Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ.പി.സി.സി അധ്യക്ഷനില്‍ സമവായമില്ല: കെ.സി വേണുഗോപാലും വി.ഡി സതീശനും രണ്ടു തട്ടില്‍; കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ വന്‍ വിമര്‍ശനത്തിന് സാധ്യത; 'ഒരാള്‍ക്ക് ഒരു പദവി' മാനദണ്ഡമാക്കാന്‍ സമ്മര്‍ദ്ദം; കോണ്‍ഗ്രസില്‍ സംഘടനാ തലത്തിലെ ആഴത്തിലുള്ള പുനസംഘടന ഉടനുണ്ടാകുമോ? ഗ്രൂപ്പു പോരുകള്‍ സജീവതയിലേക്ക്

കെ.പി.സി.സി അധ്യക്ഷനില്‍ സമവായമില്ല: കെ.സി വേണുഗോപാലും വി.ഡി സതീശനും രണ്ടു തട്ടില്‍; കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുടെ വന്‍ വിമര്‍ശനത്തിന് സാധ്യത; 'ഒരാള്‍ക്ക് ഒരു പദവി' മാനദണ്ഡമാക്കാന്‍ സമ്മര്‍ദ്ദം; കോണ്‍ഗ്രസില്‍ സംഘടനാ തലത്തിലെ ആഴത്തിലുള്ള പുനസംഘടന ഉടനുണ്ടാകുമോ? ഗ്രൂപ്പു പോരുകള്‍ സജീവതയിലേക്ക്

തിരുവനന്തപുരം: സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനവും ബോര്‍ഡ്-കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരുടെ നിയമനങ്ങളും ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ മൂന്നിന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെ, കോണ്‍ഗ്രസില്‍ അധ്യക്ഷ നിയമനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയെ കണ്ടെത്തുന്നതില്‍ നേതാക്കള്‍ക്കിടയില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തത് പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മുഖ്യമന്ത്രി വി.ഡി സതീശനും രണ്ടു തട്ടില്‍ നിലയുറപ്പിച്ചതാണ് വിഷയം നീണ്ടുപോകാന്‍ ഇടയാക്കിയത്. സ്വന്തം താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനേതാക്കളും വെവ്വേറെ പേരുകള്‍ മുന്നോട്ടുവെച്ചതോടെയാണ് അധ്യക്ഷ നിയമനം അനിശ്ചിതത്വത്തിലായത്. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും കൃത്യമായൊരു തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.

കെ.പി.സി.സി അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് മന്ത്രിയായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ അമരത്ത് ആളില്ലാത്ത സാഹചര്യം ഉടലെടുത്തത്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയൊരാളെ നിശ്ചയിക്കാത്തതിനെതിരെ സെപ്റ്റംബര്‍ മൂന്നിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമെന്നാണ് വിവരം.

പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥ സംഘടനയെ നിശ്ചലമാക്കുന്നുവെന്ന ആക്ഷേപം മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചിരുന്നു. ഹൈക്കമാന്‍ഡിന് മുന്നില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനും അധ്യക്ഷനെയും വര്‍ക്കിംഗ് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെയും ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിക്കും.

കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. 'ഒരാള്‍ക്ക് ഒരു പദവി' എന്ന നയം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. അങ്ങനെ വന്നാല്‍ നിലവില്‍ എം.പി, എം.എല്‍.എ പദവികള്‍ വഹിക്കുന്ന പ്രമുഖരെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഒഴിവാക്കേണ്ടി വരും.

ചില ഡി.സി.സി പ്രസിഡന്റുമാര്‍ എം.എല്‍.എമാരായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡി.സി.സികളുടെ പുനഃസംഘടനയും അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംഘടനാതലത്തില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് നേതാക്കള്‍.

നേരത്തെ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനത്തിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ തീരുമാനമെടുത്തിരുന്നെങ്കിലും പ്രസിഡന്റ് ഇല്ലാത്തതിനാല്‍ ഇതിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഭരണവും സംഘടനാ ചുമതലയും തമ്മില്‍ ഏകോപനമില്ലാത്തത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതിനുപുറമെ, ബോര്‍ഡ്-കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ ഘടകകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ സാധിക്കൂ.

കഴിഞ്ഞ മാസം ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിക്കാനിരുന്നതാണെങ്കിലും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഓണത്തിനു ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചിരുന്നെങ്കിലും അധ്യക്ഷനില്ലാത്തത് തിരിച്ചടിയാകുന്നു.

അടിയന്തരമായി പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് കൂടുതല്‍ വഷളാകുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിലെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരിന് സാധ്യതയേറെയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali