Wednesday, 27 Jan, 6.40 pm മറുനാടന്‍ മലയാളി

ഹോം
കോവിഡ് വാക്‌സിനില്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ചിപ്പ്! ഫേസ്‌ബുക്കിലും യൂടൂബിലും വൈറലായ മുസ്ലിം പണ്ഡിതന്റെ പ്രഭാഷണം കരുവാക്കി വാക്‌സിന്‍ വിരുദ്ധര്‍; മുസ്ലിം പണ്ഡിതന്‍ ഇന്ത്യാക്കാരനെന്ന ബിജെപി വക്താവിന്റെ കുപ്രചാരണം പൊളിയുന്നു; വീഡിയോ പാക്കിസ്ഥാനിലെ മതപണ്ഡിതന്റേത്; ഗൂഢാലോചനാ സിദ്ധാന്തം തള്ളി ഡബ്യുഎച്ച്‌ഒയും

ഇസ്ലാമബാദ്: വാക്‌സിന്‍ വിരുദ്ധര്‍ ഒരിക്കലും അടങ്ങിയിരിക്കാറില്ല. കോവിഡ് വാക്‌സിന്‍ ലോകമെമ്ബാടും നല്‍കി കൊണ്ടിരിക്കുന്ന അവസരത്തില്‍ വിശേഷിച്ചു. ശതകോടീശ്വരനും സംരംഭകനുമായ ഇലോണ്‍ മസ്‌ക് പോലും ഇക്കാര്യത്തില്‍ അവിശ്വാസികളുടെ കൂടെയാണ്. താനും കുടുംബവും ഏതായാലും കോവിഡ് വാക്‌സിന്‍ ഷോട്ട് എടുക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചിരുന്നു. പലരും വാക്‌സിന്റെ കാര്യത്തില്‍ സംശയാലുക്കളാണ്. വാക്‌സിനില്‍ പൗരന്മാരുടെ വിവരം ശേഖരിക്കാനുള്ള മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് ഒരു ഗൂഢാലോചന സിദ്ധാന്തം. വാക്‌സിനില്‍ ഉള്ള ചില രാസവസ്തുക്കള്‍ വഴി ആര്‍ക്കൊക്കെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് നിരീക്ഷിക്കാം എന്നായിരുന്നു മറ്റൊരു സിദ്ധാന്തം. ഇതിനിടെയാണ് ആയിരക്കണക്കിന് തവണ ആളുകള്‍ കണ്ട ഒരു വീഡിയോ ചര്‍ച്ചാവിഷയമായത്. മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്ന മൈക്രോ ചിപ്പ് കോവിഡ് 19 വാക്‌സിനേഷന്‍ വഴി കുത്തിവെക്കുന്നുണ്ട് എന്ന് ഒരു മുസ്ലിം പണ്ഡിതന്‍ പ്രസംഗിക്കുന്ന വീഡിയോ ആയിരുന്നു അത്. ഇയാള്‍ ഇന്ത്യാക്കാരന്‍ ആണെന്നായിരുന്നു ബിജെപി വക്താവ് ട്വീറ്റ് ചെയ്തത്.

ആരോഗ്യവിദഗ്ദ്ധര്‍ പണ്ഡിതന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും, ഇന്ത്യാക്കാരന്റേതെന്ന നിലയില്‍ വീഡിയോ പ്രചരിക്കുകയായിരുന്നു. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഫേസ്‌ബുക്ക് 2020 ജനുവരി നാലിനാണ് പ്രസിദ്ധീകരിച്ചത്. ഹിന്ദിയിലുള്ള ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ഇന്ത്യയുടെ വ്യാജ വാക്‌സിന്‍ വിദഗ്ദ്ധന്റെ പ്രസംഗത്തിന്റെ ഇസ്ലാമിക് പതിപ്പ് എന്നായിരുന്നു അത്. വീഡിയോയുടെ താഴെയുള്ള ഉറുദ്ദുഭാഷയിലെ സ്റ്റിക്കര്‍ കൊറോണ വൈറസ് എന്നാണ്.

'യഹൂദന്മാര്‍ ഒരു വാക്‌സിന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അത് വഴി അവര്‍ക്ക് നിങ്ങളുടെ മനസിനെ നിയന്ത്രിക്കാന്‍ കഴിയും. അങ്ങനെ, നിങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ ചിന്തിക്കൂ' - ഉറുദ്ദു സംസാരിക്കുന്ന ആള്‍ പറയുന്നു. . 'വാക്‌സിനേഷന്‍ നിര്‍ബന്ധിതമായി എടുക്കുന്നതിലൂടെ അവര്‍ ഒരു മൈക്രോചിപ്പ് ശരീരത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്' - അദ്ദേഹം പറഞ്ഞു.

2021 ജനുവരി നാലിന് ഭാരതീയ ജനതാ പാര്‍ട്ടി വക്താവ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിലെ വാക്കുകള്‍ക്ക് സമാനമാണ് ട്വീറ്റിലെ വാക്കുകളും. അയാള്‍ ഇന്ത്യന്‍ പുരോഹിതനാണെന്ന ട്വീറ്റിലെ വാദവും തെറ്റാണ്. വീഡിയോയുടെ കീഫ്രെയിംസ് ഉപയോഗിച്ച്‌ ഗൂഗിളില്‍ നടത്തിയ റിവേഴ്‌സ് ഇമേജ് സര്‍ച്ചില്‍, 2020 ജൂണ്‍ രണ്ടിന് പാക്കിസ്ഥാനി വാര്‍ത്താ സൈറ്റായ സിയസാത്തില്‍ പ്രസിദ്ധീകരിച്ച വീഡിയോ ആണിതെന്ന് വ്യക്തമാകുന്നുണ്ട്. വീഡിയോ കുറിപ്പ് പ്രകാരം അത് പാക്കിസ്ഥാനി മത പണ്ഡിതനായ കൗക്കബ് നൂറാനിയാണ്. കറാച്ചിയിലെ ഒരുപള്ളിയില്‍, വിശ്വാസികളോട് സംസാരിക്കവേയായിരുന്നു കോവിഡ് വാക്‌സിന് എതിരെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം.

വീഡിയോയുടെ ദൈര്‍ഘ്യമേറിയ ഭാഗം യൂടൂബില്‍, 2020 മെയ് 29 ന് പ്രസിദ്ധീകരിച്ചു. മൂന്നുമിനിറ്റ് 14 സെക്കന്റുള്ള വീഡിയോയില്‍ കോവിഡ് വാക്‌സിനെ കുറിച്ച്‌ ഉറുദ്ദുവിലാണ് സംസാരം. എന്നാല്‍, ഇസ്ലാമബാദില്‍ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടറും വക്താവുമായ വസീം ഖ്വാജ പറയുന്നു...ആളുകള്‍ ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ അവഗണിക്കണമെന്ന്. ഇങ്ങനെ മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ചിപ്പ് ഉള്ളതായി നമ്മുടെ അറിവിലില്ല...സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ക്ക് മാത്രമേ ചെവിയോര്‍ക്കാവൂ എന്നും അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top