Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോളേജ് യൂണിയന്‍ ഓഫീസില്‍ ഒരു കോടിയോളം രൂപ ചിതലരിച്ച നിലയില്‍; ആഡംബര കട്ടിലും മദ്യക്കുപ്പികളും തോക്കും കോണ്ടവും; കൊല്‍ക്കത്തയിലെ സുരേന്ദ്രനാഥ് കോളേജില്‍ വന്‍ കള്ളപ്പണ വേട്ട; തൃണമൂല്‍ ഗുണ്ടകളുടെ സുഖവാസകേന്ദ്രം പോലീസ് പൊളിച്ചത് അധികാര മാറ്റത്തോടെ

കോളേജ് യൂണിയന്‍ ഓഫീസില്‍ ഒരു കോടിയോളം രൂപ ചിതലരിച്ച നിലയില്‍; ആഡംബര കട്ടിലും മദ്യക്കുപ്പികളും തോക്കും കോണ്ടവും; കൊല്‍ക്കത്തയിലെ സുരേന്ദ്രനാഥ് കോളേജില്‍ വന്‍ കള്ളപ്പണ വേട്ട; തൃണമൂല്‍ ഗുണ്ടകളുടെ സുഖവാസകേന്ദ്രം പോലീസ് പൊളിച്ചത് അധികാര മാറ്റത്തോടെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്യാമ്പസ് രാഷ്ട്രീയത്തെയും ഭരണകൂടത്തെയും ആകെ പിടിച്ചുലച്ചുകൊണ്ട് കൊല്‍ക്കത്തയില്‍ നിന്നും ഞെട്ടിക്കുന്ന അധോലോക വാര്‍ത്ത പുറത്ത്.

കൊല്‍ക്കത്തയിലെ അതിപ്രശസ്തമായ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ മുറിയില്‍ നിന്നും ഒരു കോടിയോളം രൂപയുടെ കള്ളപ്പണവും മാരക ആയുധങ്ങളും മദ്യക്കുപ്പികളും പോലീസ് പിടിച്ചെടുത്തു. സംഭവം പുറത്തായതോടെ പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്.

രണ്ട് പെട്ടികളിലായി ദീര്‍ഘകാലം സൂക്ഷിച്ചതു കാരണം ചിതലരിച്ച്‌ ജീര്‍ണ്ണിച്ച നിലയിലുള്ള നോട്ടുകെട്ടുകളും, ഇതിനൊപ്പം പഴയ തോക്കുകളും ഗര്‍ഭനിരോധന ഉറകളും വരെ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു എന്നത് ക്യാമ്പസിലെ ഗുണ്ടാവിളയാട്ടത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൂട്ടിക്കിടക്കുകയായിരുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ മുറി വൃത്തിയാക്കുന്നതിനായി തുറന്ന കോളേജ് അധികൃതരും ശുചീകരണ തൊഴിലാളികളുമാണ് മുറിക്കുള്ളിലെ അവിശ്വസനീയമായ കാഴ്ച കണ്ട് പരിഭ്രാന്തരായത്. ഉടന്‍ തന്നെ ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

യൂണിയന്‍ മുറിയിലെ പഴയൊരു മര അലമാരയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന രണ്ട് വലിയ പെട്ടികളില്‍ നിന്നാണ് 100, 500 രൂപ നോട്ടുകളുടെ വന്‍ ശേഖരം കണ്ടെത്തിയത്. ദീര്‍ഘകാലം പൂട്ടി സൂക്ഷിച്ചതു കൊണ്ടുതന്നെ ഈ പണത്തിന്റെ സിംഹഭാഗവും ചിതലെടുത്ത് പൂര്‍ണ്ണമായും നശിച്ച നിലയിലായിരുന്നു. ഏകദേശം ഒരു കോടിയോളം രൂപ ഈ പെട്ടികളില്‍ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിനു പുറമെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യൂണിയന്‍ മുറിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു മാരക റിവോള്‍വറും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുച്ചിപ്പാറ പോലീസ് ഇന്‍സ്‌പെക്‌ട് ചെയ്ത് കണ്ടെടുത്തു.

