ കിടക്കുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച്‌ ഫാക്ടറി എന്ന കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം (31.07.2026) രാജ്യസഭയില്‍ ഞാന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയിലാണ് ഈ ചതിയുടെ വ്യാപ്തി വ്യക്തമാകുന്നത്. 2008-09 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. പ്രതിവര്‍ഷം 600 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള, 1,215 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിച്ച ഈ വന്‍കിട വ്യവസായ സംരംഭത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു നല്‍കുകയും ചെയ്തു.

2012 ഫെബ്രുവരിയില്‍ വലിയ ആഘോഷങ്ങളോടെ തറക്കല്ലിട്ട പദ്ധതി, 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ 'ആവശ്യത്തിന് കോച്ച്‌ ഫാക്ടറികള്‍ നിലവിലുണ്ട്' എന്ന ന്യായം പറഞ്ഞ് കേന്ദ്രം വെട്ടിനിരത്തിയിരിക്കുകയാണ്. നിലവിലുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ മതിയെന്ന വാദം കേവലം ഒരു പുകമറ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത കഞ്ചിക്കോടിനെ ആസൂത്രിതമായി ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നയപരമായ ഒരു വഞ്ചനയാണ് കാട്ടിയത്. ഇതിലും പരിഹാസ്യമായ കാര്യം, കോച്ച്‌ ഫാക്ടറിക്ക് പകരം അവിടെ റെയില്‍വേയുടെ 'ഭാവി വികസന ആവശ്യങ്ങള്‍ക്കായി' ഭൂമി ഉപയോഗിക്കും എന്ന അനിശ്ചിതത്വവും അവ്യക്തവുമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്!

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത് ഒരു നിര്‍മ്മാണ യൂണിറ്റല്ല, മറിച്ച്‌ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ്. അധിക കോച്ച്‌ നിര്‍മ്മാണ ശേഷി ആവശ്യമില്ലെന്ന് റെയില്‍വേ തീരുമാനിച്ചിരുന്നെങ്കില്‍പ്പോലും, അതേ വലിപ്പത്തിലുള്ള മറ്റൊരു റെയില്‍വേ നിര്‍മ്മാണ/വ്യവസായ പദ്ധതി കേരളത്തിന് നല്‍കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടായിരുന്നു.

ദേശീയതലത്തില്‍ അംഗീകരിച്ച ഒരു വന്‍കിട പദ്ധതിക്കായി ഏറ്റെടുത്ത നൂറുകണക്കിന് ഏക്കര്‍ ഭൂമി പതിറ്റാണ്ടുകളായി ഒന്നിനും ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വലിയ വ്യവസായ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് കേന്ദ്രത്തിന്റെ ഈ വിവേചനം മൂലം നഷ്ടമായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali