വാഷിംഗ്ടണ്‍: പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ ജീവനാഡിയായ കൊളറാഡോ നദിയിലെ കടുത്ത ജലക്ഷാമവും പ്രതിസന്ധിയും പരിഹരിക്കുന്നതിനായി നിര്‍ണായക നടപടിയുമായി അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍.
നദിയിലെ ജലവിഹിതത്തില്‍ പ്രതിവര്‍ഷം വന്‍ വെട്ടിക്കുറയ്ക്കല്‍ വരുത്താന്‍ നിര്‍ദേശിക്കുന്ന നിര്‍ണായക കരട് ശുപാര്‍ശകള്‍ യു.എസ്. ബ്യൂറോ ഓഫ് റിക്ലമേഷന്‍ പുറത്തിറക്കി.
ആകെ ഏഴ് സംസ്ഥാനങ്ങള്‍ കൊളറാഡോ നദിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ലോവര്‍ ബേസിന്‍ സംസ്ഥാനങ്ങളായ അരിസോണ, കാലിഫോര്‍ണിയ, നെവാഡ എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് ജല ഉപയോഗത്തില്‍ നിയന്ത്രണം വരുന്നത്. അതേസമയം അപ്പര്‍ ബേസിന്‍ സംസ്ഥാനങ്ങളായ കൊളറാഡോ, ന്യൂമെക്‌സിക്കോ, യൂട്ടാ, വ്യോമിങ് എന്നിവയെ നിലവില്‍ നിര്‍ബന്ധിത വെട്ടിക്കുറയ്ക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ പ്രൊപ്പോസല്‍ അനുസരിച്ച് 2036 വരെയുള്ള കാലയളവില്‍ ലോവര്‍ ബേസിന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിവര്‍ഷം 30 ലക്ഷം ഏക്കര്‍ ഫീറ്റ് (ഏകദേശം 13,000 കോടി ക്യുബിക് ഫീറ്റ്) വരെ വെള്ളത്തിന്റെ കുറവുണ്ടാകും. അരിസോണയും നെവാഡയും ചേര്‍ന്ന് പ്രതിവര്‍ഷം ഉപയോഗിക്കുന്ന ജലത്തിന് തുല്യമായ അളവാണിത്. രണ്ടരക്കോടിയോളം ആളുകളുടെ കുടിവെള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന അളവാണിതെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
'നദിയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കും വ്യാവസായിക മേഖലകള്‍ക്കും ആവശ്യമായ ജല ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്,' - പുതിയ നിര്‍ദേശത്തെ പിന്തുണച്ചുകൊണ്ട് യു.എസ്. ഇന്റീരിയര്‍ സെക്രട്ടറി ഡഗ് ബര്‍ഗം വ്യക്തമാക്കി.
പ്രതിസന്ധിക്ക് കാരണം കടുത്ത വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും
അമേരിക്കയിലെ ഏഴ് സംസ്ഥാനങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, മെക്‌സിക്കോ എന്നിവിടങ്ങളിലായി നാല് കോടിയോളം ജനങ്ങളാണ് 2,334 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദിയെ ആശ്രയിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള അമിത ഉപയോഗം, കടുത്ത വരള്‍ച്ച, കാലാവസ്ഥാ വ്യതിയാനം കാരണം താപനിലയിലുണ്ടായ വര്‍ദ്ധനവ് എന്നിവ നദിയെ പൂര്‍ണ്ണമായും വറ്റിക്കുകയായിരുന്നു. നദിയിലെ പ്രമുഖ ജലാശയങ്ങളായ ലേക്ക് മീഡ്, ലേക്ക് പവല്‍ എന്നിവ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലാണ്. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ ഇവിടെ നിന്നുള്ള ജലവൈദ്യുത ഉല്‍പ്പാദനം പൂര്‍ണ്ണമായി തടസ്സപ്പെടും.
സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം
ഫെഡറല്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ നിര്‍ദേശത്തിനെതിരെ അരിസോണ, നെവാഡ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. നിര്‍ദേശം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നും കൃഷിയെയും നഗരങ്ങളിലെ കുടിവെള്ള ലഭ്യതയെയും സാരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങള്‍ ആരോപിക്കുന്നു. അതേസമയം തങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ചര്‍ച്ച തുടരുമെന്ന് കാലിഫോര്‍ണിയ വ്യക്തമാക്കി. ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ ഒന്നോടെ പുറപ്പെടുവിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

