Wednesday, 20 Jan, 7.13 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
കോവിഡിനെ തോല്‍പ്പിച്ചിട്ടും വിധി വെറുതെ വിട്ടില്ല; ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍; കോവിഡ് ഭേദമായി ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസം; വിട പറഞ്ഞത് മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛന്‍

കണ്ണൂര്‍∙ ചലച്ചിത്ര നടന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ ഭാര്യാപിതാവാണ്. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്. 1996ല്‍ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി നിരവധി സിനിമകളില്‍ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്.

കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി. ന്യുമോണിയ ബാധിച്ച്‌ മൂന്നാഴ്ച മുമ്ബ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നുവെന്നും ഭവദാസന്‍ നമ്ബൂതിരി പറഞ്ഞു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രേത്യക ചിട്ടകള്‍ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കള്‍ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.

1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് ജനനം. പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി പാര്‍ട്ടി പ്രവര്‍ത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എ കെ ജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി. അയച്ച കത്തുകള്‍ നിധിപോലെ നമ്ബൂതിരി സൂക്ഷിച്ചിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നു. ഇ.കെ.നായനാര്‍, സി.എച്ച്‌.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്ബു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്ബ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ വാദ്ധ്യാരില്ലം.

ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിക്കുന്നത്. 1996 ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതിനേടി. തുടര്‍ന്ന് ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്‍... എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ മുത്തച്ഛന്‍ കഥാപാത്രങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.

ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തര്‍ജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ മകളുടെ ഭര്‍ത്താവാണ്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top