വെറുമൊരു യൂണിയന്‍ ഓഫീസ് ആയിരുന്നില്ല ഇത്, മറിച്ച്‌ ഭരണകക്ഷി ഗുണ്ടകളുടെ സുഖവാസ കേന്ദ്രമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എയര്‍ കണ്ടീഷണര്‍, അറ്റാച്ച്‌ഡ് ബാത്ത്‌റൂം, വിലകൂടിയ കിടക്കകള്‍, തലയിണകള്‍ തുടങ്ങി എല്ലാവിധ ആഡംബര സൗകര്യങ്ങളും ഈ മുറികളില്‍ ഒരുക്കിയിരുന്നു. കഞ്ചാവ്-മദ്യ ലഹരി പാര്‍ട്ടികള്‍ക്കും പെണ്‍വാണിഭങ്ങള്‍ക്കും വരെ ഈ മുറി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കോണ്ടവും മദ്യക്കുപ്പികളും കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നത്.

2019-ന് ശേഷം കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാത്തതിനെ തുടര്‍ന്ന് 2025-ല്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ കര്‍ശന ഉത്തരവ് പ്രകാരമാണ് ഈ യൂണിയന്‍ മുറികള്‍ ഔദ്യോഗികമായി പൂട്ടിയിട്ടത്. എന്നാല്‍, ഔദ്യോഗികമായി യൂണിയന്‍ നിലവിലില്ലെങ്കിലും ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ 'തൃണമൂല്‍ ഛാത്ര പരിഷത്' നേതാക്കളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു ഈ മുറികള്‍ എന്ന് ആരോപിക്കപ്പെടുന്നു. തൃണമൂല്‍ ഭരണകാലത്ത് 'ടെറസ് ഫെസിലിറ്റി' എന്ന ആഡംബര പേരിട്ടാണ് ഈ മുറികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് യൂണിയന്‍ ഫീസായി വെറും 50 രൂപ മുതല്‍ 100 രൂപ വരെ മാത്രം ഈടാക്കുന്ന കോളേജില്‍, യൂണിയന്‍ ഫണ്ടിലേക്ക് എങ്ങനെ ഇത്രയും കോടികള്‍ വന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാക്കള്‍ നടത്തിയ വന്‍ അഴിമതിപ്പണമാണ് ഇതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണം. മെരിറ്റ് ഉള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളെ തഴഞ്ഞ്, ഒരോ സീറ്റിനും 20,000 മുതല്‍ 50,000 രൂപ വരെ കോഴ വാങ്ങിയാണ് ക്യാമ്പസില്‍ അഡ്മിഷന്‍ നല്‍കിയിരുന്നത്.

കൂടാതെ, കോളേജ് ഫെസ്റ്റുകളും മറ്റ് പരിപാടികളും നടത്തുന്നതിന്റെ പേരില്‍ വ്യാപാരികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീഷണിപ്പെടുത്തി പിരിച്ചെടുത്ത പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു. എന്നാല്‍ ഇത്രയും വലിയ തുക എങ്ങനെ ഇവിടെ ദീര്‍ഘകാലം മറവിയില്‍ കിടന്നു എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

സംഭവം വന്‍ വിവാദമായതോടെ നാണക്കേട് ഭയന്ന ബംഗാള്‍ സര്‍ക്കാര്‍, സംസ്ഥാനത്തെ എല്ലാ എയ്ഡഡ് കോളേജുകളിലും സര്‍വകലാശാലകളിലും 'യൂണിയന്‍ ഫീസ്' പിരിക്കുന്നത് അടിയന്തരമായി നിര്‍ത്തലാക്കിക്കൊണ്ട് പുതിയ ഉത്തരവിറക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali