Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്': മന്ത്രി ടി.സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍;   വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപനം; ഒടുവില്‍ നാണംകെട്ട് ഇറങ്ങിപ്പോയി ശ്രീറാം വെങ്കിട്ടരാമന്‍; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങള്‍!

'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്': മന്ത്രി ടി.സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപനം; ഒടുവില്‍ നാണംകെട്ട് ഇറങ്ങിപ്പോയി ശ്രീറാം വെങ്കിട്ടരാമന്‍; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങള്‍!

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമുയര്‍ത്തി.

കൃഷിമന്ത്രി ടി. സിദ്ദിഖ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും എത്തിയത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ മന്ത്രിയുടെ ഒപ്പമിരുത്തി വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് ഹാളിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ നിലപാടെടുക്കുകയായിരുന്നു.

'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്' എന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളന ഹാളില്‍ പ്രതിഷേധം കടുപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുമെന്നും അവര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെയും മാധ്യമപ്രവര്‍ത്തകര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയും ശ്രീറാം വെങ്കിട്ടരാമന്‍ ഹാളില്‍ നിന്നും പുറത്തിറങ്ങിപ്പോകാന്‍ നിര്‍ബന്ധിതനായി. ശ്രീറാം പുറത്തുപോയതിന് ശേഷമാണ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം പുനരാരംഭിക്കാന്‍ സാധിച്ചത്.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണം. 2019 ഓഗസ്റ്റ് 3-ന് പുലര്‍ച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്‍പിലുണ്ടായ അപകടത്തിലാണ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന അമിതവേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

അപകടം നടന്ന തുടക്ക സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് വലിയ രീതിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതുവരെ ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ശ്രീറാം അടക്കം കാറിലുണ്ടായിരുന്നവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ടായിരുന്നിട്ടും മെഡിക്കല്‍ പരിശോധനകള്‍ വൈകിപ്പിച്ചത് അന്ന് പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali