Monday, 26 Oct, 6.37 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി പോയ ആളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുമായി കണ്ടെത്തിയ മൃതദേഹത്തില്‍ നിന്നും ചോര പൊടിഞ്ഞ പാടുകളും; ഫോണ്‍, പഴ്‌സ് എന്നിവ കണ്ടെത്താനായില്ല: മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊച്ചി: കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി പോയ ആളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇളമാട് ഇടത്തറപ്പണ രേവതി ഹൗസില്‍ ദിവാകരന്‍ നായരെ (65)യാണ് എറണാകുളത്ത് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമുകള്‍ ഇന്‍ഫോപാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്ത് കെഎസ്‌ഇബിയുടെ പ്ലോട്ടിനു സമീപംകെഎസ്‌ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്.

മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. ശരീരത്തില്‍ നിന്നു രക്തം വന്ന നിലയിലാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹത്തില്‍ ചെരിപ്പ് ഇല്ലാത്ത നിലയിലായിരുന്നു. ഫോണ്‍, പഴ്‌സ് എന്നിവ കണ്ടെത്താനായിട്ടില്ല. പ്രഭാത സവാരിക്കിറങ്ങിയവര്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്ബറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശിയായ ആളെ തിരിച്ചറിഞ്ഞത്.

കിട്ടാനുള്ള പണം വാങ്ങുന്നതിനായി ശനിയാഴ്ച രാവിലെ ഒന്‍പതിന് എറണാകുളത്തേക്കു പോകുകയാണെന്നു പറഞ്ഞു കാറിലാണു വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ദീര്‍ഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. വാഹനം തകരാറിലായെന്നും ഇതു ശരിയാക്കുന്നതിനു താമസം ഉള്ളതിനാല്‍ മുറിയെടുത്തു താമസിക്കുകയാണെന്നും പറഞ്ഞു വൈകിട്ടോടെ ബന്ധുക്കളെ വിളിച്ചതായും പറയുന്നു. കാക്കനാട്ടുള്ള വര്‍ക്ഷോപ്പില്‍ കാര്‍ നല്‍കിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ പോയതായാണു വിവരം.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തും. ഇളമാട് രാജീവ്ഗാന്ധി റസിഡന്റ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം, ഐഎന്‍ടിയുസി ഇളമാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ഭാര്യ: ഗംഗാകുമാരി. മക്കള്‍: രാകേഷ് ഡി.നായര്‍, ഡി.മീര. മരുമക്കള്‍: നിള, എം.അജയകുമാര്‍ (ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍).

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top