Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോതമംഗലത്ത് പ്രളയസമാന സാഹചര്യം; പൂയംകുട്ടി പുഴ കരകവിഞ്ഞു; ആദിവാസി ഊരുകളും മലയോര ഗ്രാമങ്ങളും ഒറ്റപ്പെട്ടു; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

കോതമംഗലത്ത് പ്രളയസമാന സാഹചര്യം; പൂയംകുട്ടി പുഴ കരകവിഞ്ഞു; ആദിവാസി ഊരുകളും മലയോര ഗ്രാമങ്ങളും ഒറ്റപ്പെട്ടു; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലത്തിന്റെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം. പൂയംകുട്ടി പുഴ ശക്തമായി കരകവിഞ്ഞൊഴുകിയതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.

ബ്ലാവനയില്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജങ്കാര്‍ സര്‍വ്വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതോടെ താലൂക്കിലെ നിരവധി ആദിവാസി മേഖലകളും ഗ്രാമങ്ങളും പുറംലോകവുമായി ബന്ധപ്പെടാനാകാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര തുടങ്ങിയ ആദിവാസി ഉന്നതികളും മണികണ്ഠന്‍ചാല്‍, കല്ലേലിമേട് എന്നീ മലയോര ഗ്രാമങ്ങളുമാണ് ഗതാഗതം തടസ്സപ്പെട്ട് ഒറ്റപ്പെട്ടിരിക്കുന്നത്. ഉരുളന്‍തണ്ണിയിലും പുഴയിലെ വെള്ളം അതിവേഗം ഉയര്‍ന്നുവരികയാണ്. പലയിടങ്ങളിലും വീടുകളുടെ മുറ്റത്തുവരെ വെള്ളമെത്തിക്കഴിഞ്ഞു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ പല പ്രദേശങ്ങളിലും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ഉരുളന്‍തണ്ണി ഒന്നാംപാറയില്‍ പ്രധാന റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. പ്രദേശത്തെ അംഗന്‍വാടിയുടെ സംരക്ഷണ മതില്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ ഇടിഞ്ഞുവീണിട്ടുണ്ട്. മണികണ്ഠന്‍ചാലിലും റോഡില്‍ വെള്ളം കയറി യാത്ര ദുഷ്‌കരമായി. കുട്ടമ്പുഴ, അട്ടിക്കളത്ത് ജനവാസ കേന്ദ്രങ്ങളില്‍ പ്രളയഭീഷണി രൂക്ഷമാണ്. വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ അട്ടിക്കളത്തെ ഒട്ടേറെ വീടുകളിലും പറമ്പുകളിലും വെള്ളം കയറിത്തുടങ്ങി. പുലര്‍ച്ചെയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും പിന്നീട് വീണ്ടും പെയ്ത്തുശക്തമായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

പല്ലാരിമംഗലം കൊടമുണ്ട പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കോതമംഗലം താലൂക്കിലെ പ്രധാന ജലസംഭരണികളായ ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളില്‍ ജലവിതാനം അടിയന്തര ജാഗ്രതാ നിലയേക്കാള്‍ ഉയര്‍ന്നിരിക്കുകയാണ്. മലയോര മേഖലകളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali