Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോടതി അനുമതിയില്ലാതെ ഫയലുകള്‍ ലഭിക്കില്ല; അന്വേഷണവുമായി പി എസ് സി ചെയര്‍മാന്‍ സഹകരിക്കാന്‍ സാധ്യത കുറവ്; തിടുക്കപ്പെട്ടുള്ള എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന് പകരം പഴുതടച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസ് എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ക്രൈംബ്രാഞ്ച് എടുക്കുക; വലിയ നിയമയുദ്ധത്തിന് സാധ്യത

കോടതി അനുമതിയില്ലാതെ ഫയലുകള്‍ ലഭിക്കില്ല; അന്വേഷണവുമായി പി എസ് സി ചെയര്‍മാന്‍ സഹകരിക്കാന്‍ സാധ്യത കുറവ്; തിടുക്കപ്പെട്ടുള്ള എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന് പകരം പഴുതടച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസ് എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ക്രൈംബ്രാഞ്ച് എടുക്കുക; വലിയ നിയമയുദ്ധത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാത്തെ വന്‍ വിവാദമായി മാറിയ പി.എസ്.സി ക്രമക്കേട് കേസില്‍ എടുത്തുചാടി കേസെടുക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനം.

തിടുക്കപ്പെട്ടുള്ള എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന് പകരം പഴുതടച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസ് എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് അന്വേഷണസംഘം കടക്കുക.

അന്വേഷണത്തിന്റെ ആദ്യപടിയായി സംഭവവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് ഉടന്‍ ഔദ്യോഗികമായി കത്ത് നല്‍കും. എന്നാല്‍, ഭരണഘടനാ സ്ഥാപനമായ പി.എസ്.സി കോടതി അനുമതിയില്ലാതെ ഫയലുകള്‍ കൈമാറാന്‍ സാധ്യത കുറവാണെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫയലുകള്‍ വിട്ടുനല്‍കാന്‍ പി.എസ്.സി തയ്യാറായില്ലെങ്കില്‍ അന്വേഷണസംഘവും പി.എസ്.സിയും തമ്മില്‍ കോടതിയില്‍ വലിയ നിയമയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. രേഖകള്‍ ലഭിക്കാതെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനോ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.

ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി.എസ്.സി ക്രമക്കേട് കേസ് ഏറ്റെടുത്തിരിക്കുന്നത്. ഒരു എസ്.പിയും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസും (ഡിവൈ.എസ്.പി) ഉള്‍പ്പെടുന്ന ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തുന്നതും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭ തീരുമാനിക്കുന്നതും. പൊതുജനമധ്യത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലും കടുത്ത അമര്‍ഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

തുടക്കത്തില്‍ വിഷയം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിയമവകുപ്പ് ഉപദേശം നല്‍കുകയായിരുന്നു. ഇതോടെ വിജിലന്‍സ് അന്വേഷണത്തിന് സാങ്കേതിക തടസ്സവാദങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍, പരീക്ഷ നടത്തിപ്പിലെയും നിയമനങ്ങളിലെയും ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി) നിയമോപദേശം. ഈ അനുകൂല നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലന്‍സ് അന്വേഷണത്തിന് നേരിട്ട സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കിയാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതെങ്കിലും, പി.എസ്.സിയുടെ പക്കല്‍ നിന്നും ആഭ്യന്തര ഫയലുകളും പരീക്ഷാ രേഖകളും ശേഖരിക്കുക എന്നത് ക്രൈംബ്രാഞ്ചിന് വലിയ കടമ്പയായിരിക്കും.

ഭരണഘടനാപരമായ പ്രത്യേക പദവിയുള്ള സ്ഥാപനമായതിനാല്‍ കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശമോ അനുമതിയോ ഇല്ലാതെ ആഭ്യന്തര അന്വേഷണ ഫയലുകള്‍ കൈമാറാന്‍ പി.എസ്.സി ഭരണസമിതിക്ക് കഴിയില്ലെന്നാണ് സൂചന. ഇത് അന്വേഷണം നീണ്ടുപോകാന്‍ ഇടയാക്കിയേക്കും.

മജിസ്ട്രേറ്റ് കോടതി വഴിയോ ഹൈക്കോടതി വഴിയോ സെര്‍ച്ച്‌ വാറന്റോ പ്രത്യേക ഉത്തരവോ സമ്പാദിച്ച ശേഷം മാത്രം ഫയലുകള്‍ പിടിച്ചെടുക്കുന്ന രീതിയിലേക്ക് ക്രൈംബ്രാഞ്ചിന് നീങ്ങേണ്ടി വരും. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ഉണ്ടാകുന്ന നിയമപരമായ നീക്കങ്ങള്‍ കേസിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali